മോസ്‌കോ: റഷ്യയിലെ ഇര്‍കുല്‍സ്‌ക് മേഖലയില്‍ യാത്രാ വിമാനം തകര്‍ന്നുവീണ് നാല് പേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. അപകട സമയം രണ്ട് ജീവനക്കാരുള്‍പ്പടെ 14 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നുവെന്ന് ആര്‍ഐഎ നോവോസ്റ്റി വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. ചെറു റഷ്യന്‍ L-410 വിമാനമാണ് സൈബീരിയയുടെ തെക്കുകിഴക്കന്‍ ഭാഗത്തുള്ള ഒരു വനത്തില്‍ ഞായറാഴ്ച തകര്‍ന്നുവീണത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടകാരണം വ്യക്തമല്ല. രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.

ഇര്‍കുല്‍സ്‌ക് നഗരത്തില്‍നിന്ന് പറന്ന വിമാനം ലക്ഷ്യസ്ഥാനമായ കസച്ചിന്‍കോയ് ഗ്രാമത്തില്‍നിന്ന് 4 കിലോമീറ്റര്‍ (2.5 മൈല്‍) അകലെയാണ് തകര്‍ന്നുവീണതെന്ന് അന്വേഷണ സമിതി നിയമ നിര്‍വഹണ ഏജന്‍സി അറിയിച്ചു. എന്‍ജിന്‍ തകരാറുണ്ടായതായി അടിയന്തര ലാന്‍ഡിങ്ങിന് മുമ്ബ് ക്രൂ റിപോര്‍ട്ട് ചെയ്തതായി ഇന്റര്‍ഫാക്‌സ് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. വിമാനം തകര്‍ന്നയുടന്‍ 11 പേര്‍ വിമാനത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നിരുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. രാത്രിയില്‍ നദിക്കരയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.