ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന് ഒരു സ്വപ്നം ഉണ്ടായിരുന്നു: ബഹിരാകാശത്തേക്ക് യാത്ര ചെയ്യുക എന്നതായിരുന്നു അത്. തന്റെ ബ്ലൂ ഒറിജിന്‍ സ്പേസ്ഷിപ്പില്‍ മറ്റ് മൂന്ന് പേരോടൊപ്പം ബഹിരാകാശ യാത്ര നടത്തിക്കൊണ്ട് ലോകത്തെ ഭീമന്‍ ഓണ്‍ലൈന്‍ ഡെലിവറി കമ്ബനിയുടെ മുന്‍ സി ഇ ഒ ചരിത്രം സൃഷ്ടിച്ചത് കഴിഞ്ഞ ആഴ്ചയാണ്. ബെസോസിനെയും അദ്ദേഹത്തിന്റെ സഹോദരന്‍ മാര്‍ക്ക് ബെസോസിനെയും ബഹിരാകാശയാത്ര നടത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായ 82-കാരിയായ വൈമാനിക വാലി ഫങ്കിനെയും അനുഗമിച്ചുകൊണ്ട് 18 വയസുകാരനായ ഭൗതികശാസ്ത്ര വിദ്യാര്‍ത്ഥി ഒലിവര്‍ ഡീമനും ആ യാത്രയില്‍ പങ്കാളിയായിരുന്നു. ഭൂമിയുടെ അന്തരീക്ഷത്തിന്റെ അതിര്‍ത്തികള്‍ ഭേദിച്ചു കൊണ്ടുള്ള 10 മിനിറ്റ് മാത്രം നീണ്ടുനിന്ന യാത്രയ്ക്കായി പര്യവേക്ഷണ കമ്ബനിയായ ബ്ലൂ ഒറിജിന് ധനസഹായം നല്‍കാന്‍ തന്റെ കമ്പനി ആമസോണിന്റെ ദശലക്ഷക്കണക്കിന് ഡോളറുകള്‍ മൂല്യമുള്ള ഓഹരികള്‍ വിറ്റഴിക്കുകയായിരുന്നു ജെഫ് ബെസോസ്. ബഹിരാകാശയാത്ര എന്ന തന്റെ സ്വപ്നം നിറവേറിയത് കഴിഞ്ഞ ആഴ്ച ആയിരുന്നെങ്കിലും ബെസോസിന്റെ മനസ്സില്‍ ഈ ആഗ്രഹം ഇടം പിടിച്ചിട്ട് കുറെ കാലമായി.

കൃത്യമായി പറഞ്ഞാല്‍ 21 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹത്തിന്റെ മനസില്‍ ഈ മോഹം മൊട്ടിട്ടത്. 2 പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഒരു അഭിമുഖത്തില്‍ ചാര്‍ളി റോസുമായി തന്റെ ബഹിരാകാശ സ്വപ്നങ്ങളെക്കുറിച്ച്‌ സംസാരിക്കുന്ന ബെസോസിന്റെ വീഡിയോ ഇപ്പോള്‍ ട്വിറ്ററില്‍ പ്രചരിക്കുകയാണ്. അഭിമുഖത്തിനിടെ ആമസോണിന്റെ സി ഇ ഒ അല്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നു എന്ന് ചാര്‍ളി റോസ് ബെസോസിനോട് ചോദിക്കുന്നുണ്ട്. ‘വലിയ പ്രതീക്ഷകളൊന്നും ഞാന്‍ പങ്കുവെയ്ക്കുന്നില്ലെങ്കിലും കഴിയുമെങ്കില്‍ ബഹിരാകാശ പര്യവേക്ഷണത്തില്‍ സഹായിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്’ എന്നായിരുന്നു ആ ചോദ്യത്തിന് ബെസോസിന്റെ മറുപടി. ബെസോസിന്റെ മറുപടിയോട് പ്രേക്ഷകര്‍ പ്രതികരിച്ചത് കൂട്ടച്ചിരിയോടെയാണ്. എന്നാല്‍, റോസിന് ആ മറുപടി യുക്തിസഹമായാണ് തോന്നിയത്. ‘നിങ്ങള്‍ പൂര്‍ണമായും മനസ് വെച്ചാല്‍ ഒരു വഴി തുറന്നു കിട്ടാതിരിക്കില്ല’ എന്നാണ് റോസ് അതിനോട് പ്രതികരിച്ചത്. എന്നാല്‍, ബെസോസിന്റെ ഡയറക്റ്റര്‍ ബോര്‍ഡും ഓഹരി ഉടമകളും ഇതില്‍ സന്തുഷ്ടരാകണമെന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നുണ്ട്. ‘അതെ, അത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്’, ബെസോസും സമ്മതിക്കുന്നു.

ബുദ്ധിമുട്ടായിരുന്നെങ്കിലും ആ ആഗ്രഹം നിറവേറ്റിയിരിക്കുകയാണ് ബെസോസ്. ഈ സ്വപ്നം നടക്കാന്‍ പോകുന്നില്ലെന്ന് കരുതി ചിരിച്ച ആ പഴയ അഭിമുഖത്തിന്റെ പ്രേക്ഷകരെ നോക്കി ഇനി ബെസോസിന് ചിരിക്കാം. അടുത്ത 20 വര്‍ഷത്തിനുള്ളില്‍ സാങ്കേതികവിദ്യയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാകുമെന്നും അത് ബഹിരാകാശയാത്ര കൂടുതല്‍ എളുപ്പമാക്കാന്‍ സഹായിക്കുമെന്നും ആ അഭിമുഖത്തില്‍ ബെസോസ് കൃത്യമായി പ്രവചിക്കുന്നുണ്ട്. ആര്‍ പി ജി എന്റര്‍പ്രൈസ് ചെയര്‍മാന്‍ ഹര്‍ഷ ഗോയെങ്ക തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവെച്ചതോടെയാണ് ഈ വീഡിയോ ഇപ്പോള്‍ വൈറലായി മാറിയത്.