ഐഎന്‍എല്ലിലെ ഇരുവിഭാഗവും ഒത്തുതീര്‍പ്പിലേക്ക് എന്ന് സൂചന. യോജിച്ചുപോകണമെന്ന സിപിഐഎം നേതൃത്വത്തിന്റെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് ഇരുവിഭാഗങ്ങളും ഒത്തുതീര്‍പ്പിലേക്ക് എത്തുന്നത്. ഒത്തുതീര്‍പ്പിന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ മുന്‍കൈ എടുക്കണമെന്നാണ് വഹാബ് പക്ഷത്തിന്റെ ആവശ്യം. എ പി അബ്ദുള്‍ വഹാബ് തിരുവനന്തപുരത്ത് സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലെത്തി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഉച്ചയ്ക്ക് ശേഷം കോടിയേരി ബാലകൃഷ്ണനെയും അബ്ദുള്‍ വഹാബ് കാണുമെന്നാണ് വിവരം. എല്ലാവരും ഒരുമിച്ച് പോകണമെന്നാണ് ആഗ്രഹമെന്ന് ചര്‍ച്ചയ്ക്ക് ശേഷം അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.

വാരാന്ത്യ ലോക്ക്ഡൗണ്‍ ദിവസമായ ഞായറാഴ്ച കൊച്ചിയില്‍ ചേര്‍ന്ന ഐഎന്‍എല്‍ യോഗത്തിലാണ് തര്‍ക്കമുണ്ടാകുന്നതും പിളരുന്നതും. ഇരുവിഭാഗങ്ങളും തര്‍ക്കങ്ങള്‍ പരിഹരിച്ച് മുന്നോട്ടുപോകണമെന്ന് എല്‍ഡിഎഫ് നേതൃത്വം മുന്നറിയിപ്പ് നല്‍കിയിരുന്നു.സംസ്ഥാന അധ്യക്ഷന്‍ എ.പി.അബ്ദുള്‍ വഹാബും അനുകൂലികളും നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു എല്‍ഡിഎഫ് നേതാക്കള്‍ നിലപാട് വ്യക്തമാക്കിയത്.

എ.പി.അബ്ദുള്‍ വഹാബിന്റേയും ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിന്റേയും നേതൃത്വത്തില്‍ ഐഎന്‍എല്‍ രണ്ടു ചേരിയായതില്‍ എല്‍ഡിഎഫ് നേതൃത്വം കടുത്ത അമര്‍ഷത്തിലാണ്. ഇരുവിഭാഗങ്ങളും പ്രശ്നങ്ങള്‍ പരിഹരിച്ച് ഒന്നിച്ചുപോകണമെന്ന് സിപിഐഎം നിര്‍ദേശം നല്‍കിയതിനു പിന്നാലെയായിരുന്നു കൊച്ചിയിലെ തമ്മില്‍തല്ല്. ഈ പശ്ചാത്തലത്തില്‍ എ പി അബ്ദുള്‍ വഹാബും അനുകൂലികളും തലസ്ഥാനത്തെത്തി കാനം രാജേന്ദ്രനേയും എ.വിജയരാഘവനേയും കാണുകയുമുണ്ടായി.

ഐഎന്‍എല്ലിലെ പ്രശ്നങ്ങള്‍ തെരുവിലേക്കെത്തിയത് മുന്നണിക്ക് നാണക്കേടായെന്നായിരുന്നു കാനം രാജേന്ദ്രന്റെ നിലപാട്. അനുരഞ്ജനത്തിന്റെ വാതിലുകള്‍ കൊട്ടിയടഞ്ഞിട്ടില്ലെന്നും പ്രവര്‍ത്തകര്‍ ഭൂരിഭാഗവും തങ്ങള്‍ക്കൊപ്പമാണെന്നുമായിരുന്നു എ.പി.അബ്ദുള്‍ വഹാബിന്റെ പ്രതികരണം.