നർകോട്ടിക് ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പ് ജോസഫ് കല്ലറക്കാട്ടിന് പിന്തുണയുമായി കേരള കാത്തോലിക് ബിഷപ്പ്സ് കൗൺസിൽ. സമൂഹത്തിലെ ആശങ്ക പങ്കുവയ്ക്കുകയാണ് ബിഷപ്പ് ചെയ്തതെന്ന് കെ.സി.ബി.സി. കത്തോലിക്കാ സഭ ലക്ഷ്യമാക്കുന്നത് സാമൂദായിക ഐക്യവും സഹവർത്തിത്വവുമാണെന്ന് കെ.സി.ബി.സി അറിയിച്ചു. തീവ്രവാദ നീക്കങ്ങളെക്കുറിച്ചും ലഹരിമരുന്ന് മാഫിയയെക്കുറിച്ചും അന്വേഷിക്കണമെന്നും കെ.സി.ബി.സി ആവശ്യപ്പെട്ടു. കെ.സി.ബി.സി. വക്താവ് ഫാദർ ജേക്കബ് ജി പാലയ്ക്കാപ്പിള്ളിയാണ് വാർത്താക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

നർകോട്ടിക് ജിഹാദ് പരാമർശത്തിൽ നിലപാട് മയപ്പെടുത്തി കത്തോലിക്കാ സഭ. സമൂഹത്തിലെ അപകടകരമായ പ്രവണതകളെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയാണ് പാലാ ബിഷപ്പ് ചെയ്തത്. പരാമർശം ഏതെങ്കിലും ഒരു സമൂഹത്തിന് എതിരല്ലെന്നും മതങ്ങളുടെ പേരുപയോഗിച്ച് സാമൂഹിക വിരുദ്ധ പ്രവർത്തനം നടത്തുന്നത് ഗൗരവുമായി കാണണമെന്നും സഭ വ്യക്തമാക്കി.

അതേസമയം, നർക്കോട്ടിക്ക് ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പിന് പിന്തുണയുമായി വിശ്വാസികളുടെ റാലി നടന്നു. പി സി ജോർജ് ഉൾപ്പെടെയുള്ള നിരവധിയാളുകൾ റാലിയിൽ പങ്കെടുത്ത് സംസാരിച്ചു. നേരത്തെ രാഷ്ട്രീയ നേതാക്കളും മുസ്ലിം സംഘടനകളും ബിഷപ്പിന്റെ വിവാദ പരാമർശത്തിന് എതിരെ രംഗത്തെത്തിയിരുന്നു. മാത്രമല്ല നിരവധി പ്രതിഷേധ പ്രകടങ്ങളും മുസ്ലിം സംഘടനകളുടെ ഭാഗത്ത് നിന്നും ഉണ്ടായി. ഇതിനെതിരെയാണ് ബിഷപ്പിന് പിന്തുണ പ്രഖ്യാപിച്ച് നിരവധി ക്രിസ്ത്യൻ വിശ്വാസികൾ രംഗത്തെത്തിയത്. വിവിധ ക്രിസ്ത്യൻ സംഘടനകളും ഒപ്പം വിശ്വാസികളും ചേർന്നാണ് റാലി സംഘടിപ്പിച്ചത്. നർക്കോട്ടിക്ക് ജിഹാദ് എന്ന ബിഷപ്പിന്റെ പരാമർശതിന്മേൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണമെന്നാണ് ആവശ്യം.

എൻ ഐ എ അടക്കമുള്ള ഏജൻസികൾ ഈ വിഷയം അന്വേഷിക്കണം എന്നാണ് വിശ്വാസികളുടെ ആവശ്യം.അത്തരത്തിലുള്ള പ്ലക് കാർഡുകൾ ഉയർത്തിയാണ് അന്വേഷണാവശ്യവുമായി ബിഷപ്പ് ഹൗസിനു മുന്നിൽ റാലി സംഘടിപ്പിച്ചത്. പാലായിലെ വിവിധ രാഷ്രീയ പാർട്ടിയിലെ പ്രമുഖർ ഐക്യദാർഢ്യ റാലിയിൽ പങ്കെടുത്തു.