ആന്ധ്രപ്രദേശ്: ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍ ആറ് വിവിധ ഭാഷാ തൊഴിലാളികളെ മരിച്ച നിലയില്‍ കണ്ടെത്തി. ഗുണ്ടൂരിലെ ലങ്കാവനി ദിബ ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന ചെമ്മീന്‍ ഹാച്ചറിയിലെ തൊഴിലാളികളാണ് മരിച്ചത്. രാത്രിയില്‍ തൊഴിലാളികള്‍ ഉറങ്ങുന്നതിനിടെ വൈദ്യുതാഘാതമേറ്റതാകാം മരണ കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

രാമമൂര്‍ത്തി, കിരണ്‍, മനോജ്, പണ്ഡാവോ, മഹീന്ദ്ര, നവീന്‍ എന്നിവരാണ് മരിച്ചത്. ഇവര്‍ ഒഡിഷ, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. അപകട സ്ഥലത്ത് നിന്ന് ബ്ലീച്ചിങ് പൗഡര്‍ അടക്കമുള്ള ചില വസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ എങ്ങനെയാണ് വൈദ്യുതാഘാതം ഏറ്റതെന്ന കാര്യത്തില്‍ വ്യക്തതയില്ല.

സംഭവ സ്ഥലത്ത് വൈദ്യുതി ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ പരിശോധന നടത്തുന്നുണ്ട്. സ്ഥാപന ഉടമയേയും മാനേജരെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഫോറന്‍സിക്ക് പരിശോധനക്ക് ശേഷം കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.