നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 20 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇന്ന് വൈകിട്ട് പുറത്തുവന്ന പരിശോധന ഫലത്തില്‍ രണ്ടെണ്ണം എന്‍.ഐ.വി. പൂനെയിലും 18 എണ്ണം കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പ്രത്യേക ലാബിലുമാണ് പരിശോധിച്ചത്. ഇതുവരെ ആകെ 108 സാംപിളുകളാണ് നെഗറ്റീവായത്. സര്‍വയലന്‍സിന്റെ ഭാഗമായി ഫീല്‍ഡില്‍ നിന്നും ശേഖരിച്ച സാമ്പിളുകള്‍ പരിശോധിച്ചതില്‍ 19 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായും മന്ത്രി വ്യക്തമാക്കി.

ആശങ്ക ഒഴിഞ്ഞെങ്കിലും ജില്ലയില്‍ നിയന്ത്രണം തുടരുമെന്ന് മന്ത്രി അറിയിച്ചു. ഉറവിടം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ എന്‍ഐവിയില്‍ നിന്നുള്ള സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. നേരിയ ലക്ഷണമുള്ളവരുടെ സാമ്പിളുകള്‍ പോലും പരിശോധിക്കാനായി പൂനെയിലേക്ക് അയക്കുന്നുണ്ട്. അതേസമയം ആദ്യദിനം കോഴിക്കോട് താലൂക്കില്‍ 48 മണിക്കൂര്‍ വാക്‌സിനേഷന്‍ നിര്‍ത്തിവെച്ചെങ്കിലും ഇത് വീണ്ടും ആരംഭിച്ചിട്ടുണ്ട്. രോഗ ബാധിത പ്രദേശങ്ങളില്‍ മൊബൈല്‍ ലാബുകള്‍ സജ്ജീകരിച്ച്‌ വാക്‌സിനേഷന്‍ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

നിപയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമാക്കി ആരോഗ്യ വരകുപ്പ്. കരിമലയില്‍ വെടിവെച്ചുകൊന്ന കാട്ടുപന്നിയെ പോസ്റ്റുമാര്‍ട്ടം ചെയ്ത് സാമ്പിളുകള്‍ ശേഖരിച്ചു. വനംവകുപ്പ് ദ്രുതകര്‍മ സേനയുടെ താരശ്ശേരിയിലെ ആസ്ഥാന ഓഫീസിനുമുന്നില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടിനാണ് ജഡപരിശോധന നടത്തിയത്.

കാട്ടുപന്നിയുടെ രക്തത്തിന്റെ സ്രവത്തിന്റെയും മിക്ക ആന്തരികാവയവങ്ങളുടെയും സാമ്പിളുകള്‍ വേര്‍തിരിച്ച്‌ ശേഖരിച്ചു. അവ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് വിദഗ്ധപരിശോധനയ്ക്ക് അയയക്കുന്നതിനായി മൃഗസംരക്ഷണവകുപ്പിന് കൈമാറി.

കൃഷിഭൂമിയില്‍ ഇറങ്ങുന്ന കാട്ടുപന്നികളെ ഉപാധികളോടെ വെടിവെച്ചുകൊല്ലാന്‍ അനുമതി നേടിയ കര്‍ഷകരിലൊരാളാണ് കാട്ടുപന്നിയെ വെച്ചുകൊന്നത്. നിപ ബാധിതമേഖലയില്‍ കാട്ടുപന്നികള്‍ കൊല്ലപ്പെട്ടാല്‍ സ്രവപരിശോധനയ്ക്കായി എത്തിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വനപാലകര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

ചീഫ് ഫോറസ്റ്റ് വെറ്റിനറി ഓഫീസര്‍ ഡോ. അരുണ്‍ സഖറിയ, അസി. ഫോറസ്റ്റ് വെറ്റിനറി ഓഫീസര്‍ ഡോ. അരുണ്‍ സത്യന്‍, മൃസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. കെകെ ബേബി എന്നിവരുടെ നേതൃത്വത്തില്‍ സര്‍ജന്മാരായ എപ്പിഡമോളജിസ്റ്റ് ഡോ. നിഷ എബ്രഹാം, ഡോ. അമൂല്യ എന്നിവരുള്‍പ്പെട്ട സംഘമാണ് സാമ്ബിളുകള്‍ ശേഖരിച്ചത്.