ബിജെപി കോർ കമ്മറ്റി യോഗത്തിൽ വി മുരളീധരനെതിരെ വിമർശനവുമായി കൃഷ്ണദാസ് പക്ഷം. മുരളീധരൻ കേരള രാഷ്ട്രീയത്തിൽ അമിതമായി ഇടപെടുന്നു എന്ന് കൃഷ്ണദാസ് പക്ഷം ആരോപിച്ചു. യോഗത്തിൽ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് ചർച്ചയായി. കെ സുരേന്ദ്രൻ്റെ 35 സീറ്റ് പരാമർശം തിരിച്ചടിച്ചു. സുരേന്ദ്രൻ ഏകപക്ഷീയമായി നിലപാട് എടുക്കുന്നു എന്നും വിമർശനം ഉയർന്നു.

വി മുരളീധരൻ അമിതമായി, അനാവശ്യമായി കേരള രാഷ്ട്രീയത്തിൽ ഇടപെടുന്നു. ഇത് ഗുണത്തെക്കാളേറെ ദോഷം ചെയ്യും. സംഘടനാ സെക്രട്ടറിമാരും മേഖലാ സെക്രട്ടറിമാരും തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ പൂർണ പരാജയമാണ്. അടിമുടി മാറ്റം വേണം. പഞ്ചായത്ത് തലം മുതൽ യാതൊരു പ്രവർത്തനവുമില്ല. മുഴുവൻ സമയ പ്രവർത്തകരെ കണ്ടെത്തണം. അവരെ കൃത്യമായ രീതിയി സംഘടനാ പ്രവർത്തനത്തിൽ സജീവമാക്കണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.

ബാലശങ്കറിൻ്റെയും ശോഭാ സുരേന്ദ്രൻ്റെയും ഓ രാജഗോപാലിൻ്റെയും പ്രസ്താവനകൾ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി. ഇത് അഞ്ചംഗ സമിതിയുടെ റിപ്പോർട്ടിലും സൂചിപ്പിച്ചിരുന്നു. സുരേന്ദ്രൻ രണ്ട് മണ്ഡലത്തിൽ മത്സരിച്ചതും തിരിച്ചടിയായി. മഞ്ചേശ്വരത്ത് മാത്രം മത്സരിച്ചിരുന്നെങ്കിലും നേട്ടമുണ്ടാകുമായിരുന്നു എന്നും യോഗത്തിൽ അഭിപ്രായമുയർന്നു.