സംസ്ഥാനത്തെ അശാസ്ത്രീയ ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി ഹൈക്കോടതിയെ സമീപിച്ചു. ജിഎസ്ടി തിരികെ നൽകുന്നതടക്കം കൊവിഡ് അതിജീവന പാക്കേജുകൾ പ്രഖ്യാപിക്കണമെന്നും കടകളെയും വാണിജ്യ സ്ഥാപനങ്ങളെയും ലോക്ക്ഡൗണിൽ നിന്ന് ഒഴിവാക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെടുന്നു. മുതിർന്ന അഭിഭാഷകൻ എസ് ശ്രീകുമാർ മുഖേനയാണ് വ്യാപാരി വ്യവസായി ഏകോപന സമിതി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

പ്രളയത്തിനു പിന്നാലെ തന്നെ തകർന്ന നിലയിലാണ് വ്യാപാര സ്ഥാപനങ്ങൾ. ഒന്നാം കൊവിഡ് തരംഗം അതിജീവിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ഓണം സമയമാണ് വരുന്നത്. ആ സമയത്തും ലോക്ക്ഡൗൺ തുടരുന്നത് അംഗീകരിക്കാനാവില്ല എന്നും വ്യാപാരികൾ പറയുന്നു.

നേരത്തെ, സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാത്തതില്‍ സംസ്ഥാന സർക്കാരിനെ വീണ്ടും ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. സംസ്ഥാനത്തെ ബഹുഭൂരിപക്ഷം ഔട്ട്‌ലെറ്റുകളിലും അടിസ്ഥാന സൗകര്യങ്ങളില്ല. കോടതി ഇടപെടല്‍ ഉണ്ടാകുമ്പോള്‍ മാത്രമേ നടപടി എടുക്കുന്നുള്ളൂവെന്നും വിമര്‍ശനമുയര്‍ന്നു. എന്നാല്‍ മദ്യവില്‍പന ശാലകളിലെ തിരക്ക് കുറയ്ക്കാന്‍ പ്രവര്‍ത്തനസമയം കൂട്ടിയതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ചത്. മദ്യവില്‍പന ശാലകള്‍ക്ക് മുന്നിലൂടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നടക്കാനാകാത്ത അവസ്ഥയാണെന്ന് കോടതി കുറ്റപ്പടുത്തി. ഇത്തരം ആള്‍കൂട്ടം സമീപത്ത് താമസിക്കുന്നവര്‍ക്ക് ഭീതി ഉണ്ടാക്കുന്നു. ഇത് എന്ത് സന്ദേശമാണ് നല്‍കുകയെന്ന് കോടതി സര്‍ക്കാരിനോട് ആരാഞ്ഞു. മദ്യവില്‍പന ശാലകള്‍ കുറേക്കൂടി പരിഷ്‌കൃതമായ രീതിയില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.

ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തൊണ്ണൂറ്റിയാറ് വില്‍പനശാലകള്‍ മാറ്റിസ്ഥാപിക്കാന്‍ നടപടി തുടങ്ങിയതായും തിരക്ക് കുറയ്ക്കാന്‍ രാവിലെ ഒന്‍പത് മണിക്ക് മുന്‍പായി മദ്യവില്‍പന ശാലകള്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ബിവറേജസ് ഔട്ട്‌ലെറ്റുകളിലെ തിരക്ക് കുറയ്ക്കാന്‍ എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിക്കാനും ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കേസ് ഓഗസ്റ്റ് 11ലേക്ക് പരിഗണിക്കാനായി മാറ്റി. തൃശൂര്‍ കുറുപ്പം റോഡിലെ ബിവറേജ് ഔട്ട്‌ലെറ്റിലെ ആള്‍കൂട്ടവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശങ്ങള്‍.