മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യർ. ശക്തമായ കഥാപാത്രങ്ങൾ കൊണ്ടും അഭിനയമികവ് കൊണ്ടും പ്രേക്ഷകരെ ഇന്നും അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്ന താരത്തിന്റെ പിറന്നാളാണ് ഇന്ന്. സിനിമയിലെ സഹപ്രവർത്തകർ ഉൾപ്പടെ നിരവധി പേരാണ് താരത്തിന് ആശംസകൾ അറിയിച്ചത്.

മഞ്‍ജു വാര്യര്‍ക്ക് ജന്മദിനാശംസയുമായി ശോഭന, നവ്യാ നായർ, രേവതി, സുരാജ് വെഞ്ഞാറമൂട്, പ്രയാഗ മാർട്ടിൻ, നൈല ഉഷ, അപർണ ബാലമുരളി, അജുവർഗീസ്, റേബ മോണിക്ക ജോൺ, ടോവിനോ തോമസ് തുടങ്ങീ നിരവധി താരങ്ങളും പ്രേക്ഷകരും സഹപ്രവർത്തകരും ആശംസകൾ അറിയിച്ചു.

മലയാള സിനിമയിലെ ഏക ലേഡി സൂപ്പർ സ്റ്റാർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മഞ്ജു വാര്യർ 1995ൽ ‘സാക്ഷ്യം’ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. 40 ഓളം സിനിമകളിൽ ഇതുവരെ അഭിനയിച്ചു. 1996 ല്‍ പുറത്തിറങ്ങിയ ‘സല്ലാപം’ എന്ന ചിത്രത്തിലൂടെയാണ് മഞ്ജു മലയാളി പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്. ‘ഈ പുഴയും കടന്ന്’ എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും താരത്തെ തേടിയെത്തി. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയിലെ അഭിനയത്തിനു ദേശീയ ജൂറിയുടെ പ്രത്യേക പരാമര്‍ശവും മഞ്ജുവിന് ലഭിച്ചു. ഒരു ദേശീയ ചലച്ചിത്ര പുരസ്‌കാരം, ഒരു കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്, ഏഴ് ഫിലിംഫെയർ അവാർഡ് സൗത്ത് എന്നിവയുൾപ്പെടെ നിരവധി അവാർഡുകളും മഞ്ജു വാര്യർക്ക് ലഭിച്ചു.

വിവാഹ ശേഷം സിനിമയില്‍ നിന്ന് ഏറെനാൾ മഞ്ജു വാര്യർ ഇടവേളയെടുത്തു. 2014ല്‍ പുറത്തിറങ്ങിയ ‘ ഹൗ ഓൾഡ് ആർയു’ എന്ന ചിത്രത്തിലൂടെ താരം വീണ്ടും മലയാള സിനിമയിലേക്ക് മികച്ച തിരിച്ചുവരവ് നടത്തി. റാണി പത്മിനി, വേട്ട, ഉദാഹരണം സുജാത, വില്ലന്‍, ആമി, ഒടിയന്‍, ലൂസിഫര്‍, അസുരന്‍, പ്രതി പൂവന്‍കോഴി, ദി പ്രീസ്റ്റ്, ചതുർമുഖം തുടങ്ങിയ ചിത്രങ്ങളിൽ താരം പിന്നീട് അഭിനയിച്ചു. ഏറെനാളത്തെ കാത്തിരിപ്പിന് ശേഷം ആദ്യമായി മഞ്ജു, മമ്മൂട്ടിക്കൊപ്പം അഭിനയിച്ച ചിത്രമായിരുന്നു ദി പ്രീസ്റ്റ്.

മികച്ച അഭിനയപാടവം കൊണ്ട് ഇന്നും പ്രേക്ഷകരെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുന്ന താരത്തിന്റെ പിറന്നാൾ സഹപ്രവർത്തകരെയും സുഹൃത്തുക്കളെയും പോലെതന്നെ ആഘോഷമാക്കുകയാണ് മലയാളി പ്രേക്ഷകരും.