വാഷിങ്ടന്‍: 2001 സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിന്റെ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ 16 പേജ് രഹസ്യ രേഖ എഫ്ബിഐ പുറത്തുവിട്ടു. 9/11 ആക്രമണത്തില്‍ സൗദിക്ക് പങ്കുള്ളതായി തെളിവില്ലെന്ന് എഫ്ബിഐയുടെ രഹസ്യ രേഖയില്‍ പറയുന്നു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും അതിജീവിച്ചവരും ആവശ്യപ്പെട്ടതിനെ തുടര്‍ന്നു പ്രസിഡന്റ് ജോ ബൈഡന്റെ പ്രത്യേക ഉത്തരവു പ്രകാരമാണിത്.

ആക്രമണത്തിനുപയോഗിച്ച നാലു വിമാനങ്ങളിലെ 19 പൈലറ്റുമാരില്‍ 15 പേരും സൗദിക്കാരായിരുന്നു. ഇവര്‍ക്ക് സൗദി സര്‍ക്കാരിന്റെ പിന്തുണ ലഭിച്ചുവെന്നാരോപിച്ച്‌ നല്‍കിയിട്ടുള്ള കോടിക്കണക്കിനു ഡോളറിന്റെ നഷ്ടപരിഹാരക്കേസില്‍ നിര്‍ണായകമാവും ഈ രേഖകള്‍.

ഭീകരര്‍ക്കു സൗദി സര്‍ക്കാരിന്റെ നേരിട്ടുള്ള പിന്തുണ ലഭിച്ചിട്ടില്ലെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. ഗൂഢാലോചനയിലും സൗദി സര്‍ക്കാരിനും പങ്കുള്ളതായി തെളിവില്ല. എന്നാല്‍, സൗദിയിലെ ചില ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചിട്ടുണ്ടാവാം എന്നും പറയുന്നു. അല്‍ ഖായിദയ്ക്ക് സൗദി നേരിട്ടു സഹായം നല്‍കിയതിനും തെളിവില്ല.