കൊടുങ്ങല്ലൂര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച യുവാവില്‍നിന്ന് 1,78,500 രൂപയുടെ കള്ളനോട്ട് പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് അനേകം കള്ളനോട്ടുകേസുകളില്‍ പ്രതികളായ സഹോദരന്മാര്‍ അറസ്റ്റില്‍. ശ്രീനാരായണപുരം പനങ്ങാട് അഞ്ചാംപരത്തി ഏറാശ്ശേരി രാകേഷ് (37), സഹോദരന്‍ രാജീവ് (35) എന്നിവരെയാണ് ബെംഗളൂരുവില്‍നിന്ന് കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി. സലീഷ് എന്‍. ശങ്കരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഏഴിന് പുലര്‍ച്ചെ ഒരുമണിയോടെയാണ് കരൂപ്പടന്നയില്‍ സ്‌കൂട്ടര്‍ മതിലില്‍ ഇടിച്ച്‌ പരിക്കേറ്റ് ആശുപത്രിയിലായ മേത്തല കോന്നംപറമ്ബില്‍ ജിത്തുവിന്റെ കൈയില്‍നിന്ന് കള്ളനോട്ടുകള്‍ കിട്ടിയത്. ജിത്തുവിനെ ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ജിത്തുവിന് മുന്‍ കള്ളനോട്ടുകേസുകളിലെ പ്രതികളായ രാകേഷും രാജീവുമായി ബന്ധമുണ്ടെന്ന് സൂചന ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ അറസ്റ്റിലായത്. രാകേഷ് മുന്‍പു യുവമോര്‍ച്ചയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇയാളുടെ കള്ളനോട്ട് കേസിനെ തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ പാര്‍ട്ടി പുറത്താക്കിയിരുന്നു. കള്ളനോട്ട് കേസില്‍ നിരവധി തവണ ഇയാളെ അറസ്റ്റ് ചെയ്തത് ഗൂഢാലോചന ഉണ്ടെന്നാണ് സോഷ്യല്‍ മീഡിയ ആരോപണം. കള്ളനോട്ട് കേസില്‍ അറസ്റ്റിലായ ഇയാളെ വീണ്ടും ജാമ്യത്തില്‍ വിടുകയും വീണ്ടും അറസ്റ്റ് ചെയ്യുകയും മാധ്യമങ്ങളിലൂടെ മുന്‍ യുവമോര്‍ച്ചാ നേതാവ് എന്ന തലക്കെട്ടില്‍ വര്‍ത്തയാക്കാനാണോ എന്നാണ് ഇവരുടെ ചോദ്യം. ഇയാള്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന ആളാണെങ്കില്‍ എന്തിനാണ് ഇയാളെ പുറത്തു വിടുന്നതെന്നും ഇവര്‍ ചോദിക്കുന്നു .