തിരുവനന്തപുരം: കോവിഡ് തടയാനുള്ള സമ്ബൂര്‍ണ്ണ അടച്ചിടലിനു ബദല്‍മാര്‍ഗം തേടി സര്‍ക്കാര്‍. എല്ലാക്കാലവും ഇങ്ങനെ അടച്ചിടാനാകില്ലെന്നും പകരം ശാസ്ത്രീയ മാര്‍ഗങ്ങള്‍ അന്വേഷിക്കണമെന്നും കോവിഡ് അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ബുധനാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ വിദഗ്ധ സമിതിയേയും ചുമതലപ്പെടുത്തി.

നീണ്ടുപോകുന്ന അടച്ചിടലില്‍ ഉയരുന്ന ജനരോഷം മനസ്സിലാക്കിയും അതിലെ അസന്തുഷ്ടി പരസ്യമാക്കിയുമായിരുന്നു ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം. കോവിഡ് നിയന്ത്രണങ്ങള്‍ ജനങ്ങളെ ബാധിക്കുന്നതിനാല്‍ ഏറെക്കാലം ഈ രീതിയില്‍ നിയന്ത്രണങ്ങളുമായി മുന്നോട്ടു പോകാനാകില്ല. ശാസ്ത്രീയമായ ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മാത്രം അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങള്‍ ഇനിയും തുടരണോയെന്ന കാര്യത്തിലും മുഖ്യമന്ത്രി സംശയം പ്രകടിപ്പിച്ചു. വിശദമായ പഠനം നടത്തി ബുധനാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. എല്ലാ മേഖലകളിലേയും വിദഗ്ധരുമായി ചര്‍ച്ച നടത്തിയാകും റിപ്പോര്‍ട്ട് തയാറാക്കുക.

വിദഗ്ധ സമിതി അംഗങ്ങളും ആരോഗ്യ വിദഗ്ധരും ഉള്‍പ്പെട്ട ടീമിനാണ് ഇതിന്റെ ചുമതല. ജില്ലാ കളക്ടര്‍മാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കി പ്രാദേശികതലത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ആലോചന. എന്നാല്‍ ദിവസേന ടി.പി.ആര്‍. വര്‍ധിച്ചു വരുന്നതിനാല്‍ ഇളവുകള്‍ എത്രത്തോളം നല്‍കാനാകുമെന്ന കാര്യത്തില്‍ വിദഗ്ധ സമിതിക്ക് സംശയങ്ങളുണ്ട്.

സംസ്ഥാനത്തെ രോഗവ്യാപനത്തില്‍ കേന്ദ്രത്തിനും അതൃപ്തിയുണ്ട്. കേന്ദ്രത്തിലെ വിദഗ്ധ സംഘം കേരളത്തില്‍ തുടരുകയുമാണ്. ഈ സാഹചര്യത്തില്‍ അവരുടെ അഭിപ്രായവും നിര്‍ണായകമാകും. ക്ലസ്റ്ററുകള്‍ വരുന്ന പ്രദേശങ്ങളുടെ അടിസ്ഥാനത്തില്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് മേഖലകള്‍ പ്രഖ്യാപിച്ച്‌ നിയന്ത്രണം ശക്തിപ്പെടുത്താന്‍ ഉന്നതതല യോഗം തീരുമാനിച്ചു. വിനോദ സഞ്ചാരികള്‍ക്ക് പ്രയാസം സൃഷ്ടിക്കരുത്.

ആഭ്യന്തര ടൂറിസം ശക്തിപ്പെടുത്തുന്ന നിലപാടെടുക്കണം. ടൂറിസത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കെതിരേ അനാവശ്യ ഇടപെടല്‍ പാടില്ലെന്നും ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. മത്സ്യത്തൊഴിലാളികള്‍ക്കുള്ള വാക്‌സിനേഷന്‍ സൗകര്യം വര്‍ദ്ധിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിമാസം ഒരു കോടി പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കാന്‍ കേരളത്തിന് ശേഷിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നാലു ലക്ഷം ഡോസ് വാക്‌സിന്‍ കഴിഞ്ഞ ദിവസം വിതരണം ചെയ്തു. ആഴ്ചയില്‍ 25 ലക്ഷം ഡോസ് വാക്‌സിന്‍ എന്ന കണക്കില്‍ പ്രതിമാസം ഒരു കോടി ഡോസ് നല്‍കാനാവും. ഇതിനായി കൂടുതല്‍ വാക്‌സിനുവേണ്ടി കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് ഇന്ന് 4,96,619 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഏറ്റവും അധികം പേര്‍ക്ക് പ്രതിദിനം വാക്‌സിന്‍ നല്‍കിയ ദിവസമായി ഇന്ന് മാറി. ഈ മാസം 24ന് 4.91 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയിരുന്നു. സംസ്ഥാനത്ത് കൂടുതല്‍ വാക്‌സിന്‍ ലഭ്യമായാല്‍ ഇതുപോലെ ഉയര്‍ന്ന തോതില്‍ വാക്‌സിനേഷന്‍ നല്‍കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തിന് 2.45 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായി. എറണാകുളത്ത് 2 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിനും തിരുവനന്തപുരത്ത് 45,000 ഡോസ് കോവാക്‌സിനുമാണ് ലഭ്യമായത്.