കണ്ണൂര്‍: കോതമംഗലത്ത് വിദ്യാര്‍ഥിനി മാനസയെ വെടിവെച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതി രഖില്‍ കുടുംബത്തെയും തെറ്റിദ്ധരിപ്പിച്ചു. മാനസയുമായുള്ള സൗഹൃദം തകര്‍ന്നതില്‍ മറ്റ് മാനസീക പ്രയാസങ്ങള്‍ ഇല്ലെന്ന് കുടുംബത്തെ ധരിപ്പിക്കാന്‍ രഖിന്‍ ശ്രമിച്ചിരുന്നു. മറ്റൊരു വിവാഹം ആലോചിക്കാന്‍ തയ്യാറാണെന്നും ഇയാള്‍ കുടുംബത്തെ അറിയിച്ചിരുന്നു.

രഖിലിന്റെ അമ്മ കുറച്ച്‌ ദിവസമായി മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് അയല്‍വാസി പറഞ്ഞു. കല്യാണം ആലോചിക്കുന്നതായും ഇതിനായി ഓണ്‍ലൈന്‍ മാര്യേജ് വെബ്സൈറ്റുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിരുന്നതായും അമ്മ പറഞ്ഞതായി ഇവര്‍ പറഞ്ഞു. ജോലിക്കായി ഗള്‍ഫില്‍ പോകാനും ശ്രമം തുടങ്ങിയിരുന്നു. കൊവിഡ് പ്രതിസന്ധിയില്‍ നടന്നില്ല. ടിക്കറ്റൊക്കെ റെഡിയായതാണ്. പിന്നീട് കോയമ്ബത്തൂര്‍ വഴി പോകാനും ശ്രമം നടന്നിരുന്നു.

രഖില്‍ നെല്ലിമറ്റത്താണെന്ന വിവരവും കുടുംബത്തിന് അറിയില്ലായിരുന്നുവെന്നാണ് കരുതുന്നത്. കൊച്ചിയില്‍ ഇന്റീരിയര്‍ ഡിസൈനിംഗ് വര്‍ക്കുണ്ടെന്ന് പറഞ്ഞാണ് കണ്ണൂരില്‍ നിന്ന് ഇയാള്‍ പോയത്. ഇത്തരമൊരു കൃത്യം നടത്തുമെന്ന് കുടുംബം കരുതിയില്ല. അതേസമയം രഖില്‍ തോക്ക് എവിടെ നിന്ന് സംഘടിപ്പിച്ചുവെന്നാണ് പൊലീസ് പരിശോധിച്ചു വരുന്നത്.