ജോളി എം. പടയാട്ടില്‍

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദേശീയതലത്തിലെ ഏറ്റവും വലിയ എതിരാളി ബി.ജെ.പി.യാണെന്നാണു പറയുന്നതെങ്കിലും യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ശത്രു ആ പാര്‍ട്ടിയിലെതന്നെ ഗ്രൂപ്പുകളും പാര്‍ട്ടി പ്രവര്‍ത്തകരുമാണ്. 2014-ലും 2019-ലും നടന്ന രണ്ടു ലോകസഭാ തെരഞ്ഞെടുപ്പുകളിലും ബി.ജെ.പി.യോടു അതിദയനീയമായി പരാജയപ്പെട്ട കോണ്‍ഗ്രസ്, ഇന്ന് അധികാരത്തിലിരിക്കുന്ന മൂന്നു സംസ്ഥാനങ്ങളിലും ഗ്രൂപ്പുകള്‍ തമ്മിലുള്ള അടിയില്‍ ആടിയുലഞ്ഞുകൊണ്ടിരിക്കുകയാണ്. രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെഹലോട്ടും, സച്ചിന്‍ പൈലറ്റും തമ്മിലാണ് അധികാരവടംവലി നടക്കുന്നതെങ്കില്‍ പഞ്ചാബില്‍ മുഖ്യമന്ത്രിയായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗും, നവജ്യോത്‌സിംഗ്‌സിദുവും തമ്മിലാണ് ഗ്രൂപ്പുപോര് നടക്കുന്നത്. ജോതിരാതിദ്യ സിന്ധ്യ, മിലിന്ന് ദേവറ, ജിതിന്‍ പ്രസാദ്, ജഗന്‍മോഹന്‍ റെഡി, ഖുഷുബു സുന്നര്‍, ജി.കെ.വാസന്‍, ജയന്തി നടരാജന്‍, റീത്ത ബഹുഗുണ ജോഷി, രഞ്ജിത് ദേശ്മുഖ്, ടോം വടക്കന്‍ തുടങ്ങിയവര്‍ കഴിഞ്ഞ കാലങ്ങളില്‍ പാര്‍ട്ടിയിലെ ഗ്രൂപ്പുപോരും, അനൈക്യവും കണ്ടു മടുത്തു മറ്റു പാര്‍ട്ടികളില്‍ ചേക്കേറിയവരാണ് സച്ചിന്‍ പൈലറ്റിനെപോലെയുള്ളവര്‍ ഇനി എന്നാണ് മറ്റ് മറ്റു പാര്‍ട്ടികളിലേക്ക് ചേക്കേറുന്നതെന്നറിഞ്ഞാല്‍ മതി. ഇക്കഴിഞ്ഞ അഞ്ചു നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ തമിഴ്‌നാട് ഒഴിച്ചു ബാക്കി നാലിടങ്ങളിലും കോണ്‍ഗ്രസിനു വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.

ബി.ജെ.പിയെ എങ്ങനെ നേരിടണമെന്നറിയാതെ പകച്ചുനില്‍ക്കുന്ന കോണ്‍ഗ്രസ് ആദ്യം ചെയ്യേണ്ടത് തങ്ങളുടെ പാര്‍ട്ടിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന ഗ്രൂപ്പുകള്‍ക്ക് തടയിടുകയാണ് വേണ്ടത്. എന്നാല്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനു അതിനു കഴിയുന്നില്ലായെന്നതാണ് യാഥാര്‍ത്ഥ്യം. പാര്‍ട്ടിയില്‍ രാഷ്ട്രീയ തന്ത്രങ്ങളറിയാവുന്ന കപില്‍ സിബല്‍, ഗുലാം നബി ആസാദ്, ശശി തരൂര്‍ തുടങ്ങിയവരെപ്പോലെയുള്ള നേതാക്കന്‍മാരെയാകട്ടെ ഹൈക്കമാന്റിന് ചുറ്റുമുള്ള സ്തുതിപാഠകവൃന്ദങ്ങള്‍ എതിര്‍ക്കുകയും ചെയ്യുന്നു. സങ്കീര്‍ണ്ണമായ പാര്‍ട്ടിപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രാപ്തിയില്ലാത്തവരും, സംസ്ഥാനങ്ങളിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ കാര്യമായ സ്വാധീനമില്ലാത്തവരുമാണ് ഈ സ്തുതിപാഠകവൃന്ദങ്ങളില്‍ പലരും. ഇവരാണ് കോണ്‍ഗ്രസിനെ തിരിച്ചുവരാനാകാത്തവിധം തകര്‍ച്ചയിലേക്കു തള്ളിയിട്ടുകൊണ്ടിരിക്കുന്നത്. ആത്മവീര്യം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം പകരുവാന്‍ കരുത്തുള്ള നേതാക്കന്‍മാരെയാണ് ഇന്ന് വേണ്ടത്, അല്ലാതെ സ്തുതിപാഠകരെയല്ല.
കേരളത്തിലെ സ്ഥിതിയും വ്യത്യസ്ഥമല്ല.

കേരളസംസ്ഥാനം നിലവില്‍ വന്ന അന്നു മുതല്‍ തുടങ്ങിയതാണ് കേരളത്തിലെ കോണ്‍ഗ്രസില്‍ ഗ്രൂപ്പുകളിയും, പരസ്പരം പാരവയ്പും. അത് ഇപ്പോഴും ഒരു മാറ്റവുമില്ലാതെ തുടരുന്നു. തിരുവിതാംകൂറും, കൊച്ചിയും സംയോജിപ്പിച്ചുകൊണ്ട് തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മയെ രാജപ്രമുഖന്‍ പദവി നല്‍കി തിരുകൊച്ചി സംസ്ഥാനത്തിന്റെ തലവനാക്കി. അന്ന് ഭരണകക്ഷിയായിരുന്ന കോണ്‍ഗ്രസിലെ അന്തഃചിദ്രം കാരണം പിന്നീട് മാറി മാറിവന്ന മന്ത്രിസഭകള്‍ക്കൊന്നും കാലാവധി പൂര്‍ത്തിയാക്കാനായില്ല. ഏഴു വര്‍ഷത്തിനിടയില്‍ അഞ്ചു മന്ത്രിസഭകള്‍ വന്നു. ഒന്നിനെയും കാലാവദി പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെ പുറത്തു ചാടിച്ചു. പറവൂര്‍ ടി.കെ. നാരായണപ്പിള്ള, ഏ.ജെ. ജോണ്‍സണ്‍, സി. കേശവന്‍, പട്ടം താണുപ്പിള്ള, പനമ്പിള്ളി ഗോവിന്ദമേനോന്‍ ഇവരെല്ലാം കോണ്‍ഗ്രസിലെ അന്തഃചിദ്രത്തിന്റെ ഇരകളാണ്. 1956 മാര്‍ച്ച് 23-ാം തീയതി പനമ്പിള്ളി ഗോവിന്ദമേനോന്റെ മന്ത്രിസഭ വീണതോടെ മറ്റൊരു മന്ത്രിസഭാ രൂപീകരണം അസാധ്യമാണെന്ന് കണ്ടു നിയമസഭ പിരിച്ചുവിട്ടു രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തുകയാണ് ചെയ്തത്. ഈ രാഷ്ട്രപതിഭരണമായിരുന്നു നവകേരളപിറവിയുടെ കാലത്തു നിലനിന്നിരുന്നതും. ചിത്തിരതിരുന്നാള്‍ രാജാവിന്റെ രാജപ്രമുഖന്‍ പദവി നിര്‍ത്തലാക്കി, ആ സ്ഥാനത്ത് സംസ്ഥാനതലവനായി ഗവര്‍ണര്‍ നിയമിതനായതിനെ തുടര്‍ന്ന് 1957 ഫെബ്രുവരി – മാര്‍ച്ച് മാസങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭൂരിപക്ഷം നേടി. 1957 ഏപ്രില്‍ 5ന് അധികാരത്തില്‍ വന്നു.

കേരളത്തിലെ കോണ്‍ഗ്രസിലെ ഗ്രൂപ്പ്‌പോര് സജീവമായത് 1978 മുതലാണെന്ന് പറയാം. 1977-ല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഇന്ദിരാഗാന്ധിയെ തള്ളിപറഞ്ഞപ്പോള്‍ ഇന്ദിര 1978-ല്‍ സ്വന്തം ഗ്രൂപ്പുകാരുടെ കണ്‍വെന്‍ഷന്‍ ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്തു. അന്നു കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ കരുണാകരന്‍ ഇന്ദിരയുടെ കൂടെ ചേര്‍ന്നു. തുടര്‍ന്നു കേരളത്തില്‍ കെ.എം. ചാണ്ടി പ്രസിഡന്റായുള്ള ഇന്ദിരാ കോണ്‍ഗ്രസ് അധികാരത്തില്‍ വരികയും, കരുണാകരന്‍ അവരുടെ നേതാവാകുകയും ചെയ്തു. മുപ്പത്തിയെട്ടു നിയമസഭാംഗങ്ങളില്‍ പതിനേഴുപേരും അന്നു ഇന്ദിരക്കൊപ്പമായിരുന്നു. കേരളചരിത്രത്തില്‍ ലീഡര്‍ കെ. കരുണാകരന്റെ ഉദയം ഇങ്ങനെയാണു തുടങ്ങിയതെന്നാണു പറയപ്പെടുന്നത്. അന്നു മാറിനിന്നിരുന്ന ആന്റണി ഗ്രൂപ്പു 1982ലാണു ഇന്ദിരാ കോണ്‍ഗ്രസില്‍ ലയിച്ചത്.
പ്രായോഗിക രാഷ്ട്രീയത്തിന്റെയും, രാഷ്ട്രീയ കുതന്ത്രങ്ങളുടെയും മര്‍മം തൊട്ടുകളിച്ച നേതാവാണ് കെ. കരുണാകരന്‍. അതിനെ ആദര്‍ശത്തിന്റെ പരിവേഷം ഉയര്‍ത്തിയ യുവാക്കളുടെ നിരയുണ്ടാക്കിയാണ് ആന്റണി വിഭാഗം പ്രതിരോധിച്ചത്. അന്നു മുതല്‍ ഈ രണ്ടു ഗ്രൂപ്പുകളും ചേര്‍ന്നുണ്ടാക്കുന്ന പ്രശ്‌നങ്ങളില്‍ പാര്‍ട്ടി തകരാതെ നോക്കിയതു കോണ്‍ഗ്രസ് ഹൈക്കമാന്റായിരുന്നു. പരിണതപ്രജ്ഞരായ നേതാക്കളെ അയച്ച് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കുമായിരുന്നു. എന്നാല്‍ ഇന്നു പണ്ടത്തെപ്പോലെ കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ഹൈക്കമാന്റിനു കഴിയുന്നില്ല. കരുണാകരനെതിരെ പട നയിക്കാന്‍ അന്നു ആന്റണിയെ സഹായിക്കാന്‍ ഉമ്മന്‍ചാണ്ടി, വയലാര്‍ രവി, വി.എം. സുധീരന്‍, ആര്യാടന്‍ മുഹമ്മദ്, പി.സി. ചാക്കോ തുടങ്ങിയവരുടെ ഒരുവന്‍നിര തന്നെയുണ്ടായിരുന്നു. പിന്നീട് ഇവരില്‍ പലരും സ്വന്തം ഗ്രൂപ്പുകളുണ്ടാക്കുകയോ, മറ്റു പാര്‍ട്ടികളില്‍ ചേക്കേറുകയോ ചെയ്തു. കരുണാകരനെതിരെ തന്ത്രങ്ങള്‍ മെനഞ്ഞത് ജനപക്ഷത്ത് നിന്ന് ആദര്‍ശോന്മുഖമായ സമരപാതകള്‍ തുറന്നുകൊണ്ടായിരുന്നു. എന്നാല്‍ ഇന്ന് ആദര്‍ശങ്ങളോടുള്ള ആദരവു കൊണ്ടല്ല കോണ്‍ഗ്രസില്‍ ഗ്രൂപ്പിസം ഉണ്ടാകുന്നത്. മറിച്ച് വ്യക്തിപരമായ സ്ഥാനമാനങ്ങള്‍ക്കു വേണ്ടിയുള്ള ആക്രാന്തം കൊണ്ടാണ്. അച്ചടക്ക ലംഘനം നടത്തുന്നവര്‍ക്കാകട്ടെ ഗ്രൂപ്പുകള്‍ പട്ടും വളയും കൊടുക്കുന്നു. വളരെ മെയ്‌വഴക്കത്തോടെ ചെയ്യേണ്ട ഒരു പ്രവൃത്തിയാണ് ഗ്രൂപ്പ് നേതൃപണി. വാക്കും, നോക്കും എല്ലം തന്ത്രപരമായി ഉപയോഗിക്കണം. ഗ്രൂപ്പുകള്‍ നേടിയ പദവികളുടെ എണ്ണം കുറയുകയും, ആഗ്രഹമുള്ളവരുടെ എണ്ണം കൂടുകയും ചെയ്യുമ്പോള്‍ ഗ്രൂപ്പ് കൊണ്ടു നടക്കുന്നത് ബുദ്ധിമുട്ടാകുന്നു. ഗ്രൂപ്പില്‍ വീതം വച്ചു കിട്ടിയ പദവികളേക്കാള്‍ ചിലപ്പോള്‍ കിട്ടാത്തവരാകും കൂടുതല്‍. അപ്പോള്‍ ചിലര്‍ പൊട്ടിത്തെറിക്കുകയോ, ഗ്രൂപ്പ് വിട്ടുപോവുകയോ ചെയ്യും. ഇങ്ങനെ പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടിയേക്കാള്‍ കൂറു ഗ്രൂപ്പുകളോടായി മാറുന്നു.

കോണ്‍ഗ്രസ് ഭരണത്തില്‍ വരുമ്പോഴൊക്കെ ഗ്രൂപ്പുകളുടെ നിറം മാറുന്നതുപെട്ടെന്നാണ്. അധികാരത്തില്‍ വന്നുകഴിഞ്ഞാല്‍ പിന്നെ തമ്മിലടി തുടങ്ങും. ഗ്രൂപ്പില്ലെന്നും, ഞങ്ങള്‍ ഒറ്റക്കെട്ടാണെന്നൊക്കെ തെരഞ്ഞെടുപ്പു വരുമ്പോള്‍ പറയുന്നതല്ലാതെ ഇവരില്‍ മാറ്റം ഉണ്ടാകാറില്ല. അധികാരത്തിലെത്തുമ്പോള്‍ അനുകൂല സാഹചര്യം മുതലെടുത്തു ജനനന്‍മയ്ക്കായി പദ്ധതികള്‍ തയ്യാറാക്കി നടപ്പാക്കേണ്ടതിനു പകരം സ്വന്തം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള രാഷ്ട്രീയ, ഗ്രൂപ്പുകളികളാണ് പിന്നെ നമുക്ക് കാണേണ്ടി വരിക.

അതിവേഗം ബഹുദൂരം എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ട് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനും നിരവധി നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞിരുന്നു. കൊച്ചി മെട്രോ, സ്മാര്‍ട് സിറ്റി, വിഴിഞ്ഞം പദ്ധതി, കണ്ണൂര്‍ വിമാനത്താവളം, വിദ്യാര്‍ത്ഥി സംരംഭകത്വ പരിപാടി, തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ, കൊല്ലം – കോട്ടപ്പുറം ദേശീയ ജലപാത ഇതെല്ലാം ചില ഉദാഹരണങ്ങള്‍ മാത്രം. കാരുണ്യപദ്ധതിയിലൂടെ രോഗികള്‍ക്കും കോടികണക്കിന് രൂപയുടെ സഹായം നല്‍കുവാനും കഴിഞ്ഞിരുന്നു. ഭരിക്കുന്ന സര്‍ക്കാരിന്റെ പോരായ്മകളും, തെറ്റുകളും ചൂണ്ടിക്കാണിച്ചു വിമര്‍ശിക്കുകയെന്നത് പ്രതിപക്ഷത്തിന്റെ കടമയാണ്. എന്നാല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളെ ഇകഴ്ത്തികാണിച്ചതും, സര്‍ക്കാരിനെ കൂടുതല്‍ വിമര്‍ശിച്ചതും, പ്രതിപക്ഷമായിരുന്നില്ല, സ്വന്തം പാര്‍ട്ടിക്കകത്തുനിന്നുള്ളവരായിരുന്നു. മുന്നണിയെ ഒരുമിച്ചു നിര്‍ത്തുന്നതിനേക്കാള്‍ ഉമ്മന്‍ചാണ്ടിക്കു ബുദ്ധിമുട്ടേണ്ടി വന്നത് പാര്‍ട്ടിയില്‍ നിന്നുള്ള ഗ്രൂപ്പുപോരിനെ നേരിടാനായിരുന്നു. ലോകത്തൊരിടത്തും നടപ്പിലാക്കാന്‍ കഴിയാത്ത സമ്പൂര്‍ണ്ണ മദ്യനിരോധനത്തിന്റെ പേരില്‍ കോലാഹലങ്ങള്‍ ഉണ്ടാക്കിയാണ് ഉമ്മന്‍ചാണ്ടിയെ പുറത്തുചാടിക്കാന്‍ ശ്രമിച്ചത്. സമ്പൂര്‍ണ്ണ മദ്യനിരോധനം കേരളത്തില്‍ നടപ്പിലാക്കാന്‍ കഴിയില്ലെന്ന് ആര്‍ക്കാണ് അറിയാത്തത്. ഉമ്മന്‍ചാണ്ടിയെ താഴെയിറക്കി പിണറായിയുടെ നേതൃത്വത്തില്‍ ഇടതുമുന്നണി അധികാരത്തില്‍ വന്നത്തോടെ ഇവരെല്ലാം മാളത്തിലൊളിക്കുകയും ചെയ്തു. സ്വന്തം പ്രതിച്ഛായ ഉയര്‍ത്താന്‍ ജനപ്രിയവിഷയങ്ങളെടുത്തുസ്വയം നല്ലവനാണെന്നു പറഞ്ഞതുകൊണ്ടു ഒരാള്‍ക്കും ഒരു പാര്‍ട്ടിയുടെയോ, സംസ്ഥാനത്തിന്റെയോ, രാഷ്ട്രത്തിന്റെയോ ഭരണതലപ്പത്തിരിക്കാന്‍ കഴിയില്ല. കോണ്‍ഗ്രസിലെ ഈ ഗ്രൂപ്പുകള്‍ ജനങ്ങള്‍, പ്രത്യേകിച്ചു യുവതലമുറ വെറുപ്പോടെയാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഗ്രൂപ്പുകള്‍ ചിന്തിക്കുന്നത് തങ്ങള്‍ക്ക് അനുകൂലമല്ലാത്ത നേതാക്കളെ എങ്ങനെയെങ്കിലും താഴെയിറക്കണമെന്നാണ്. അതുകൊണ്ടാണ് ഐ ക്കാരന്‍ നേതാവിനെ വലിച്ചിടാന്‍ എ ക്കാരനും, എ ക്കാരന്‍ നേതാവിനെ വലിച്ചിടാന്‍ ഐ ക്കാരനും ശ്രമിക്കുന്നത്. അങ്ങനെ കോണ്‍ഗ്രസുകാര്‍ തമ്മില്‍ തല്ലി ഭരണം നഷ്ടപ്പെട്ട് കഴിഞ്ഞാല്‍ പിന്നെ എല്ലാവരും അച്ചടക്കമുള്ളവരാകും. പിന്നെ ഐക്യം നടിച്ച് ജനങ്ങളെ കബളിപ്പിക്കാന്‍ ശ്രമിക്കും. 1962-ലെ ശങ്കര്‍ മന്ത്രിസഭ മുതല്‍ നോക്കിയാല്‍ ഇങ്ങനെയാണ് നമുക്ക് കാണുവാന്‍ കഴിയുക. രാജ്യം നേരിടുന്ന മഹാമാരി പോലെയുള്ള പ്രതിസന്ധി ഘട്ടങ്ങളില്‍ ശക്തമായ ഭരണ നേതൃത്വത്തെയാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ഇത്തരം ഘട്ടങ്ങളില്‍ ഗ്രൂപ്പ് വിഴുപ്പലക്കുകളൊന്നും ജനങ്ങള്‍ ചെവികൊള്ളില്ല.
ഇടതുമുന്നണിക്ക് 2021-ല്‍ ഭരണതുടര്‍ച്ച ലഭിച്ചതിന്റെ പ്രധാനഘടകം മുഖ്യമന്ത്രി പിണറായി വിജയന്റെ വ്യക്തിപ്രഭാവവും, സര്‍ക്കാര്‍ നടപ്പാക്കിയ ക്ഷേമപ്രവൃത്തികളുമാണ്. ഓഖി, പ്രളയം, മഹാമാരി കാലഘട്ടത്തില്‍ കേരളം ആടിയുലഞ്ഞപ്പോള്‍ കടമെടുത്താണെങ്കിലും കിറ്റും, മറ്റു ക്ഷേമപദ്ധതികളും വഴി പ്രായോഗികതയുടെ വഴിയിലൂടെ സര്‍ക്കാര്‍ സഞ്ചരിച്ചു. ത്രിതല പഞ്ചായത്തുകളിലൂടെ നടപ്പാക്കിയ അധികാര വികേന്ദ്രീകരണത്തിന്റെ വ്യാപനവും, കുടുംബശ്രീയുടെ പ്രവര്‍ത്തനവും അഭിനന്ദനാര്‍ഹമായ രീതിയില്‍ കൊണ്ടുപോയി. കേന്ദ്രസര്‍ക്കാര്‍ നല്‍കികൊണ്ടിരിക്കുന്ന പല ആനുകൂല്യങ്ങളും ഏകോപിപ്പിച്ചു ജനങ്ങളിലേക്കെത്തിക്കുവാന്‍ എല്‍.ഡി.എഫ്. സര്‍ക്കാരിന് കഴിഞ്ഞു.
കേന്ദ്രസര്‍ക്കാരില്‍ നിന്ന് മിഡ് ഡേ മീല്‍ സ്‌കീം പ്രകാരം സ്‌കൂള്‍ കുട്ടികള്‍ക്ക് സൗജന്യമായി നല്‍കിക്കൊണ്ടിരിക്കുന്ന ധാന്യങ്ങള്‍, അറുപതു വയസിനു മുകളിലുള്ളവര്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന ഇന്ദിരഗാന്ധി നാഷണല്‍ ഓള്‍ഡ് ഏജ് പെന്‍ഷന്‍ വഴി ലഭിക്കുന്ന ധനസഹായം ഇന്ദിരാഗാന്ധി നാഷണല്‍ വിഡോ പെന്‍ഷന്‍ വഴി ലഭിക്കുന്ന ധനസഹായം, അന്‍പതു വയസിനു മുകളിലുള്ളവര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള ഇന്ദിരാഗാന്ധി നാഷണല്‍ അണ്‍മാരീഡ് വിമന്‍ പെന്‍ഷന്‍ ധനസഹായം, ഇതെല്ലാം കൃത്യമായി ഏകോപിപ്പിച്ചു ജനങ്ങളിലെത്തിക്കുവാന്‍ ഇടതുസര്‍ക്കാരിനു കഴിഞ്ഞു. സിവില്‍ സപ്ലൈസ് മുഖേന റേഷന്‍ കടകളില്‍ കൊടുക്കുന്ന അരിയുടെയും, ധാന്യങ്ങളുടെയും ചിലവുകള്‍ കേന്ദ്രസര്‍ക്കാരാണ് വഹിക്കുന്നത്. അതുപോലെതന്നെ പ്രതിഷേധങ്ങളും സമരങ്ങളും, സംഘര്‍ഷങ്ങളും, പണിമുടക്കുകളും, അരങ്ങേറുന്ന പരമ്പരാഗത രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ നിന്നകന്നു സാന്ത്വന രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്കു ചുവടു മാറ്റിയത് എല്‍.ഡി.എഫ്. സര്‍ക്കാരിനെ വോട്ടര്‍മാര്‍ക്കിടയില്‍ കൂടുതല്‍ മതിപ്പുണ്ടാക്കി. അങ്ങനെ വോട്ടര്‍മാരുടെ മനസറിഞ്ഞു പ്രവര്‍ത്തിക്കാന്‍ ഇടതുസര്‍ക്കാരിനു കഴിഞ്ഞു.

ജനങ്ങളുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും മനസ്സിലാക്കി ക്ഷേമപെന്‍ഷനുകളും സൗജന്യകിറ്റുകളും നല്‍കി വീടുകള്‍തോറും കയറിയിറങ്ങിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ യഥാര്‍ത്ഥത്തില്‍ അതിലൂടെ വോട്ടര്‍മാരുടെ ഹൃദയത്തിലേക്കാണ് കടന്ന് ചെന്നത്. രോഗികള്‍ക്കും, ഭിന്നശേഷിക്കാര്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ വഴി വീടുകളില്‍ സേവനം എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ഇതിനായി സേവനതത്പരരായ സാമൂഹ്യ സന്നദ്ധ പ്രവര്‍ത്തകരെ വോളന്റീയര്‍മാരായി ഉള്‍പ്പെടുത്തിയതും ജനങ്ങളെ കൂടുതല്‍ സ്വാധീനിച്ചു. ഇവരില്‍ ഭൂരിഭാഗവും സ്വന്തം പാര്‍ട്ടിക്കാരായിരുന്നെന്നുള്ള ആക്ഷേപമുയര്‍ന്നെങ്കിലും ജനങ്ങള്‍ അതു കാര്യമായി എടുത്തില്ല. കേരളത്തില്‍ സി.പി.എം. ജനവികാരം കൃത്യമായി തിരിച്ചറിഞ്ഞു തന്നെയാണ് പ്രവര്‍ത്തിച്ചത്. പ്രതിസന്ധിഘട്ടങ്ങളില്‍ ശക്തമായ നേതൃത്വത്തെ ആഗ്രഹിക്കുന്ന ജനങ്ങള്‍ ആശയങ്ങളോടെതിര്‍പ്പുണ്ടെങ്കിലും പിണറായി വിജയനില്‍ ശക്തമായ ഒരു മുഖ്യമന്ത്രിയെ കണ്ടു. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രി ആരായിരിക്കുമെന്ന ആശങ്ക കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍തന്നെയുണ്ടായിരുന്നു.

കേരള ചരിത്രത്തിലെ അതിനിര്‍ണ്ണായകമായ കാലഘട്ടത്തിലൂടെയാണ് കോണ്‍ഗ്രസ് കടന്നുപോകുന്നത്. ഗ്രൂപ്പിസത്തിന്റെ അതിപ്രസരത്തില്‍ തളര്‍ന്നുപോയ കേരളത്തിലെ കോണ്‍ഗ്രസിനെ ഗ്രൂപ്പില്ലാതാക്കാനാണ് ഇപ്പോള്‍ ഗ്രൂപ്പില്ലാതെ പ്രവര്‍ത്തിക്കുന്ന സതീശനെ പ്രതിപക്ഷ നേതാവായും, ഗ്രൂപ്പില്ലാത്ത കെ. സുധാകരനെ കെ.പി.സി.സി. പ്രസിഡന്റായും നിര്‍ദ്ദേശിക്കുവാന്‍ രാഹുല്‍ഗാന്ധി തുനിഞ്ഞതെന്നാണ് പൊതുവെ നിരീക്ഷിക്കപ്പെടുന്നത്. മുന്‍പ് ഐ ഗ്രൂപ്പുകാരനായിരുന്ന സതീശന്‍ കുറച്ചു കാലങ്ങളായി ഒറ്റയാള്‍പോരാട്ടമാണ് നടത്തിക്കൊണ്ടിരുന്നത്. പാര്‍ട്ടിയുടെ അമരത്തുള്ള കെ. സുധാകരനാകട്ടെ ഗ്രൂപ്പുകളൊന്നുമില്ലാത്ത, സാധാരണ പ്രവര്‍ത്തകരുടെ വികാരം അറിയുന്ന നേതാവാണ്.

ദേശീയതലത്തില്‍ ഭരണം ഉണ്ടായിരുന്ന കാലത്തെപ്പോലെ കോണ്‍ഗ്രസിന് ഇനി മുന്നോട്ടു പോകാനാവില്ല. ജനങ്ങളുടെ മനസറിയുന്ന ജനങ്ങളോടു ചേര്‍ന്നു നില്‍ക്കുന്ന പ്രവര്‍ത്തകരെയും നേതാക്കളെയുമാണ് ഇന്നു കോണ്‍ഗ്രസിന് വേണ്ടത്. പാര്‍ട്ടി തലപ്പത്തു നിന്ന് ഇറക്കുമതി ചെയ്യുന്ന നേതാക്കളില്‍ പലരും ജനഹൃദയങ്ങളില്‍ സ്ഥാനമുള്ളവരാകണമെന്നില്ല. സംഘടനാ തെരഞ്ഞെടുപ്പുകളിലൂടെ നേതാക്കളെ തെരഞ്ഞെടുക്കുവാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞാല്‍ ദേശീയതലത്തിലും, പ്രാദേശികതലത്തിലും കോണ്‍ഗ്രസ് അതിവേഗം തിരിച്ചുവരുമെന്നുള്ളതില്‍ സംശയമില്ല. മറിച്ചായാല്‍ പാര്‍ട്ടി ശുഷ്‌കിച്ചുകൊണ്ടിരിക്കും. ജനഹിതം അറിയാതെ നോമിനേഷന്‍ ശൈശലിയില്‍ നേതാക്കള്‍ വന്നു കോണ്‍ഗ്രസിനെ രക്ഷിക്കുന്ന കാലഘട്ടമല്ല ഇന്നുള്ളത്. ജനപിന്തുണയുള്ള നേതാക്കളെ തിരിച്ചറിയാന്‍ കഴിയാത്തതാണ് കോണ്‍ഗ്രസിന്റെ ശാപം. അതുകൊണ്ടാണ് ഗ്രൂപ്പുകളും, ഗ്രൂപ്പുപോരുകളും വര്‍ദ്ധിച്ചു പാര്‍ട്ടി തളരുന്നത്.
തര്‍ക്കങ്ങള്‍ കോണ്‍ഗ്രസില്‍ പുത്തരിയല്ല, ഗാന്ധിജിയുടെ കാലത്തും തര്‍ക്കങ്ങളുണ്ടായിട്ടുണ്ട്. ഗാന്ധിജിയും സുഭാഷ് ചന്ദ്രബോസും തമ്മില്‍ നിരവധി തവണ തര്‍ക്കങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ അതൊന്നും ഗ്രൂപ്പുകളുടെ പേരിലായിരുന്നില്ല.

കാഴ്ചപ്പാടുകളുടെയും, ആശയങ്ങളുടെയും പേരിലുള്ള പോരാട്ടമായിരുന്നു. എന്നാല്‍ ഇന്ന് നടക്കുന്നതു ആശയങ്ങളുടെയോ, ആദര്‍ശങ്ങളുടെയോ പേരിലുള്ള തര്‍ക്കങ്ങളല്ല, അധികാരത്തിനും, സ്ഥാനമാനങ്ങള്‍ക്കും വേണ്ടിയുള്ള തര്‍ക്കങ്ങളാണ്. അതുകൊണ്ടാണ് കോണ്‍ഗ്രസ് ജനാധിപത്യപാര്‍ട്ടിയാണെന്നു പറയുമ്പോഴും പാര്‍ട്ടിപ്രവര്‍ത്തകരും അണികളും ഗ്രൂപ്പുകള്‍ക്കു പ്രാധാന്യം കൊടുക്കുന്നത്. കഴിഞ്ഞ നിയമസഭയില്‍ ഭരണകക്ഷിയായ ഇടതുമുന്നണിയെ പലപ്പോഴും മുള്‍മുനയില്‍ നിര്‍ത്തുവാനും സര്‍ക്കാര്‍ എടുത്ത പല തീരുമാനങ്ങളിലും മാറ്റം വരുത്തുവാനും, രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിനു കഴിഞ്ഞുവെങ്കിലും ഗ്രൂപ്പുപോരുകള്‍ നിമിത്തം അതൊന്നും താഴെ തട്ടിലെ പ്രവര്‍ത്തകര്‍ക്കിടയില്‍ എത്തിക്കാന്‍ കഴിഞ്ഞില്ല.
1991-ല്‍ കോണ്‍ഗ്രസ് നേതൃത്വത്തിനായി കെ. കരുണാകരനും, എ.കെ. ആന്റണിയും തമ്മിലുള്ള ഗ്രൂപ്പുപോര് കൊടുമ്പിരി കൊണ്ടിരിക്കുമ്പോള്‍ കണ്ണൂരില്‍ ഗ്രൂപ്പുകള്‍ക്കതീതമായി പാര്‍ട്ടിയുടെ നായകനായി ഉദയം കൊണ്ട വ്യക്തിയാണ് കെ. സുധാകരന്‍. 1991 മുതല്‍ 2001 വരെ കണ്ണൂര്‍ ഡി.സി.സി. പ്രസിഡന്റായിരുന്ന സുധാകരന് കണ്ണൂര്‍ ജില്ലയില്‍ കോണ്‍ഗ്രസിനു ആത്മവിശ്വാസം പകര്‍ന്നു സജീവമാക്കാന്‍ കഴിഞ്ഞിരുന്നു. ഗ്രൂപ്പുകളെ സമന്വയിപ്പിച്ചു ഗ്രൂപ്പുകള്‍ക്കതീതമായി കേരളത്തില്‍ കോണ്‍ഗ്രസിനെ പുനരുദ്ധരിക്കുവാന്‍ അദ്ദേഹത്തിനു കഴിയുമെന്ന് പ്രതീക്ഷിക്കാം.