ടി-20 ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കൻ ടീമിൽ നിന്ന് തന്നെ പുറത്താക്കിയതിൽ പ്രതികരണവുമായി മുതിർന്ന സ്പിന്നർ ഇമ്രാൻ താഹിർ. തന്നെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തുമെന്ന് ക്രിക്കറ്റ് ബോർഡ് ചെയർമാൻ ഗ്രെയിം സ്മിത്ത് ഉറപ്പുപറഞ്ഞിരുന്നു എന്നും പിന്നീട് അതേപ്പറ്റി ഒന്നും പറഞ്ഞില്ലെന്നും താഹിർ പറഞ്ഞു. ടി-20 ലോകകപ്പ് ടീമിൽ നിന്ന് ഇമ്രാൻ താഹിറിനെ ഒഴിവാക്കിയതിനെ തുടർന്ന് കടുത്ത വിമർശനങ്ങളാണ് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡിനെതിരെ ഉയർന്നത്.

“ടീമിൽ ഉൾപ്പെട്ടില്ല എന്നത് എനിക്ക് നല്ല ഒരു കാര്യമല്ല. ഞാൻ ലോകകപ്പിൽ കളിക്കുമെന്ന് ഗ്രെയിം സ്മിത്ത് എന്നോട് പറഞ്ഞിരുന്നു. തീർച്ചയായും ലോകകപ്പിനു തയ്യാറാണെന്നും എന്നെ ബഹുമാനിക്കുന്നതിനു നന്ദിയെന്നും ഞാൻ പറഞ്ഞു. ഞാൻ കഠിനാധ്വാനം ചെയ്യുന്നുണ്ട്. ക്രിക്കറ്റ് ലീഗുകളിലെ എൻ്റെ പ്രകടനം നിങ്ങൾക്ക് കാണാം. അതുകൊണ്ടാണ് എന്നെ ആവശ്യമുള്ളതെന്ന് സ്മിത്ത് എന്നോട് പറഞ്ഞു. ഡിവില്ല്യേഴ്സും ഡുപ്ലെസിസും പോലുള്ള മറ്റ് ചില താരങ്ങളുമായും താൻ സംസാരിക്കുമെന്നും സ്മിത്ത് അറിയിച്ചു. എന്നെ പ്രോട്ടീസ് ഗ്രൂപ്പിൽ ആഡ് ചെയ്തിരുന്നു. പക്ഷേ, പിന്നീട് ആരും എന്നെ ബന്ധപ്പെട്ടില്ല. കുറച്ച് മാസങ്ങൾക്ക് ശേഷം ഞാൻ സ്മിത്തിനും ബൗച്ചറിനും മെസേജ് ചെയ്തു. പക്ഷേ, മറുപടി വന്നില്ല. ബൗച്ചർ പരിശീലകനായതിനു ശേഷം ഒരിക്കൽ പോലും എന്നെ ബന്ധപ്പെട്ടിട്ടില്ല. അത് ശരിക്കും സങ്കടകരമാണ്. ഞാൻ 10 വർഷം രാജ്യത്തിനായി കളിച്ചു. അല്പം കൂടി ബഹുമാനം ഞാൻ അർഹിക്കുന്നുണ്ട്. ഞാൻ ഒന്നിനും കൊള്ളാത്തവനാണെന്ന് ഇവർ കരുതുന്നു.”- താഹിർ പറഞ്ഞു.