ഐഎന്‍എല്‍ സമവായ ശ്രമങ്ങള്‍ക്കിടെ നിലപാടില്‍ ഉറച്ച് കാസിം ഇരിക്കൂര്‍ വിഭാഗം. മന്ത്രി സ്ഥാനത്തേക്കള്‍ വലുത് പ്രത്യയ ശാസ്ത്രമാണ്. എ പി അബ്ദുള്‍ വഹാബ് വിഭാഗവുമായി ചേര്‍ന്ന് പോകാന്‍ സാധിക്കില്ലെന്ന് പാര്‍ട്ടി നേതാവ് ഡോ എ എ അമീന്‍ പറഞ്ഞു. മന്ത്രി സ്ഥാനം ഇടത് മുന്നണി തിരിച്ചെടുക്കുന്നെങ്കില്‍ തിരിച്ചെടുക്കട്ടെ. മന്ത്രി സ്ഥാനം കിട്ടത്തവരുടെ കുതന്ത്രമാണിത്. പ്രസിഡന്റിനെ അവര്‍ വശത്താക്കി. ഒന്നോ രണ്ടോ പേര്‍ പോയാല്‍ വലിയൊരു പ്രസ്ഥാനം പിളരുകയില്ലെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ ഐഎന്‍എല്ലില്‍ ഇരുവിഭാഗവും ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തി. ഭിന്നിച്ച് മുന്നണിയില്‍ തുടരാനാവില്ലെന്ന സിപിഐഎമ്മിന്റെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് അനുരഞ്ജനത്തിന് വഴിയൊരുങ്ങുന്നത്. എ പി അബ്ദുള്‍ വഹാബ് വിഭാഗം പ്രശ്‌നപരിഹാരത്തിന് സാധ്യത തേടി മന്ത്രി അഹമ്മദ് ദേവര്‍കോവിലുമായി ചര്‍ച്ച നടത്തി.

വിമതവിഭാഗത്തിന് നേതൃത്വം നല്‍കുന്ന എ പി അബ്ദുള്‍ വഹാബാണ് രാവിലെ ആറരയ്ക്ക് തൈക്കാട് ഗസ്റ്റ് ഹൗസിലെത്തി മന്ത്രി അഹമ്മദ് ദേവര്‍കോവിലുമായി ഒരുമണിക്കൂര്‍ ചര്‍ച്ച നടത്തിയത്. ചര്‍ച്ചയില്‍ പ്രതീക്ഷയെന്നും പ്രവര്‍ത്തകരുടെ വികാരത്തിന് പ്രാധാന്യമില്ലെന്നും അബ്ദുള്‍ വഹാബ് പറഞ്ഞു. ഐഎന്‍എല്ലിലെ പ്രശ്‌നം പരിഹരിക്കാന്‍ കാന്തപുരം വിഭാഗവും ശ്രമം തുടങ്ങി. ഭിന്നത ഉടന്‍ പരിഹരിക്കുമെന്നാണ് സൂചന.