ഇന്ന് ഉച്ചയ്ക്ക് ചോറിന് പകരം മറ്റൊരു ഐറ്റം ആയാലോ? വളരെ രുചികരമായ കുറഞ്ഞ സമയത്തിനുള്ളില്‍ ഉണ്ടാക്കാവുന്ന ലെമണ്‍ റൈസ് തന്നെയാണ് ഇന്ന് ലഞ്ചിന്. സൂപ്പര്‍ സ്പെഷ്യല്‍ ലെമണ്‍ റൈസ് തയാറാക്കുന്നതെങ്ങനെയെന്ന് നോക്കാം

ആവശ്യമായ സാധനങ്ങള്‍

എണ്ണ – 2 ടേബിള്‍ സ്പൂണ്‍

കടുക്- 1/2 ടീസ്പൂണ്‍

ഉഴുന്നുപരിപ്പ്- 1/2 ടീസ്പൂണ്‍

കടലപ്പരിപ്പ് – 1 ടേബിള്‍സ്പൂണ്‍

നിലക്കടല-2 ടേബിള്‍സ്പൂണ്‍

പച്ചമുളക് -3 എണ്ണം

കറിവേപ്പില – 2 തണ്ട്

വറ്റല്‍മുളക് -2 എണ്ണം

കായപ്പൊടി- 1/2 ടീസ്പൂണ്‍

മഞ്ഞള്‍പൊടി – 1/2 ടീസ്പൂണ്‍

വേവിച്ച ചോറ്- 1 കപ്പ്

ചെറുനാരങ്ങ- 1 1/2 എണ്ണം

ഉപ്പ് – ആവശ്യത്തിന്

പാകംചെയ്യുന്ന വിധം

ആദ്യം തന്നെ ഒരു കപ്പ് അരി പാകത്തില്‍ വേവിച്ച്‌ മാറ്റിവയ്ക്കുക.അധികം വെന്ത് ഉടയാത്ത രീതിയില്‍ വേണം വേവിച്ചെടുക്കാന്‍ ഇതിന് ബസ്മതി റൈസ് സോനാ മസൂരി ഇതുരണ്ടും ഉപയോഗിക്കാവുന്നതാണ്.

ഒരു പാനില്‍ അല്‍പം എണ്ണ ചൂടാക്കി അതിലേക്ക് കടുക് ഉഴുന്നുപരിപ്പ് കടലപ്പരിപ്പ് എന്നിവ ഇട്ട് മൂപ്പിക്കുക .ഇതിലേക്ക് നിലക്കടല ചേര്‍ത്ത് രണ്ട് മിനിറ്റ് നന്നായി വഴറ്റുക. ഇതിലേക്ക് പച്ചമുളക് കറിവേപ്പില എന്നിവ ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക. ചുവന്ന മുളകും ചേര്‍ത്ത് ഇളക്കുക.

പിന്നീട് തീ ഓഫ് ചെയ്ത് അതിലേക്ക് കായ പൊടിയും മഞ്ഞള്‍പ്പൊടിയും ചേര്‍ത്തിളക്കുക. നേരത്തെ വേവിച്ച ചോറ് ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക.പിന്നീട് നാരങ്ങാനീരും ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് നന്നായി മിക്സ് ചെയ്തു യോജിപ്പിച്ചതിനുശേഷം സെര്‍വ് ചെയ്യാവുന്നതാണ്. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ലെമണ്‍ റൈസ്.