കൊല്ലം: വിസ്മയയുടെ മരണം സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള ആത്മഹത്യ എന്ന് പൊലീസ് കുറ്റപത്രം. 507 പേജുള്ള കുറ്റപത്രമാണ് ശാസ്താംകോട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. പ്രതി കിരണ്‍ കുമാറിനെതിരെ സ്ത്രീ പീഡനം, ഗാര്‍ഹിക പീഡനം, ആത്മഹത്യ പ്രേരണ ഉള്‍പ്പടെ ഒന്‍പത് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 102 സാക്ഷി മൊഴികള്‍ കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

വിസ്മയയുടേത് ആത്മഹത്യയാണെന്ന് ബോധ്യപ്പെട്ടതായി കൊല്ലം റൂറല്‍ എസ് പി കെ. ബി. രവി വ്യക്തമാക്കി. പ്രതി കിരണ്‍ കുമാര്‍ അറസ്റ്റിലായി 80 ദിവസത്തിനകം സമര്‍പ്പിച്ച കുറ്റപത്രം കുറ്റമറ്റ രീതിയിലാണ് തയാറാക്കിയതെന്ന് വിശ്വസിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആത്മഹത്യാ വിരുദ്ധ ദിനത്തില്‍ തന്നെ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തന്നെ വിചാരണയ്ക്ക് വിധേയമാക്കണമെന്ന അപേക്ഷയും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. പ്രതിയുടെ ജാമ്യാപേക്ഷ മൂന്ന് തവണ കോടതി തള്ളിയിരുന്നു. കഴിഞ്ഞ ജൂണ്‍ 21 നാണ് നിലമേല്‍ സ്വദേശിനിയായ വിസ്മയയെ ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്