തിരുവനന്തപുരം: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആര്‍) അനുസരിച്ച്‌ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടം രോഗവ്യാപനം കുറയാത്ത സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പുതുക്കാന്‍ സര്‍ക്കാര്‍. ജനജീവിതം മുന്നോട്ട് പോകുന്ന തരത്തിലുള്ള നിയന്ത്രണങ്ങളാവും ഏര്‍പ്പെടുത്തുക.

ബുധാനഴ്ചക്കകം പുതിയ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറിയോടും വിദഗ്ധ സമിതിയോടും ഇന്നലെ ചേര്‍ന്ന അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ജൂണ്‍ പകുതിയോടെയാണ് സംസ്ഥാനത്ത് ടി.പി.ആര്‍ നിരക്കനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നത്. 25 പ്രദേശങ്ങളിലായിരുന്നു അന്ന് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ അനുസരിച്ച്‌ സംസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണില്‍ തുടരുന്ന 323 മേഖലകളാണുള്ളത്.

ഒരു മാസത്തിലധികം നീണ്ടു നിന്ന കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടായിട്ടും സംസ്ഥാനത്ത് പ്രതിദിന രോഗികളുടെ എണ്ണവും രോഗ വ്യാപന നിരക്കും കുറഞ്ഞില്ല. ജന ജീവിതം ഇതോടെ കൂടുതല്‍ ദുഷ്കരമായെന്നാണ് ഇന്നലെ ചേര്‍ന്ന അവലോകന യോഗത്തിലെ വിലയിരുത്തല്‍. ഓണക്കാലവും വരുന്നതിനാല്‍ വ്യാപാരത്തിന് അനുകൂലമായ ഇളവുകള്‍ ഉണ്ടായേക്കുമെന്നാണ് സൂചന.