ന്യൂയോർക് ∙ റോക്ക്‌ലാൻഡ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ പരിശുദ്ധ കന്യാമറിയത്തിന്റെ പിറവി തിരുന്നാളിന്റെ കൊടിയേറി. ഇടവക വികാരി ഫാ.ബിബി തറയിൽ തിരുന്നാളിന്റെ പ്രധാന ആഘോഷങ്ങൾക്കു തുടക്കം കുറിച്ചു കൊടിയേറ്റി. തദവസരത്തിൽ ക്നാനായ ഫൊറന വികാരി ഫാ ജോസ് തറക്കൽ, ഹാർവെർസ്ട്രോ മേയർ മൈക്കിൾ കൊഹ്ട്, തിരുന്നാൾ പ്രസൂതേന്തിമാർ, ഇടവകാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് ആഘോഷമായ ഇംഗ്ലീഷ് കുർബാനയോടെ പ്രധാന തിരുന്നാളിന് തുടക്കമായി.

സെപ്റ്റംബർ 10, 11, 12 തിയതികളിൽ (വെള്ളി, ശനി, ഞായർ) പരിശുദ്ധ കന്യാമറിയത്തിന്റെ പിറവി തിരുന്നാൾ ഭക്തി സാന്ദ്രമായി ആഘോഷിക്കും. സെപ്റ്റംബർ 11 ശനിയാഴ്ച വെകിട്ട് 3.45ന് ലദിഞ്ഞു നാലിന് ഫാ. ലിജു തുണ്ടിയിൽ മലങ്കര റീത്തു കുർബാന അർപ്പിക്കും. തുടർന്ന് ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്തിന്റെ തിരുന്നാൾ സന്ദേശം. വൈകിട്ട് ആറിന് റവ. ഫാ. ജോസ് തറക്കൽ അവാർഡ് വിതരണം നിർവഹിക്കും. 6.30ന് ഗാർഡൻ സ്റ്റേറ്റ് സിംഫണിയുടെ ഗാനമേളയും അരങ്ങേറും.

സെപ്റ്റംബർ 12 ഞായറാഴ്ച വൈകിട്ട് മൂന്നിന് ഫാ. ജോസ് ആദോപ്പിള്ളിയുടെ കാർമികത്വത്തിൽ ലദിഞ്ഞും തിരുന്നാൾ റാസയും. തിരുന്നാൾ സന്ദേശം ഫാ ബിൻസ് ചേത്തലിൽ നൽകും. സെന്റ് മേരീസ് ബീറ്റ്‌സ് ചെണ്ടമേളത്തിന്റെ അകമ്പടിയോടെ വൈകിട്ട് ആറിന് തിരുന്നാൾ പ്രദക്ഷിണം. രാത്രി എട്ടിന് പരി കുർബാനയുടെ ആശിർവാദവും തുടർന്ന് സ്നേഹവിരുന്നും നടക്കും. ഏവരെയും തിരുന്നാൾ കർമങ്ങളിൽ പങ്കെടുക്കാൻ ക്ഷണിക്കുന്നുവെന്ന് സംഘാടകർ അറിയിച്ചു.