ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ ശക്തമായി തുടരുന്നു.ജാർഖണ്ഡിലെ റാഞ്ചിയിൽ വെള്ളപ്പൊക്കത്തിൽ 3 പേർ മരിച്ചു.

ഗംഗാ നദിയിലെ ജലനിരപ്പും ഉയർന്നു. രാജസ്ഥാൻ , മധ്യപ്രദേശ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യപിച്ചു. ഹിമാച്ചൽ പ്രദേശിൽ മഴയോടൊപ്പം മണ്ണിടിച്ചിൽ ഭീഷണിയുണ്ട്. മാണ്ഡി ജില്ലയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ ചണ്ഡീഗഡ് മണാലി ദേശിയ പാതയിൽ ഗതാഗതം തടസപ്പെട്ടു. പശ്ചിമബംഗാളിലും മഴ കനത്ത മഴ തുടരുകയാണ്.

ഡൽഹിയിൽ യമുന നദി തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. യമുന നദിയുടെ തീറത്തുനിന്നു ജനങ്ങളെ ഒഴിപ്പിക്കുന്ന നടപടി തുടരുകയാണ്. യമുനയിലെ ജലനിരപ്പ് അപകടകരമായ നിലയിൽ ഉയരാൻ സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്.

വെള്ളിയാഴ്ച രാവിലെ 6 മണിക്ക് പഴയ റെയിൽവേ ബ്രിഡ്ജിൽ ജലനിരപ്പ് 205.10 മീറ്ററായിരുന്നു. ഏഴ് മണിക്ക് ഇത് 205.17 മീറ്ററും, എട്ട് മണിക്ക് 205.22 മീറ്ററും, 11 മണിയോടെ ജലനിരപ്പ് 205.33 മീറ്ററിലുമെത്തി. ജലനിരപ്പ് 204.50 മീറ്ററിലെത്തുമ്പോഴാണ് മുന്നറിയിപ്പ് നൽകുക. ഈ പരിധി കഴിഞ്ഞതോടെയാണ് ഡൽഹിയിൽ പ്രളയ മുന്നറിയിപ്പ് നൽകിയത്. ഡൽഹിയിലെ പല ഭാഗങ്ങളിലായി 13 ബോട്ടുകൾ വിന്യസിച്ചിട്ടുണ്ട്. 21 എണ്ണം ഏത് നിമിഷവും പുറപ്പെടാൻ തയാറാണ്.