ജയശങ്കർ പിള്ള

കാലത്തിനൊപ്പം സഞ്ചരിച്ച മലയാളമണ്ണ് ശ്രീ കേളപ്പജിയെ,അദ്ദേഹത്തിന്റെ സംഭാവനകളെ ,കരിമ്പടം കൊണ്ട് മറച്ചു കഴിഞ്ഞിരിയ്ക്കുന്നു.നമ്മുടെ മാറിയ സാംസകാരിക,സാമൂഹിക പ്രവർത്തകരോ,കൂട്ടായ്മകളോ ഒരിയ്ക്കൽ പോലും ഒന്ന് പൊടി തട്ടി എടുക്കുവാൻ മുതിരാത്ത മഹത് വ്യക്തിത്വമാണ് ശ്രീ കേളപ്പജിയുടേത്.ഐക്യ കേരളം രൂപീകരിയ്ക്കുന്നതിന്നു വേണ്ടി അദ്ദേഹം നടത്തിയ ആദ്യകാല ശ്രമങ്ങൾ എങ്ങും കുറിയ്ക്കുവാൻ ആരും ഇന്നുവരെ തുനിഞ്ഞിട്ടില്ല.പലപ്പോഴായി മാറിവന്ന രാഷ്ട്രീയ നേതൃത്വങ്ങളും,ചരിത്രകാരന്മാരും അതിന്നായി ഒരു ശ്രമവും നടത്തിയിട്ടില്ല.

കൊയിലാണ്ടിക്കടുത്ത മുച്ചുക്കുന്ന് ഗ്രാമത്തിൽ 1889 ആഗസ്റ്റ് 24 നു ൽ ജനിച്ചു കേരളഗാന്ധി എന്ന് പ്രസിദ്ധനായി മാറിയ കൊയപ്പള്ളി കേളപ്പൻ ചെറുപ്പത്തിൽ തന്നെ പൊതുപ്രവർത്തനത്തിൽ ശ്രദ്ധചെലുത്തിയ പ്രതിഭയായിരുന്നു. നായർ സർവീസ് സൊസൈറ്റി രൂപീകരിക്കുന്നതിൽ പ്രധാന പങ്കു വഹിച്ച ഒരാൾ ആയിരുന്നു ശ്രീ.കേളപ്പൻ,ആദ്യ പ്രസിഡന്റും. ബോംബെയിൽ നിയമ വിദ്യാഭ്യാസം ചെയ്ത ആദ്ദേഹം പിന്നീട് 1920 ൽ ഗാന്ധിജിയുടെ ചിന്താധാരകളിലും പ്രവർത്തനങ്ങളിലും ആകൃഷ്ടനായി.1921 ലെ മാപ്പിള ലഹളക്കാലത്തെ കൊടും ക്രൂരതകൾക്കെതിരേ പ്രതികരിച്ചുകൊണ്ട് അഹിംസാ തത്വത്തിന്റെ മഹത്വത്തെ അദ്ദേഹം ഉയർത്തി കാട്ടി. ഹിന്ദു വിരുദ്ധ കലാപകാരികളെ നേരിടുവാൻ അഹിംസാ സിദ്ധാന്തലൂടെ അദ്ദേഹത്തിന് കഴിഞ്ഞു. ഹൈന്ദവ ഉന്നമനത്തിനും,ഐക്യത്തിനും,ഹൈന്ദവ സംഘാടനത്തിനും, അയിത്തോച്ചാടനത്തിനും ഹരിജന സേവയ്ക്കുമായി ജീവിതത്തിലെ നല്ല ആയുസ്സും കേളപ്പജി മാറ്റിവച്ചു.

നിസ്സഹകരണ പ്രസ്ഥാനത്തിൽ ഗാന്ധിജിയ്ക്കു ഒപ്പം പ്രവർത്തിച്ച വ്യക്തികൂടി ആയ അദ്ദേഹം 14 വര്‍ഷക്കാലം മാതൃഭൂമിയുടെ മുഖ്യ പത്രാധിപൻ ആയി സേവനമനുഷ്ഠിച്ചു.
കോൺഗ്രസ്സിന്റെയും ദേശീയ പ്രസ്ഥാനത്തിന്റെയും അമരക്കാരൻ ആയിരിയ്ക്കുമ്പോൾ ശ്രി ടി കെ മാധവനുമായി ചേർന്ന് ഹൈന്ദവർക്കിടയിലെ അയിത്തോച്ചാടനത്തിനും നവോത്ഥാനത്തിനും വേണ്ടി പ്രമേയം പാസ്സാക്കുകയും ഒരു കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. ഗുരുവായൂരും വൈക്കത്തും സത്യാഗ്രഹം സംഘടിപ്പിച്ച അദ്ദേഹത്തിന്റെ ആശ്രിതനായി വർത്തിച്ച എ കെ ഗോപാലൻ നമ്പ്യാർ ആണ് പിന്നീട് എ കെ ജി എന്ന് പ്രസിദ്ധനായി തീർന്നത്. ഗുരുവായൂർ സത്യാഗ്രഹ സംഘത്തിൽ പ്രവർത്തിച്ച എകെജി യെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നത് ശ്രീ കേളപ്പൻ ആണ്.കേളപ്പജിയുടെ നേതൃത്വത്തിൽ പന്ത്രണ്ടു ദിവസം നീണ്ട നിരാഹാര സത്യാഗ്രഹം ഗുരുവായൂർ ക്ഷേത്രത്തിന്റെ വാതായനങ്ങൾ എല്ലാ ജാതിയിലും പെട്ട ഭക്തർക്കായി തുറന്നു കൊടുക്കുവാൻ കാരമണമായി എങ്കിലും അദ്ദേഹത്തിന് അർഹിക്കുന്ന അംഗീകാരം നൽകുവാൻ നമ്മൾ മലയാളികൾ യഥാർത്ഥത്തിൽ പരാജയപ്പെട്ടു,മറന്നു.

ഗുരുവായൂർ സത്യാഗ്രഹത്തിന് ചുക്കാൻ പിടിച്ചത് കെ കേളപ്പൻ ആയിരുന്നു എങ്കിലും,സത്യാഗ്രഹസ്മാരകം നിർമ്മിച്ചപ്പോൾ എ കെജിയെയും,കൃഷ്ണപിള്ളയേയും മഹത്വവൽക്കരിക്കാനായി അന്നുള്ള രാഷ്ട്രീയ സാമൂഹിക നേതാക്കൾ ശ്രീ.കേളപ്പനെ മെല്ലെ ഒഴിവാക്കി. രാഷ്ട്രീയക്കാർക്കും,മഹത്വവത്കരിച്ച നേതാക്കൾക്കും , വോട്ടു ബാങ്കിന്റെ താല്പര്യങ്ങൾക്കും വേണ്ടി മലയാളികൾ ബലികഴിച്ചത് നിസ്വാർത്ഥ സേവനത്തിനായി സ്വജീവിതം സമർപ്പിച്ച ഒരു മഹാത്മാവിന്റെ ഓർമ്മകളും,മലയാളികൾക്ക് സമ്മാനിച്ച സേവനങ്ങളുടെ മൂല്യവും ആണ്.

കോഴിക്കോട് നിന്ന് പയ്യന്നൂർ വരെ നീണ്ട ഉപ്പു സത്യാഗ്രഹയാത്രയിലൂടെ കേരളത്തിൽ ദേശീയ പ്രസ്ഥാനത്തിന്റെ അതികായനായ ജനകീയ നേതാവായി ഉയർന്ന കേളപ്പജി കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയിൽ ആയിരുന്നപ്പോളും ഒരു ഉത്തമ ഗാന്ധിയൻ തന്നെ ആയിരുന്നു. കൃഷ്ണപിള്ള, ഇ.എം.എസ് തുടങ്ങിയ സോഷ്യലിസ്റ്റു നേതാക്കൾ സ്റ്റാലിനും കമ്മ്യൂണിസത്തിലും ആകൃഷ്ടരായി വഴി മാറിയിട്ടും, സ്റ്റാലിനിസത്തോടു പ്രതിപത്തി പുലർത്താൻ അദ്ദേശത്തിനു കഴിഞ്ഞില്ല എന്നത് മാത്രമല്ല, നിശിതമായി വിമർശിക്കുകയും ചെയ്തു. പ്രമുഖ ചരിത്രകാരന്മാരുടെ രചനകളിലും, മുഖ്യധാരാ ബുദ്ധിജീവി സാംസ്കാരിക ചിന്തകളിലും,സാംസ്കാരിക നായകന്മാരുടെ വേദികളിലും,മാധ്യമങ്ങളിലും നിന്ന് കേളപ്പജി അപ്രത്യക്ഷനാകുവാൻ അദ്ദേഹത്തിന്റെ ഈ രാഷ്ട്രീയ നിലപാട് കാരണമായി മാറി.
കെ കേളപ്പൻ, സാമുവൽ ആരോൺ, കോഴിപ്പുറത് മാധവ മേനോൻ തുടങ്ങിയ നേതാക്കന്മാരെ ഉന്മൂലനം ചെയ്യാൻ കമ്മ്യൂണിസ്റ്റു പാർട്ടി പദ്ധതിയിട്ടതിനു രേഖകളുണ്ട് എന്ന് പ്രമുഖ ചരിത്രകാരനായ എം ജി എസ് നാരായണൻ തന്റെ ലേഖനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കെ പി സി സി പ്രസിഡണ്ട് ആയിരുന്ന കേളപ്പജി 1951ല്‍ കോണ്‍ഗ്രസില്‍ നിന്നു രാജിവച്ചു കൃപലാനി നേതൃത്വം നല്ക്കിയ കിസാന്‍ മസ്ദൂര്‍ പ്രജാപാര്‍ട്ടിയില്‍ ചേര്‍ന്നു. പൊന്നാനിയിൽ നിന്നും 1952ൽ നിന്നും പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.ഈ കാലത്തു ആണ് അദ്ദേഹം മയ്യഴിയിൽ ഫ്രഞ്ചുകാർക്കെതിരേ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കുവാൻ പോവുകഉണ്ടായത്.

ഹൈന്ദവോദ്ധാരണത്തിനു,ഏകീകരണത്തിനു, ജനാധിപത്യ രാഷ്ട്രീയവും, സർവോദയ പ്രസ്ഥാനവും മാത്രം പോരാ എന്ന് അഭിപ്രായ രൂപീകരണത്തിന്റെ മുഖ്യ കാര്യകർത്താവ് ആണ് അദ്ദേഹം. ടിപ്പു സുൽത്താന്റെ ആക്രമണത്തിൽ മലബാറിലങ്ങോളം തകർന്നു കിടക്കുന്ന ക്ഷേത്രങ്ങൾ പുനർനിർമ്മിക്കുന്നതിനായി മലബാർ ക്ഷേത്ര സംരക്ഷണ സമിതി രൂപീകരിച്ചു പ്രവർത്തനമാരംഭിച്ചു. ഹൈന്ദവ സമൂഹത്തിനു അഭിവൃദ്ധി ഉണ്ടാകണമെങ്കിൽ ക്ഷേത്രങ്ങൾ പുനരുദ്ധരിക്കേണ്ടത് അത്യന്താപേക്ഷികമാണെന്ന് അദ്ദേഹം ഉറച്ചു വിശ്വസിക്കുകയും,1968 ൽ അങ്ങാടിപ്പുറം തളി മഹാദേവ ക്ഷേത്രം പുനർനിർമ്മിച്ചു കൊണ്ട് ഈ പ്രസ്ഥാനത്തിന് നാന്ദി കുറിക്കുകയും ചെയ്തു.
മാപ്പിള ലഹളയ്ക്കുശേഷം പുതിയ പള്ളികള്‍ പണിയുന്നതിന് ബ്രിട്ടീഷ് സര്‍ക്കാര്‍ കൊണ്ടുവന്ന വിലക്ക് നീക്കുന്നതിന്റെ പേരിൽ പുലാമന്തോളിൽ മസ്ജിദിനു തറക്കല്ലിട്ട ഇ എം എസ് നമ്പൂതിരിപ്പാടും,കമ്യൂണിസ്റ്റു പ്രസ്ഥാനങ്ങളും, ക്ഷേത്ര പുനരുദ്ധാരണ പരിപാടികളെ ശക്തമായി എതിർത്തു. വഴിയോരത്തു കാടു പിടിച്ചു കിടന്നിരുന്ന ശിവലിംഗം പ്രതിഷ്ഠിച്ചു വിളക്ക് വെച്ച് ആരാധന തുടങ്ങാൻ ശ്രമിച്ച കേളപ്പജിയെ ആഭാസകരമായ രീതിയിൽ അവഹേളിച്ചു കൊണ്ട് പോസ്റ്ററുകളും പത്രലേഖനങ്ങളും ഇറക്കിയാണ് മുസ്ലിം ലീഗും കമ്മ്യൂണിസ്റ്റു നേതാക്കളും നേരിട്ടത്. ക്ഷേത്രാവശിഷ്ടങ്ങളെ പുരാവസ്തുവായി പ്രഖ്യാപിച്ച് ആ ഭൂമിയെ പുറമ്പോക്കു ഭൂമിയായി എഴുതുകയാണ് ഇ എം എസ സർക്കാർ അന്ന് ചെയ്തത്. ഈ ഭൂമി ക്ഷേത്ര നിർമ്മാണത്തിന് അനുവദിച്ചു തരണമെന്ന് കേളപ്പജി ആവശ്യപ്പെട്ടു എങ്കിലും, പ്രസ്തുത ക്ഷേത്രം നമ്പൂതിരിക്കാണോ നായര്‍ക്കാണോ ഈഴവര്‍ക്കാണോ അതോ പുലയര്‍ക്കാണോ തുറന്നുകൊടുക്കേണ്ടതെന്ന് മറുചോദ്യം ഉന്നയിച്ച ഇ എം എസ് ആ ശിവലിംഗം എടുത്തു മാറ്റണമെന്നും,മറ്റെവിടെ എങ്കിലും കൊണ്ടുപോയി അമ്പലം നിർമ്മിച്ച് കൊള്ളാനും പ്രഖ്യാപിച്ചു. ഭരണാധികാരികളുടെ ഈ ധാർഷ്ട്യം മനോഭാവം ,സമീപവാസികളെയും,വിശ്വാസികളെയും വല്ലാതെ ചൊടിപ്പിക്കുകയും,പ്രതിഷേധ അഗ്നിയിൽ ജനം ക്ഷേത്രഭൂമിയിലേക്കു ഇരച്ചു കയറുകയും ,പോലീസ് ലാത്തി ചാർജ്ജിൽ അനേകം പേര്ക്കു പരിക്കേക്കുകയും ചെയ്തു. അറസ്റ്റ്‌ചെയ്യപ്പെട്ട കേളപ്പജി പെരിന്തല്‍മണ്ണ കോടതിക്കു മുന്നില്‍ ഉപവാസം നടത്തി. ഒടുവില്‍ കേളപ്പജിയുടെ നിശ്ചയദാർഢ്യത്തിനു മുന്നിൽ നമ്പൂരിപ്പാട്‌ മുട്ട് മടക്കി. തളി ക്ഷേത്രസമരം വിജയിച്ചു.

ആധുനിക കേരളചരിത്രത്തിലെ,ഹിന്ദു പുനരുദ്ധാരണ പ്രക്രിയയുടെ ഒരു നാഴിക കല്ലാണ് കേളപ്പജിയുടെ നേതൃത്വത്തിൽ നടന്ന തളി ക്ഷേത്ര സമരം. ഭാരതത്തിൽ ഹൈന്ദവ സ്വാഭിമാന മുന്നേറ്റത്തിനായി നടന്ന ബഹുജന പ്രക്ഷോഭങ്ങളുടെ കൂട്ടത്തിൽ ഒരു പക്ഷെ ഏറ്റവും ആദ്യം പ്രതിപാദിക്കേണ്ട സമരമാണ് തളിക്ഷേത്ര സമരം. പക്ഷെ മുഖ്യധാരാ ചർച്ചകളിൽ മാത്രമല്ല, ഹൈന്ദവർക്കിടയിലും തളി ക്ഷേത്ര സമരവും, മലബാർ ക്ഷേത്രസംരക്ഷണ സമിതിയും, കേളപ്പജിയും അർഹിക്കുന്ന പ്രാധാന്യത്തെ കുറിച്ച് ചർച്ച ചെയ്യപ്പെടുന്നുണ്ടോ ?!.ഇല്ല എന്നുള്ള സത്യം പകൽ പോലെ വ്യക്തവും ആണ്.
സമര കാഹളങ്ങളിലൂടെ അടിച്ചമർത്തപ്പെട്ട ഹിന്ദുവിനും,തകർക്കപ്പെട്ട ക്ഷേത്ര പുനര്നിര്മ്മാണത്തിനും വേണ്ടി ആദ്യ ചുവടു വച്ച ശ്രീ.കേളപ്പജി, ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ മുഴുവൻ പൂർത്തിയാതാകുന്നതിനു മുന്നേ 1971 ഒക്ടോബർ ഏഴാം തീയതി നമ്മോടു വിട പറഞ്ഞു. തളി മഹാദേവ ക്ഷേത്രത്തിനു ശേഷം ആയിരക്കണക്കിന് ക്ഷേത്രങ്ങൾ പുനർ നിർമ്മിച്ച് മലയാളികൾ ടിപ്പുവും മാപ്പിളലഹളയും താറുമാറാക്കി നശിപ്പിച്ച മലബാറിന്റെ ക്ഷേത്ര പെരുമയും,സംസ്കാരവും,ശുദ്ധിയും, വീണ്ടെടുക്കുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നു.

മരണം വരെ കേളപ്പജി തന്റെ ജീവിതവും, പ്രവർത്തനവും ഇന്നാട്ടിലെ അടിസ്ഥാന ജനതയുടെ,ജീവനും,പ്രാണനും,സംസ്കാരത്തിന് വേണ്ടി, മൗലിക പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകുന്ന പ്രവർത്തികൾക്കായി ഉഴിഞ്ഞു വെക്കുകയായിരുന്നു. ജീവിതകാലം മുഴുവൻ നിസ്വാർത്ഥ സേവകനും, കർമ്മയോഗിയായിരുന്നു ശ്രി കേളപ്പൻ. ധർമ്മ പക്ഷത്തു നിന്ന് പോരാടുകയും ,ഒരുകാലത്തു കേരളം കണ്ട എല്ലാ ബഹുജനപ്രക്ഷോഭങ്ങൾക്കും മുൻനിരക്കാരിൽ മുൻനിരക്കാരനും ആയിരുന്നു.എങ്കിലും മാറി മാറി വന്ന കേരള സർക്കാരും ,ചരിത്രപുസ്തകങ്ങളിലും,പാഠ്യ പദ്ധതികളിലും,എന്തിനു സ്വന്തം സമുദായവും,ഹിന്ദു ഉന്നമനക്കാർ എന്നിവരും അദ്ദേഹത്തെ ഗൗനിച്ചില്ല എന്ന് മാത്രമല്ല ഒരു സ്മരണപുതുക്കലായി പോലും മാധ്യമങ്ങളിലോ,പുഷ്പാര്ച്ചനകളിലോ പോലും പ്രത്യക്ഷപ്പെടാറില്ല എന്നതാണ് സത്യം.

നവകേരളം “മറന്ന മഹാരഥന്മാരുടെ “പട്ടികയിൽ ശ്രീ.കേളപ്പജി യുടെ സ്ഥാനം ഒന്നമതായി ഇന്നും തുടരുന്നു…
മലബാർ ലഹളയുടെ നൂറാം വാർഷികം ചർച്ച ചെയ്യപ്പെടുന്ന ഈ കാലയളവിൽ,അദ്ദേഹത്തിന്റെ പ്രാധാന്യം മറന്ന മലയാളികൾക്കായി സമർപ്പിയ്ക്കുന്നു. -ജയശങ്കർ പിള്ള