ബെംഗളൂരു: മുന്‍ കേന്ദ്രമന്ത്രിയും രാജ്യസഭാംഗവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഓസ്‌കര്‍ ഫെര്‍ണാണ്ടസ് അന്തരിച്ചു. 80 വയസായിരുന്നു. കഴിഞ്ഞ ജൂലൈയില്‍ വീട്ടില്‍ യോഗ ചെയ്യുന്നതിനിടെ വീണ് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. തിങ്കളാഴ്ച ഉച്ചയോടെയാണ് അന്ത്യം.

അത്താവറിലെ ഫ്ലാറ്റില്‍ വച്ച്‌ വ്യായാമം ചെയ്യുന്നതിനിടെയാണ് അദ്ദേഹം വീണത്. എന്നാല്‍ വീഴ്ചയ്ക്ക് ശേഷം ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും തന്നെ ഉണ്ടായില്ല. വൈകിട്ട് പതിവ് വൈദ്യപരിശോധനക്കായി ആശുപത്രിയില്‍ എത്തിയപ്പോഴാണ് തലയില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയത്.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വിശ്വസ്തനായിട്ടാണ് അദ്ദേഹം അറിയപ്പെട്ടിരുന്നുത്. രാജീവ് ഗാന്ധിയുടെ പാര്‍ലമെന്ററി സെക്രട്ടറിയായും ഓസ്‌കര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

2004 മുതല്‍ 2009 വരെ പ്രവാസികാര്യം, കായിക യുവജനക്ഷേമം, തൊഴില്‍ വകുപ്പുകളുടെ മന്ത്രിയായി. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി, കര്‍ണാടക പി.സി.സി. അധ്യക്ഷന്‍ എന്നീ പദവികളും വഹിച്ചിട്ടുണ്ട്.