ജോളി എം. പടയാട്ടില്‍

വൈദികര്‍, പൂജാരിമാര്‍, മുല്ലമാര്‍, മുക്രിമാര്‍, സന്ന്യാസികള്‍, സന്ന്യാസിനിമാര്‍ എന്നിവരെല്ലാം ദേവാലയ ശുശ്രൂഷകരും, ദൈവശുശ്രൂഷകരുമാണ്. ദൈവശുശ്രൂഷയും സമൂഹസേവനവും ഒരുജീവിതശൈലിയാണ്, ഒരു വിളിയാണ്. വിളിച്ചവന്റെ പേരുകള്‍ വ്യത്യസ്തമാണെന്നേയുള്ളു. ദൈവമെന്നോ, ഈശ്വരനെന്നോ, അല്ലാഹുവെന്നോ നമ്മള്‍ വിളിക്കുന്നു. ലോകത്ത് വ്യത്യസ്തമായ ധാരാളം മതങ്ങളുണ്ടെങ്കിലും ആത്മീയതയുടെ സത്തയായ ധ്യാനവും, സാര്‍വലൗകീക സാഹോദര്യവും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത മതങ്ങള്‍ വെറും പുറംതോടുമാത്രമായിരിക്കും. ഈശ്വരേച്ഛയെഅവലംബമായി കണ്ടുകൊണ്ടുള്ള ആശയങ്ങള്‍ക്കും, പ്രസ്ഥാനങ്ങള്‍ക്കും മാത്രമേ ലോകത്തിനു വെളിച്ചം പകരുവാന്‍ കഴിയുകയുള്ളു.

ഭൗതീകമായ ജീവിതനിലവാരം മാത്രമല്ല, ആത്മീയനിലവാരംകൂടി ഉയര്‍ന്നാല്‍ മാത്രമെ മനുഷ്യനിലെ മനുഷ്യനു ഉയര്‍ച്ചയുണ്ടാവുകയുള്ളു. ആത്മീയതയില്ലാത്ത ഭൗതീകനേട്ടങ്ങള്‍ വ്യക്തിത്വത്തെ അസന്തുലിതമാക്കി മനുഷ്യനില്‍ സ്വാര്‍ത്ഥതയും, അസമാധാനവും, അസംതൃപ്തിയും നിറച്ചു അവനെ ക്രൂരനാക്കി മാറ്റിയെന്നും വരും. ഭൗതീകതയില്‍ മാത്രം ഭ്രമിച്ചു നില്‍ക്കുന്നവര്‍ക്കു ദൈവീകാംശങ്ങളെ ഉള്‍ക്കൊള്ളാനും കഴിയില്ല. സാത്വികരായ മനുഷ്യരില്‍ ആത്മീയ – ഭൗതീക തൃഷ്ണയുടെ അനുപാതം തുല്യമായിരിക്കും. ഭൗതീകതയെമാത്രം ഉള്‍ക്കൊണ്ടുകൊണ്ടാണു അവര്‍ ജീവിക്കുന്നതെങ്കില്‍ അത്തരക്കാര്‍ സുഖലോലുപതയുടെ പിന്നാലെ പായുന്നവരും. അധികാരമോഹമുള്ളവരും അപരന്റെ സമ്പത്തു കൈക്കലാക്കാന്‍ മോഹിക്കുന്നവരുമായിരിക്കും. ധാര്‍മ്മീകതയും, അധാര്‍മ്മീകതയും, നന്‍മയും, തിന്‍മയും ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിലല്ല, ദൈവകല്പനകളുടെ അടിസ്ഥാനത്തിലാണ് നിര്‍ണ്ണയിക്കപ്പെടേണ്ടത്. ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍ണ്ണയിക്കപ്പെടുമ്പോള്‍ അവിടെ ആത്മീയ അടിത്തറയുണ്ടാവില്ല. ആത്മീയ അടിത്തറയില്ലെങ്കില്‍ നീതിയും, ഐക്യവും, സേവനയും യഥാര്‍ത്ഥമാകില്ല.

വൈദേശികമതമാണെങ്കിലും, ജൈനമതവും, ബുദ്ധമതവും പോലെതന്നെ ക്രൈസ്തവസമൂഹത്തിനും ഇന്ത്യയില്‍ സ്വന്തമായ പാരമ്പര്യവും അസ്തിത്വവും പൗരാണികതയുമുണ്ട്. ക്രിസ്തുമതം ഇന്ത്യയില്‍ പ്രത്യക്ഷപ്പെട്ട കാലം മുതല്‍ ഒരു ദേശീയമതം പോലെതന്നെ മാനിക്കപ്പെടുകയും വികാസം പ്രാപിക്കുകയും ചെയ്തുവെന്നു ചരിത്രത്താളുകളിലൂടെ കാണാവുന്നതാണ്. ക്രിസ്തുമതം യൂറോപ്പില്‍ ഔദ്യോഗികമായി അംഗീകരിക്കപ്പെടുന്നതിനു മുന്‍പുതന്നെ കേരളത്തില്‍ പ്രചരിക്കുവാന്‍ തുടങ്ങിയിരുന്നു. ആദിമക്രൈസ്തവസമൂഹത്തിലെ മെത്രാന്റെ ആസ്ഥാനം അങ്കമാലിയിലായിരുന്നു. ആദിമക്രൈസ്തവര്‍ എന്നു പറയപ്പെടുന്ന യഹൂദന്‍മാരുടെ ഒരുകുടിയേറ്റ സങ്കേതമായിരുന്നു അങ്കമാലി. ഏ.ഡി. 68-ല്‍ ജറുസലേം ദേവാലയം റോമാക്കാര്‍ നശിപ്പിച്ചുകളഞ്ഞപ്പോള്‍ യഹൂദന്‍മാര്‍ കൂട്ടമായി കേരളത്തിലേക്കു വന്നുവെന്നാണ് പറയപ്പെടുന്നത്. അങ്കമാലി മെത്രാപ്പോലീത്തയായിരുന്ന മാര്‍ അബ്രാഹത്തിന്റെ ഭരണകാലം കേരള ക്രൈസ്തവ സഭയുടെ സുവര്‍ണ്ണകാലഘട്ടമായിട്ടാണ് കണക്കാക്കുന്നത്. 1577-ല്‍ ഗ്രിഗറി 13-ാം മാര്‍പ്പാപ്പ, മാര്‍ അബ്രാഹത്തിന്റെ ആസ്ഥാനമായിരുന്ന അങ്കമാലി അരമനപള്ളിയില്‍ ഒരു മഹാജൂബിലി വിളംബരംചെയ്യുകയും, ജൂബിലിയോടനുബന്ധിച്ച് അനേകം ദണ്ഡവിമോചനങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നുവെന്നു പറയുന്നു. കന്യാമാതാവിന്റെ ജപമാലതിരുന്നാളിനോടനുബന്ധിച്ചായിരുന്നു ഈ മഹാജൂബിലി. മാര്‍പ്പാപ്പ വെഞ്ചരിച്ച അന്‍പതിനായിരം കൊന്തകളും അന്നു വിതരണം ചെയ്തതായി പറയുന്നുണ്ട്. ഇന്ത്യയില്‍ ആദ്യമായി നടന്ന കത്തോലിക്കജൂബിലി ഇതാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. 16-ാം നുറ്റാണ്ടിന്റെ അവസാനം വരെ ഭാരതത്തിലെ പൗരസ്ത്യസുറിയാനസഭ സെലൂക്കിയ അഥവാ ബാബേല്‍ പാത്രിയര്‍ക്കീസിനു ബന്ധപ്പെട്ടിരുന്നതായി കാണുന്നു. അന്ത്യോക്കിയ, പേര്‍ഷ്യ എന്നീ രണ്ടു അധികാരങ്ങളെയും സെലൂക്കിയ ബന്ധം സ്പര്‍ശിച്ചിരുന്നതായും പറയുന്നുണ്ട്. 16-ാം നൂറ്റാണ്ടു മുതല്‍ കേരള കത്തോലിക്കാസഭയില്‍ അനൈക്യം തുടങ്ങിയെന്നാണ് ഒരു വിഭാഗം ആളുകള്‍ വിശ്വസിക്കുന്നത്. 16-ാം നൂറ്റാണ്ടില്‍ നടന്ന കൂനന്‍കുരിശു സത്യമാണ് ഇതിന് തുടക്കമിട്ടതെന്നാണ് അവര്‍ പറയുന്നത്. 1653 ജനുവരി 3-ാം തീയതി മട്ടാഞ്ചേരിയില്‍വെച്ചു നടന്ന കൂനന്‍കുരിശുസത്യം സിറിയന്‍ കത്തോലിക്കരുടെ ആരാധനാസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. സിറിയന്‍ കത്തോലിക്കരും, ലത്തീന്‍ കത്തോലിക്കരും രണ്ടു വ്യത്യസ്ത ആരാധന സമ്പ്രദായങ്ങള്‍ പിന്തുടര്‍ന്നിരുന്ന കാലമായിരുന്നു അത്. സൈനീകപരമായും, സാമ്പത്തികപരമായും മുന്‍പന്തിയിലായിരുന്ന ലത്തീന്‍ കത്തോലിക്കര്‍, സിറിയന്‍ കത്തോലിക്കരുടെ ആരാധനാക്രമങ്ങളില്‍ ഇടപെടാന്‍ തുടങ്ങിയപ്പോഴാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയതെന്നാണ് പറയുന്നത്. അക്കാലത്ത് കേരളത്തിലെ സഭാഭരണം നടത്തിയിരുന്നതു ബാബിലോണിയയില്‍ നിന്നും നിയോഗിക്കപ്പെടുന്ന മെത്രാന്‍മാരായിരുന്നു. തങ്ങളുടെ ആരാധനാക്രമങ്ങളില്‍ ലത്തീന്‍ കത്തോലിക്കര്‍ ഇടപെടാന്‍ തുടങ്ങിയപ്പോള്‍ അതില്‍ രോഷം പൂണ്ട സിറിയന്‍ കത്തോലിക്കര്‍ തങ്ങള്‍ക്ക് മാത്രമായി ഒരു ബിഷപ്പിനെ അയക്കണമെന്ന് ബാബിലോണിലുള്ള പാത്രിയാര്‍ക്കീസിനോടു ആവശ്യപ്പെട്ടു. അതനുസരിച്ച് ബാബിലോണ്‍ പാ്രതിയാര്‍ക്കീസ് അഹറ്റെല എന്നു പേരായ ഒരു ബിഷപ്പിനെ കേരളത്തിലേക്ക് സിറിയന്‍ കത്തോലിക്കര്‍ക്കായി നിയോഗിക്കുകയും ചെയ്തു. അഹറ്റെല എന്ന പേരിന്റെ അര്‍ത്ഥം തന്നെ ദൈവത്തിനുവേണ്ടി നിയോഗിക്കപ്പെട്ടവന്‍ എന്നാണ്. അദ്ദേഹത്തിന്റെ ആഗമനവാര്‍ത്ത സിറിയന്‍ കത്തോലിക്കരെ കൂടുതല്‍ ആവേശഭരിതരാക്കി. അക്കാലത്ത് ലത്തീന്‍ കത്തോലിക്കര്‍ക്ക് നേതൃത്വം കൊടുത്തിരുന്നത് പോര്‍ച്ചുഗീസുകാരനായ ഫ്രാന്‍സിസ് ഗാര്‍സിയ ബിഷപ്പായിരുന്നു. ഇതിനടയില്‍ മൈലാപ്പൂരില്‍ നിന്നു ഗോവയിലേക്കുപോയ ബിഷപ്പ് അഹറ്റെല്ലയെ പോര്‍ച്ചുഗീസ് സൈനീകര്‍ പിടികൂടി കടലില്‍ മുക്കി കൊന്നുവെന്ന വാര്‍ത്ത വന്നു. അതുകേട്ട ഉടനെതന്നെ പ്രതിഷേധവുമായി ആയിരക്കണക്കിനു സിറിയന്‍ കത്തോലിക്കര്‍ മട്ടാഞ്ചേരിയിലുള്ള ഒരു കുരിശിനുമുന്നില്‍ തടിച്ചുകൂടി. ഇനി ഒരിക്കലും തങ്ങള്‍ ലത്തീന്‍ കത്തോലിക്കരെയോ അവരുടെ ബിഷപ്പായ ഗാര്‍സിയയെയോ അംഗീകരിക്കില്ലെന്നു അന്ന് അവര്‍ പ്രതിജ്ഞയെടുത്തു. കുരിശില്‍ തൊട്ടാണ് എല്ലാവരും പ്രതിജ്ഞ ചെയ്തത്. അതിനുവേണ്ടി കുരിശില്‍ ഒരു വലിയ വടംകെട്ടി എല്ലാവരും ആ വടത്തില്‍ പിടിച്ചാണ് സത്യം ചെയ്ത്. എല്ലാവരുംകൂടി വടത്തില്‍ പിടിച്ചപ്പോള്‍ കുരിസ് അല്‍പ്പം മുന്നോട്ടു കുനിഞ്ഞു. അതുകൊണ്ടാണ് അതിന് കൂനന്‍കുരിശ് സത്യം എന്ന പേര് വന്നത്. അങ്കമാലി ആസ്ഥാനമായ ക്രൈസ്തവരുടെ സുപ്രധാന വഴിത്തിരിവായിരുന്നു കൂനന്‍കുരിശ് സത്യം. ഇതിനെ ഉദയംപേരൂര്‍ സുനഹദോസിനുള്ള തിരിച്ചടിയായി ചിത്രീകരിക്കുന്നവരും അതല്ല 1599 മുതല്‍ വിഘടിച്ച്, അസ്വസ്ഥരായി നിന്ന ഒരു ജനതയുടെ പകരംവീട്ടലാണ് ഈ പ്രതിജ്ഞയെന്ന് പറയുന്നവരുമുണ്ട്. അഹത്തുള്ള ബിഷപ്പിനെ റോമില്‍നിന്ന് മാര്‍പാപ്പ നിയോഗിച്ചതല്ലെന്നുള്ള ആരോപണം പില്‍ക്കാലത്തുയര്‍ന്നുവന്നിരുന്നു. ആരോപണം ഉന്നയിച്ചവര്‍ ചൂണ്ടിക്കാണിച്ചത് 7-ാം അലക്‌സാണ്ടര്‍ മാര്‍പാപ്പ 1660 ജനുവരി 20-ന് അയച്ച ”ഗ്രാത്തം നോബിസ്” എന്ന സന്ദേശമായിരുന്നു. പുരാതന അന്തോക്യന്‍ പാത്രിയാര്‍ക്കീസുമാര്‍ ഇന്ത്യയില്‍ തങ്ങള്‍ക്ക് അധികാരമുണ്ടെന്ന് പറഞ്ഞിരുന്നുവെങ്കിലും ഇവര്‍ക്ക് 1665 വരെ അധികാരമുണ്ടായിരുന്നില്ലെന്നാണ് പൗളിനോസ് പാതിരിയുടെ ”പൗരസ്ത്യ ഭാരതത്തിലെ ക്രൈസ്തവമതം” എന്ന കൃതിയില്‍ വ്യക്തമാക്കുന്നത്.

കത്തോലിക്കസഭയില്‍ എല്ലാകാലത്തും അസ്വസ്തതകളുണ്ടായിരുന്നതായി പണ്ഡിതന്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. ആദിമശിഷ്യരില്‍ ഒരാളായ എസ്തപ്പാനോസിന്റെ (AD-36) കൊലയാളികളില്‍ ഒരുവനായ സാവൂളും, സൈപ്രസ്‌കാരനായ ബെര്‍ണാബസുംകൂടി അന്തോക്യയില്‍വച്ച് (നടപടി 11:26) ക്രിസ്ത്യാനികളെന്നപേരില്‍ ഒരു പാരലല്‍ഗ്രൂപ്പ് തുടങ്ങിയെന്നും പറയപ്പെടുന്നു. പില്‍ക്കാലത്ത് ബര്‍ണാബസും സാവൂളും തമ്മില്‍ തെറ്റിപ്പിരിഞ്ഞതുകൊണ്ടാണ് സീലാസിനെകൂട്ടി സാവൂള്‍ സുവിശേഷം പ്രസംഗിച്ചത്. പത്രോസുംസാവൂളുമായി രമ്യതയിലായതിനുശേഷം ഇവര്‍ രണ്ടുപേരും കൂടി റോമില്‍ ചെന്നപ്പോഴാണ് നീറോ ചക്രവര്‍ത്തിയുടെ ആജ്ഞ അനുസരിച്ച് വധിക്കപ്പെട്ടത്. മെഡിറ്ററേനിയനു ചുറ്റുമുള്ള രാജ്യങ്ങളില്‍ സുവിശേഷം പ്രസംഗിച്ചും പുറംജാതികളെ ചേര്‍ത്തുമാണ് ഇവര്‍ സഭ വലുതാക്കിയതെന്നു ചൂണ്ടിക്കാണിക്കുന്നു. (AD-64) ആദിമ ക്രിസ്ത്യാനികള്‍ നസ്രാണികള്‍ എന്നാണറിയപ്പെട്ടിരുന്നത്. കേരളത്തില്‍ തോമാസ്ലീഹ ആ പേരുതന്നെയാണ് പ്രചരിപ്പിച്ചിരുന്നതും. യേശുവിന്റെ നസ്രായനികള്‍ (നസ്രാണികള്‍)എന്നാണ് അറിയപ്‌#െട്ടിരുന്നത്.
1095 മുതല്‍ 1291 വരെ നീണ്ടുനിന്ന് കുരിശുയുദ്ധത്തില്‍ തൊണ്ണൂറു ലക്ഷത്തിലധികം പേര്‍ വിശ്വാസത്തിന്റെ പേരില്‍ കൊല ചെയ്യപ്പെട്ടുവന്നൊണ് കണക്കുകള്‍ സൂചിപ്പക്കുനന്നത്. അതില്‍ ഇരുപത്തഞ്ചു ലക്ഷത്തോളം സ്ത്രീകള്‍ കൂട്ടബലാത്സംഗങ്ങളിലൂടെയാണ് കൊലചെയ്യപ്പെട്ടത്. ഇങ്ങനെ ഇന്‍ക്വീസിഷന്‍, ജിഹാദ് തുടങ്ങിസ്വന്തം വിശ്വാസസംരക്ഷണത്തിനുവേണ്ടി ലക്ഷോപലക്ഷം ജനങ്ങള്‍ യുദ്ധങ്ങളിലൂടെയും മറ്റും കൊല്ലപ്പെട്ടു. ഈ കൊലകളൊക്കെ നടന്നത് മനുഷ്യന്റെ സ്വാര്‍ത്ഥലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനുവേണ്ടിയല്ലാതെ ദൈവത്തെ പ്രീതിപ്പെടുത്തുവാനല്ലല്ലോ. സഭയ്ക്കുള്ളിലെ ചില സംഘര്‍ഷങ്ങള്‍ കാണുമ്പോള്‍ ആ ഇരുണ്ട കാലഘട്ടത്തിലേക്കുള്ള തിരിച്ചുപോക്കാണോയെന്നു തോന്നിപോകും. വിശ്വാസികളെ പള്ളിസെമിത്തേരിയില്‍ സംസ്‌ക്കരിക്കുന്നതിനുപോലും തടസ്സങ്ങളുണ്ടാക്കുന്നു. മനുഷ്യജീവിതത്തിന്റെ തായ്‌വേരാണ് വിശ്വാസം. ആ വിശ്വാസം ചിന്തയേയും, ചിന്ത പ്രവര്‍ത്തിയേയും, പ്രവര്‍ത്തി ജീവിതത്തെയുമാണ് നയിക്കുന്നത്. കഴിഞ്ഞ കാലങ്ങളിലുണ്ടായ അനീതികളില്‍ സഭ ഇന്ന് പശ്ചാത്തപിക്കുകയും, ലോകത്തോട് മാപ്പു ചോദിക്കുകയും ചെയ്യുമ്പോള്‍ നാം അതുകാണാതെ പോകുന്നത് ശരിയല്ല. കാലവിവേകമില്ലെങ്കില്‍ സഭയും പ്രസ്ഥാനങ്ങളും അടിതെറ്റി വീഴും.

സഭയില്‍ പ്രാദേശികതലത്തില്‍ പരിഹരിക്കാന്‍ പറ്റാത്ത പ്രശ്‌നങ്ങളുണ്ടാകുമ്പോഴൊക്കെ റോമിന്റെ ഉപദേശം തേടുകയെന്നത് 17-ാം നൂറ്റാണ്ടില്‍ തുടങ്ങിയ ഒരു കീഴ്‌വഴക്കമാണെന്ന് പറയപ്പെടുന്നു. എന്നാല്‍ ഇന്ന് പരാതികളുണ്ടായാല്‍ ഉടനെതന്നെ പരാതികളുമായി റോമിലേക്ക് പോകുക മാത്രമല്ല, കോടതികളെയും സമീപിക്കുന്നു. 1776 ഫെബ്രുവരിയില്‍ ആലങ്ങാട്ടുവച്ചു നടന്ന വൈദീക – അല്‍മായ പ്രതിനിധികളുടെ യോഗത്തില്‍ കേരളസുറിയാനി സഭയിലുണ്ടായിരുന്ന തര്‍ക്കങ്ങള്‍ മാര്‍പ്പാപ്പയെ ധരിപ്പിച്ചു പരിഹാരം തേടുവാനായി ജോസഫ് കരിയാറ്റി, തോമാ പാറാമേക്കല്‍ എന്നീ രണ്ടു വൈദീകരെ റോമിലേക്കയക്കുകയും അവര്‍ അന്നു മാര്‍പ്പാപ്പയെക്കണ്ട് കേരളത്തിലെ സ്ഥിതിഗതികള്‍ ധരിപ്പിച്ചു പരിഹാരം കണ്ടെത്തുകയും ചെയ്തുവെന്നാണ് പറയുന്നത്.
ധ്യാനത്തിലൂടെയും, ഉപവാസത്തിലൂടെയും, പ്രാര്‍ത്ഥനയിലൂടെയും, ആത്മത്യാഗത്തിലൂടെയും ദൈവീകതയുടെ ഉത്തുംഗതയിലെത്തിയെ മനുഷ്യപുത്രനാണ് യേശു. ക്രൈസ്തവ ആധ്യാത്മികജീവിതം പൂര്‍ണ്ണമാകുന്നത് യേശുവിലൂടെ വെളിപ്പെട്ട ദൈവസ്‌നേഹത്തിന്,യേശുവിലൂടെ ദൈവത്തോട് പ്രതിസ്‌നേഹം പ്രകടിപ്പിക്കുമ്പോഴാണ്. കേവലമായ അന്വേഷണതൃഷ്ണയോ, മാനുഷികമായ യുക്തിവിചാരങ്ങളോ, പണ്ഡിതഗര്‍വ്വോ ഇവിടെ ആത്മീയ വഴിത്താരയില്‍ സഹായിക്കില്ല. തമോഗര്‍ത്തങ്ങള്‍ നിറഞ്ഞ അതിദുര്‍ഘടമായ പാതയിലൂടെയാണിത് കടന്നുപോകുന്നത്.
കാരുണ്യത്തിന്റെയും, സ്‌നേഹത്തിന്റെയും അനന്തസാഗരമായ ക്രിസ്തുവിനെ കൈവിട്ടു പ്രലോഭനങ്ങളുടെ ചതുപ്പുകളില്‍വീണ് അതിജീവിക്കുവാനാകാതെ സഭയുടെ അകത്തളങ്ങളില്‍ ജീര്‍ണിച്ചുകഴിയുന്നവരെ കാണാന്‍ കഴിഞ്ഞെന്നുവരും. വളരെകുറച്ചുപേരെ മാത്രമെ ഇത്തരത്തില്‍ കാണുവാന്‍ കഴിയുള്ളുവെങ്കിലും സഭയെ മൊത്തം അപഹാസ്യരാക്കുവാന്‍ ഇവര്‍ക്കു കഴിയുന്നു. കത്തോലിക്കസഭ ഇന്ന് അഭിമുഖീകരിക്കുന്ന വെല്ലുവിളിയാണിത്. യേശുവിനെ അനുകരിക്കുന്നു എന്നു പറയുകയും എന്നാല്‍ യേശുവിന്റെ ആത്മീയജീവിതത്തിന്റെ ആഴം ഉള്‍ക്കൊണ്ടു സ്വന്തം സ്വത്വം യേശുവില്‍ അടിയറ വെക്കുവാന്‍ മടിക്കുകയും ചെയ്യുന്നവരാണിവര്‍. സത്യത്തെ അസത്യമാക്കുകയും, അസത്യങ്ങളെ സത്യമാക്കി വ്യാഖ്യാനിക്കുകയും ചെയ്യുന്ന കുതന്ത്രക്കാരുടെ ഒളിയിടങ്ങളായി ഇവര്‍ മാറുന്നു. ദൈവീകതയുടെ പൊരുളറിയാത്ത ഇവര്‍ക്ക് തങ്ങളുടെതാല്പര്യങ്ങള്‍ സംരക്ഷിക്കുവാനായി വിശ്വാസികളെ ബലിയാടുകളാക്കി, ദൈവനാമത്തില്‍ വിശ്വാസസമൂഹത്തെ വിഭജിച്ച്, അസ്വസ്ഥതകളുണ്ടാക്കുവാന്‍ യാതൊരു മടിയുമുണ്ടാകില്ല. വിദേശത്തായാലും,സ്വദേശത്തായാലും ഇവരുടെ പ്രവര്‍ത്തികള്‍ ഇങ്ങനെയൊക്കെ തന്നെയായിരിക്കും.

ആത്മീയത അധികാരത്തിന്റെയും കച്ചവടത്തിന്റെയും ഉപോല്‍പ്പന്നമാകുമ്പോള്‍ സമൂഹം ചാര്‍ത്തിക്കൊടുത്തുകൊണ്ടിരിക്കുന്ന ബഹുമാനവും, ആദരവും നഷ്ടമാകുന്നു. ചില ധ്യാനകേന്ദ്രങ്ങളെക്കുറിച്ച് അസഹിഷ്ണുതയോടെ സംസാരിക്കുന്ന ചില പുരോഹതിന്‍മാരെ നമുക്ക് കാണുവാന്‍ കഴിയും. ഇവര്‍ നടത്തുന്ന ധ്യാനകേന്ദ്രങ്ങളില്‍ ആളുകള്‍ കുറയുകയും മറ്റു ധ്യാനകേന്ദ്രങ്ങളില്‍ കൂടുതല്‍ വിശ്വാസികള്‍ പങ്കെടുക്കുകയും ചെയ്യുന്നതുകൊണ്ടാണത്. അതുകൊണ്ട് ആ ധ്യാനകേന്ദ്രങ്ങളെക്കുറിച്ച് പരദൂഷണം പറയുവാനും സമൂഹമാധ്യമങ്ങളില്‍കൂടി വിമര്‍ശിക്കുവാനും ഇവര്‍ക്കു മടിയുണ്ടാവില്ല. പ്രത്യേകിച്ചും നവസമൂഹമാധ്യമങ്ങളില്‍കൂടിയായിരിക്കും ഒളിഞ്ഞും തെളിഞ്ഞും ആക്ഷേപഹാസ്യങ്ങള്‍ ചൊരിയുന്നത്. ഇത് വിശ്വാസികള്‍ക്കിടയില്‍ മാനസികവും, ആത്മീയവുമായ അപചയം ഉണ്ടാക്കി പൗരോഹിത്യത്തെ അപഹാസ്യമാക്കുന്നു. തെറ്റുകള്‍ ചൂണ്ടിക്കാട്ടുകയും തിരുത്തേണ്ടത് തിരുത്തുകയും വേണം. വിശ്വാസികളെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിയിടാതെ സഭാസംവിധാനങ്ങളിലൂടെയായിരിക്കണം തിരുത്തേണ്ടത്. സഭയില്‍ അതിനുള്ള വേദികളില്ലെങ്കില്‍ വേദികളൊരുക്കുവാനാണ് ഇവര്‍ശ്രമിക്കേണ്ടത്. സഭയില്‍ ചിലര്‍ പിന്‍തുടരുന്ന വിശ്വാസവിഷയങ്ങളിലെ യാഥാസ്ഥിതിക നിലപാടുകളോട് എല്ലാവരും യോജിക്കണമെന്നില്ല. വിയോജിപ്പുള്ളവരുണ്ടാകും. അതു എല്ലാ കാലത്തുമുണ്ടായിരുന്നു. അതൊരു തെറ്റായി കാണാനുമാവില്ല. അഭിപ്രായങ്ങള്‍ അതു പ്രകടിപ്പിക്കേണ്ട വേദികളില്‍ പ്രകടിപ്പിക്കണം. അപ്പോള്‍ സഭയുടെ വ്യക്തിത്വം പണയപ്പെടുത്താതെ അനുരഞ്ജനത്തിന്റെ പാതയില്‍ സഭയ്ക്കകത്തെ കൂട്ടായ്മയെ ശക്തിപ്പെടുത്തി മുന്നോട്ടുപോകുവാന്‍ കഴിയും. അതിനു കഴിഞ്ഞില്ലെങ്കില്‍ സഭയുടെ നിലപാടുകളോടു ചേര്‍ന്നു നില്‍ക്കുവാന്‍ ഒരു തരത്തിലും തങ്ങള്‍ക്ക് സാധിക്കില്ലായെന്നു ബോധ്യപ്പെട്ടാല്‍ സഭാചട്ടക്കൂടുകളില്‍ നിന്ന് പുറത്തുവന്നു സ്വതന്ത്ര നിലപാടുകള്‍ സ്വീകരിക്കുന്നതല്ലേ നല്ലത് ? അല്ലെങ്കില്‍ ക്രിസ്തീയതയുടെ അടിസ്ഥാനമായ സ്‌നേഹത്തിനും,ത്യാഗത്തിനും അര്‍ത്ഥമില്ലാതാകും. യൂദാസ് യേശുവിനെ ഒറ്റിക്കൊടുത്തതുകൊണ്ടു ശിഷ്യന്മാരെല്ലാവരും ഒറ്റുകാരായിരുന്നെന്നു പറയുവാനാവില്ല. സാത്വികരായ മനുഷ്യര്‍ക്ക് മറ്റുള്ളവരെ അനാവശ്യമായി നിന്ദിക്കാന്‍ കഴിയില്ല. ഹൃത്തില്‍ ആത്മീയതയില്ലാത്തവരാണു മറ്റുള്ളവരെ നിന്ദിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നവര്‍. ഏതു സഭയിലെയോ, പ്രോവിന്‍സിലെയോ അംഗമായിക്കൊള്ളട്ടെ ദൈവത്തെ മഹത്വപ്പെടുത്തി ദൈവീകചൈതന്യം ലോകത്തിനു പകരുവാനാണ് പുരോഹിതര്‍ ശ്രമിക്കേണ്ടത്. പരസ്പരം ചെളിവാരിയെറിയാതെ മതങ്ങള്‍ക്കിടയിലുള്ള വൈവിധ്യഭാവം വൈരുദ്ധ്യഭാവങ്ങളിലേക്കു പോകാതെ നോക്കുവാനുള്ള ഉത്തരവാദിത്വം അവര്‍ക്കുണ്ട്. സഹോദതുല്യതയുടെയും, സ്‌നേഹാധിഷ്ഠിത അന്യോന്യത്തിന്റെയും പൂര്‍ണ്ണതയാണല്ലോ ക്രിസ്തുമതത്തിന്റെലക്ഷ്യം.

മാധ്യമങ്ങളില്ലാത്തൊരു ലോകത്തെ ഇന്നു സങ്കല്പിക്കാനാവില്ല. അതു സമൂഹത്തിലുണ്ടാക്കുന്ന സ്വാധീനത്തെയും നമുക്ക് കാണാതിരിക്കാനാവില്ല. സുഖലോലുപതയുടെ ആസക്തി വര്‍ദ്ധിപ്പിച്ചു അക്രമത്തെയും, അധമവാസനകളെയും പ്രോത്സാഹിപ്പിക്കുന്ന നിരവധി മാധ്യമങ്ങളിന്നുണ്ട്. ഇത്തരം മാധ്യമങ്ങള്‍ സന്യാസത്തിന്റെയും പൗരോഹിത്യത്തിന്റെയും സ്വകാര്യതകളിലേക്ക് കടന്നു അവരെ വിവസ്ത്രരാക്കുവാന്‍ ശ്രമിക്കുമ്പോള്‍ പരസ്പരം കലഹിക്കുന്ന പുരോഹിതര്‍ അവരോട് ചേര്‍ന്ന് നിന്ന് അവര്‍ക്ക് വേദികളൊരുക്കുകയാണ് ചെയ്യുന്നത്. വന്ദ്യവയോധികരായ അഭിവന്ദ്യപിതാക്കന്‍മാരെപോലും നിഷ്‌കരുണം വേട്ടയാടാന്‍ ഇക്കൂട്ടര്‍ക്ക് യാതൊരു മടിയുമില്ല.

ചില പുരോഹിതന്‍മാര്‍ കുമ്പസാരരഹസ്യം ബ്‌ളാക്ക്‌മെയ്‌ലിങ്ങിനും, ലൈംഗീകപീഡനങ്ങള്‍ക്കും ഉപയോഗിക്കുന്നുവെന്നും, അവര്‍ക്കു മുന്നില്‍ കുമ്പസാരിക്കേണ്ട സാഹചര്യത്തില്‍നിന്ന് തങ്ങളെ ഒഴിവാക്കിതരണമെന്നും ആവശ്യപ്പെട്ട് യാക്കോബായ സഭയിലെ കുറച്ച് സ്ത്രീകള്‍ അടുത്ത കാലത്ത് സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ യാക്കോബായ ഓര്‍ത്തഡോക്‌സ് തര്‍ക്കമാണ് ഹര്‍ജിക്കുപിന്നിലെന്നാണ് കേന്ദ്രസര്‍ക്കാരിനുവേണ്ടി സുപ്രീംകോടതയില്‍ ഹാജരായ അറ്റോണി ജനറല്‍ കെ. വേണുഗോപാല്‍ പറഞ്ഞത്. മലങ്കരസഭാ ഭരണഘടനയുമായി ബന്ധപ്പെട്ട് 1995ലും, 2017ലും കോടതി വിധിയുണ്ടായിരുന്നെങ്കിലും ആ വിധിയിലും വൈരുദ്ധ്യങ്ങളുണ്ടെന്നും, സുപ്രീം കോടതി കേസ് വിശദമായി വീണ്ടും കേള്‍ക്കണമെന്നാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇടവകപൊതുയോഗത്തില്‍ പങ്കെടുക്കണമെങ്കില്‍ കുമ്പസാരം നടത്തിയിരിക്കണമെന്ന 1934ലെ സഭാ ഭരണഘടനയിലെ ഏഴും എട്ടു വകുപ്പുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടു സഭാംഗങ്ങളും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

സമൂഹത്തില്‍ കാണുന്ന ഈ പുഴുക്കുത്തിന്റെ ലക്ഷണങ്ങള്‍ കത്തോലിക്കസഭയിലെ പുരോഹിതരുടെ ഇടയില്‍ കണ്ടുതുടങ്ങിയപ്പോള്‍ത്തന്നെ സഭാനേതൃത്വം അതിനെതിരെ ശക്തമായി പ്രതികരിച്ചിട്ടുണ്ട്. കുമ്പസാരക്കൂടിനെ ദുരുപയോഗിക്കുന്ന വൈദികര്‍ക്കെതിരെ 1741 -ല്‍ ബനഡിക്ട് 14-ാം മാര്‍പ്പാപ്പയും, 1922 ല്‍ ബനഡിക്ട് 15-ാമന്‍ മാര്‍പ്പാപ്പയും നടപടിക്രമങ്ങളെടുത്തിരുന്നു. (1922 ലെ Crimen Sollciationis). 1917-ല്‍ പ്രസിദ്ധീകരിച്ച കാനന്‍നിയമം കാനോന 2359 രണ്ടാം ഖണ്ഡികയില്‍ ശിക്ഷകളെക്കുറിച്ച് വിശദമായി പരാമര്‍ശിച്ചിട്ടുണ്ട്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുശേഷം 1983-ല്‍ പ്രസിദ്ധീകരിച്ച കാനന്‍ നിയമത്തിലും ശിക്ഷാനടപടികള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന വൈദികരെ സംരക്ഷിക്കാതെ അവര്‍ക്കെതിരായി കര്‍ശനനടപടികളെടുക്കുമെന്നാണ് ഫ്രാന്‍സീസ് മാര്‍പ്പാപ്പയും പറഞ്ഞിട്ടുള്ളത്. ഇതു വ്യക്തമാക്കുന്നതാണ് 2019 മെയ് ഏഴാംതീയതി മാര്‍പ്പാപ്പ ഒപ്പുവെച്ചു പ്രസിദ്ധീകരിച്ച നിങ്ങള്‍ ലോകത്തിന്റെ പ്രകാശമാകുന്നു എന്ന മോത്തു പ്രോപ്രിയോയിലുള്ളത്. സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന ലൈംഗീകാതിക്രമങ്ങളില്‍ വളരെ ചെറിയൊരംശം മാത്രമെ സഭയില്‍ കാണപ്പെടുന്നുള്ളുവെങ്കിലും ചില മാധ്യമങ്ങളത് ആഘോഷമാക്കുന്നു.
ജീവിക്കാന്‍ നിര്‍വ്വാഹമില്ലാത്തവര്‍ തങ്ങളുടെ നിവൃത്തികേടുകൊണ്ട് മറ്റു വിശ്വാസങ്ങളിലേക്ക് ആകര്‍ഷിക്കപ്പെട്ടെന്നുവരാം. എന്നാല്‍ സാമ്പത്തിക സുരക്ഷിതത്വത്തിനും, ആഡംബരത്തിനുംവേണ്ടി, പൗരോഹിത്യം സ്വീകരിക്കുന്നവരുടെ എണ്ണം സമൂഹത്തില്‍ മതവിദ്വേഷം വളര്‍ത്തുക മാത്രമല്ല സമൂഹത്തില്‍ അരാചകത്വം സൃഷ്ടിക്കുകയും ചെയ്യും. ഓരോ വ്യക്തിയുടെയും അനുഭവങ്ങളും വികാരങ്ങളും, അവരുടെയുള്ളില്‍ നടക്കുന്ന രാസപ്രവര്‍ത്തനങ്ങളും തമ്മില്‍ ഇഴ ചേര്‍ന്നുകിടക്കുന്നു. അനുഷ്ഠാനങ്ങളും, ആചാരങ്ങളും മാത്രമല്ല, ധര്‍മ്മബോധവും മൂല്യവത്തായ ജീവിതവുമാണ് മതം ലക്ഷ്യമിടുന്നത്. സമൂഹത്തില്‍ വേദനിക്കുന്നവരുടെ ജീവിതത്തിലേക്ക് കരുണാര്‍ദ്രസ്‌നേഹത്തിന്റെ നെയ്ത്തിരിയുമായി ഇറങ്ങിച്ചെന്ന് അവരെ ശുശ്രൂഷിക്കുകയും, സംരക്ഷിക്കുകയും ചെയ്തുകൊണ്ട്, ത്യാഗത്തിന്റെ ബലിപീഠത്തില്‍ ജീവിതം സമര്‍പ്പിച്ചുകൊണ്ടിരിക്കുന്ന എണ്ണമറ്റ പുരോഹിതരെയാണ്, സന്യസ്തരെയാണ് ഇത്തരം ആക്ഷേപങ്ങള്‍ക്കൊണ്ടു വേദനിപ്പിക്കുന്നത്. അവരുടെ ജീവിതത്തെയാണ് ഇവര്‍ കളങ്കപ്പെടുത്തുന്നത്.

മനുഷ്യന്റെ ധാര്‍മ്മികജീവിതത്തിന് അടിത്തറ പാകുന്നതില്‍ ദൈവവിശ്വാസം വലിയൊരു പങ്ക് വഹിക്കുന്നതായി ക്രിസ്തുവിനു മുന്‍പ് ബി.,സി. 322-384 ല്‍ ജീവിച്ചിരുന്ന അരിസ്റ്റോട്ടിലിന്റെ ദൈവശാസ്ത്രത്തില്‍ പറയുന്നു. മനുഷ്യന്റെ വിജ്ഞാന സൗഭാഗ്യതൃഷ്ണകളുടെ തുടക്കവും അവസാനവും ദൈവമാണെന്നാണ് അദ്ദേഹം പറയുന്നത്. ഓരോ സമൂഹവും തങ്ങളുടെ സ്ഥലകാല സാഹചര്യങ്ങള്‍ക്കനുസൃതമായിട്ടാണ് ആത്മീയ, ധാര്‍മ്മിക സ്രോതസ്സുകളില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊള്ളുന്നത്. സഭയില്‍ ഉറഞ്ഞുകൂടുന്ന മാലിന്യങ്ങള്‍ യാതൊരു കടിഞ്ഞാണുമില്ലാതെ പുറത്തുവരുമ്പോള്‍ അതു സഭയുടെ ജീര്‍ണ്ണതയ്ക്കാണ് വഴി തെളിക്കുന്നത്. മതത്തിന്റെ ആത്മീയതയായ മൂലക്കല്ലിനെ തള്ളിക്കളഞ്ഞു. ദൈവവചനങ്ങളെപ്പോലും തങ്ങള്‍ക്കനുകൂലമായി വളച്ചൊടിക്കുന്നവരുണ്ടായാല്‍, ഇതെല്ലാം കണ്ടും കേട്ടും വളരുന്ന യുവതലമുറ മതവിശ്വാസങ്ങളില്‍ നിന്നെല്ലാം അകന്നു നിരീശ്വരവാദങ്ങളിലേക്ക് വഴുതിവീഴും. അവര്‍ സഭ ചെയ്യുന്ന ശരികളെ തമസ്‌കരിച്ച് വീഴ്ചകളെയും തെറ്റുകളെയും ഊതിപെരുപ്പിക്കുകയും ചെയ്യും. സ്‌നേഹിതനുവേണ്ടി സ്വയം ബലി കൊടുക്കുന്നതും, അവര്‍ക്കുവേണ്ടി ത്യാഗം സഹിക്കുന്നതുമാണ് മനുഷ്യനിലെ ദൈവീകത. എന്നാല്‍ മറ്റുള്ളവര്‍ എനിക്കുവേണ്ടി ത്യാഗം സഹിക്കണം, അവരുടെ പ്രയത്‌നഫലം എനിക്കും ലഭിക്കണമെന്നതു മൃഗീയ കാഴ്ചപ്പാടാണ് (Survival of the fittest). മറ്റുള്ളവരുടെ ആശയങ്ങളിലൂടെയും, കഠിനാധ്വാനത്തിലൂടെയും ലഭിക്കുന്ന നേട്ടങ്ങളില്‍ പങ്കുപറ്റുവാനും, അവകാശപ്പെടുവാനും ഇവര്‍ മുന്‍പന്തിയിലുണ്ടാകും. അതിനു കൂട്ടുനില്‍ക്കുവാന്‍ ആള്‍ക്കൂട്ടങ്ങളുണ്ടായാല്‍ അതു തങ്ങള്‍ക്കുള്ള അംഗീകാരമാണെന്നു തെറ്റിദ്ധരിച്ചു. അവര്‍ തെറ്റായ പാതയിലൂടെ സഞ്ചരിക്കുകയും ചെയ്യും. പിന്നെ അധികാരസുഖമായി അതു മാറുകയും അതില്‍ ഭ്രമിച്ചുപോകുകയും ചെയ്യും. അതുകൊണ്ടാണ് അധോലോക ചക്രവര്‍ത്തിമാരെപോലും തോല്‍പ്പിക്കുന്ന കൗശലത്തോടെയാണ് ചില പുരോഹിതന്‍മാര്‍ പെരുമാറുന്നതെന്നാക്ഷേപം സമൂഹത്തില്‍ ഉയരുന്നത്. കുടിലചിന്തകളില്ലാത്ത നിര്‍മലമായ ഹൃദയാലയത്തിലെ ഈശ്വരന്‍ നിറഞ്ഞു നില്‍ക്കുകയുള്ളുവെങ്കിലും, ഉള്ളിന്റെയുള്ളില്‍ കുടിലചിന്തകളും, നിരീശ്വരവാദവും സൂക്ഷിച്ച്, പുറമെ ഭക്തിപാരവശ്യവും കാണിച്ച് ഈശ്വരാരാധന നടത്തുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്. അധരം കൊണ്ടവരെന്നെ പുകഴ്ത്തുകയും എന്നാല്‍ ഹൃദയം കൊണ്ടവര്‍ എന്നില്‍നിന്നും അകന്നിരിക്കുന്നു എന്നാണ് ഇവരെക്കുറിച്ച് യേശു പറഞ്ഞിട്ടുള്ളത്. തിരുവചനങ്ങള്‍ വ്യാഖ്യാനിച്ച് തന്നു ദൈവകീകരഹസ്യങ്ങളുടെ ആഴങ്ങളിലേക്ക് വിശ്വാസികളെ നയിക്കേണ്ടവര്‍ ബാഹ്യമോടിക്കും, ആര്‍ഭാടത്തിനും അമിതശ്രദ്ധ നല്‍കുമ്പോള്‍ ആത്മീയാനുഷ്ഠാനങ്ങള്‍ കമ്പോളശൈലിയായി മാറുന്നു. അതുകൊണ്ടാണ് ചിലര്‍ വിശുദ്ധകുര്‍ബാനയേക്കാള്‍ പ്രാധാന്യം ഊട്ടുനേര്‍ച്ചകള്‍ക്ക് നല്‍കുന്നത്. അന്യം നിന്നുപോയ സന്യാസഭവനങ്ങളും, വിശ്വാസികളില്ലാതെ വിജനമായിവരുന്ന ദേവാലയങ്ങളും യൂറോപ്പിലുമൊക്കെ വര്‍ദ്ധിച്ചു വരുന്നത് നാം കാണാതിരുന്നുകൂടാ.

പല ആളുകളുടെയും മിഥ്യാധാരണ സമര്‍പ്പിതര്‍ സാധാരണ മാനുഷിക വികാരങ്ങള്‍ക്കതീതരാണെന്നാണ്. ബോധമനസ്സുകൊണ്ടു അവര്‍ സന്യാസിയായി നില്‍ക്കുമ്പോഴും എല്ലാ മനുഷ്യരെയുംപോലെ അവരുടെ അബോധമനസ്സ് അവരെ ലൗകികമോഹങ്ങളില്‍ കുരുക്കിലാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കും. അവനിലെ സുഖേച്ഛയോടു പൊരുതി നില്‍ക്കുവാന്‍ അവര്‍ക്കാകുന്നില്ലെങ്കില്‍ സന്യാസിയുടെ സ്വത്വത്തിലേക്ക് അവര്‍ക്ക് വളരാനാകില്ല. ബ്രഹ്മചര്യമെന്നതു ദൈവവുമായുള്ള പ്രത്യേക ബന്ധവും, അതിലെത്താന്‍ വേണ്ടിയുള്ള പരിത്യാഗവുമാണ്. മനുഷ്യമനസ്സുകളിലെ ബോധ- അബോധമണ്ഡലങ്ങളിലുള്ള, ദൈവവിളിക്കനുയോജ്യമല്ലാത്ത അബോധ പ്രേരകങ്ങള്‍ വ്യക്തികളെ സ്വാധീനിച്ചുകൊണ്ടിരിക്കും. പുരോഹിതനാണെങ്കിലും, ചിലപ്പോഴൊക്കെ അബോധമനസ്സിന്റെ പ്രേരണയെ ചെറുത്തുനില്‍ക്കാന്‍ കഴിഞ്ഞില്ലെന്നുവരും. അതുകൊണ്ടാണ് സമര്‍പ്പണവഴികളില്‍ ഇടര്‍ച്ചകളുണ്ടാകുന്നത്. ക്രൈസ്തവസമര്‍പ്പണത്തിന്റെ പൂര്‍ണ്ണത കുരിശാണ്. നന്മയുടെ വഴിയെ നടക്കുന്നവര്‍ക്കു കൂടെ നടക്കാന്‍ അധികമാരെയും കിട്ടിയെന്നുവരില്ല. സമൂഹത്തില്‍ അവര്‍ ഒറ്റപ്പെട്ടുവെന്നും വരാം. ഒറ്റപ്പെട്ടാണെങ്കിലും നന്‍മയുടെ വഴിയെ നടക്കുന്ന നിരവധിപേരെ നമുക്കു കാണുവാന്‍ കഴിയും. തിന്‍മയുടെ പ്രലോഭനങ്ങളെ അവര്‍ സ്വയം അടിച്ചമര്‍ത്തുമ്പോള്‍ ഈശ്വരാംശം അവരില്‍ നിറയുന്നതുകൊണ്ടാണ് അവര്‍ക്ക് അതിനു കഴിയുന്നത്. ഹിബ്രു ബൈബിളില്‍ യോഹന്നാന്‍ 10:13, യേശു ചോദിക്കുന്നു. എന്റെ പിതാവില്‍ നിന്നും ഞാന്‍ നിങ്ങള്‍ക്കു പകര്‍ന്നുതന്ന നല്ല കാര്യങ്ങള്‍ കാരണമാണോ നിങ്ങള്‍ എന്നെ കല്ലെറിയുന്നതെന്ന്? അതിനുത്തരമായി യൂദന്‍മാര്‍ പറഞ്ഞത്, നീ മനുഷ്യനായിരിക്കെ നിന്നെത്തന്നെ ദൈവം ആക്കുന്നതുകൊണ്ടാണ് ഞങ്ങള്‍ കല്ലെറിയുന്നതെന്നാണ്. ഇന്നു സ്‌നേഹത്തെക്കുറിച്ചും, കരുണയെക്കുറിച്ചും ഹൃദ്യമായും, വാചാലമായും സംസാരിക്കുന്നവരെ ധാരാളം കാണുവാന്‍ കഴിയുമെങ്കിലും അവരുടെ പ്രവര്‍ത്തികളില്‍ അതുകാണുവാന്‍ നമുക്കു കഴിഞ്ഞെന്നു വരില്ല.

മതം ഏതു മണ്ണിലും പുഷ്‌കലമാകുന്നതു വേദനിക്കുന്നവരുടെ വേദനയിലേക്ക് കടന്നുചെല്ലാന്‍ ദൈവത്തിന്റെ ദൂതര്‍ ഉള്ളതുകൊണ്ടാണ്. ആര്‍ദ്രതയെന്ന ശ്രേഷ്ഠവികാരത്തിനു സമൂഹത്തില്‍ അത്ഭുതകരമായ വ്യതിയാനങ്ങള്‍ ഉണ്ടാക്കുവാന്‍ കഴിയും. ചിന്തയും, വാക്കും പ്രവര്‍ത്തിയും സ്വയം സംസ്‌ക്കരണ്ത്തിലൂടെ സ്ഫുടം ചെയ്‌തെടുത്താല്‍ മാത്രമെ അവനില്‍ കുടികൊള്ളുന്ന ഹിംസയുടെയും, അജ്ഞതയുടെയും തീയടങ്ങൂ. മനുഷ്യമനസ്സുകളില്‍ ഒളിഞ്ഞുകിടക്കുന്ന അധീശത്വബോധവും, അക്രമണോത്സുകതയും നിര്‍ജ്ജീവമാക്കി നന്‍മയിലേക്ക് സ്ഫുടം ചെയ്‌തെടുക്കുവാന്‍ അധ്യാത്മികതയിലൂടെ മാത്രമെ അവനിലേക്ക് കടന്നു ചെല്ലാനാകൂ. അത്തരം ശുദ്ധീകരണ പ്രക്രിയ ലഭിച്ചവര്‍ക്കു കാലത്തിന്റെ വെല്ലുവിളികളെ അതിജീവിച്ചു ധാര്‍മ്മികജീവിതം നയിക്കുവാന്‍ കഴിയും.
തെറ്റുകളും വീഴ്ചകളുമില്ലാത്ത മനുഷ്യജന്‍മങ്ങളുണ്ടാകില്ല. തെറ്റുകളോടു മനസ്താദാന്‍മ്യം പ്രാപിക്കുമ്പോഴാണ് അവര്‍ ആധ്യാത്മിക വൈകല്യത്തിന് അടിമപ്പെടുന്നത്. എന്നാല്‍ ആധ്യാത്മിക നവീകരണത്തിലൂടെ അവര്‍ക്ക് അതില്‍നിന്നും മോചിതരാകുവാനും കഴിയും. ദൈവീകമൂല്യങ്ങള്‍ മനുഷ്യനില്‍ പുനര്‍ജീവിപ്പിക്കണമെങ്കില്‍ മനസലിവിലൂടെയുള്ള ശുശ്രൂഷികളുണ്ടാകണം. ആധ്യാത്മിക സാധനകളിലൂടെ സ്‌നേഹം നിറയുമ്പോള്‍ ഭക്തിയോഗമനസ്സിനെ സ്വാധീനിച്ചു മനസ്സില്‍ പ്രേമം വളര്‍ത്തിക്കൊണ്ടു വരുന്നു. സ്വാര്‍ത്ഥതയെ ബലികഴിക്കാതെ കരുണയെ ഹൃദയം സ്വീകരിക്കുകയില്ല.
സാത്വികരായ മനുഷ്യര്‍ക്കു ദൈവം നല്‍കുന്ന അനുഗ്രഹമാണ് മനുഷ്യരിലുള്ള ദൈവീകതയെ തിരിച്ചറിയാനുള്ള അവബോധം. ഇവര്‍ക്കു ദൈവീകതയുടെ പ്രത്യേക ഊര്‍ജ്ജപരിവേഷമുണ്ടാകും. ആത്മീയ പരിണാമം പൂര്‍ണ്ണമാകാത്തവര്‍ക്കു സാത്വികതയുടെ സാസ്ഥ്യത്തിലേക്കോ, ദൈവീകതയിലേക്കെത്താന്‍ കഴിയില്ല. യേശു പ്രസംഗിച്ച ആത്മീയതയോ, യേശു ഏറ്റെടുത്ത ജീവത്യാഗത്തിന്റെ മേന്‍മയോ ഇവര്‍ക്കു ഉള്‍ക്കൊള്ളാനും കഴിയില്ല. ദൈവീകതയുടെ പ്രകാശാക്ഷരങ്ങളായി വചനപൂര്‍ണ്ണതയായി അവതരിക്കുന്ന പുരോഹിതന്‍മാര്‍ക്കു സ്വയം പ്രകാശമായി മറ്റുള്ളവരിലും പ്രകാശം പരത്തുവാന്‍ കഴിയും. അല്ലാത്തവരെ അനുഗമിക്കുന്നവര്‍ക്കാണ് ഇരുട്ടില്‍ തപ്പിനടക്കേണ്ടി വരുന്നത്.

മനുഷ്യരിലെ ആത്മീയ – ഭൗതീക അസന്തുലിതാവസ്ഥ മനുഷ്യനെ അശാന്തിയിലേക്ക് നയിക്കുന്നു. സേവനത്തിന്റെ മൂര്‍ത്തീഭാവമായ ക്രിസ്തു മനുഷ്യരാശിയുടെ മുഴുവന്‍ ആധ്യാത്മിക ഗുരുവാണ്. സകല പ്രപഞ്ചത്തെയും സൃഷ്ടിച്ചു പരിപാലിക്കുന്ന മഹാശക്തിയുടെ, സൃഷ്ടാവിന്റെ പേരില്‍ ഈ കുഞ്ഞുമനുഷ്യര്‍ തമ്മില്‍ പോരടിക്കുന്നതുകാണുമ്പോള്‍ കാരുണ്യത്തിന്റെയും, സ്‌നേഹത്തിന്റെയും ഭാവങ്ങള്‍ ഹൃദയത്തില്‍ സ്പര്‍ശിച്ചിട്ടില്ലാത്തവര്‍ക്കേ അതില്‍ ആനന്ദം കണ്ടെത്താനാകൂ.