മുംബൈ : അശ്ലീല ചിത്ര നിര്‍മ്മാണക്കേസില്‍ രാജ് കുന്ദ്ര അറസ്റ്റിലായതിന് പിന്നാലെ തനിക്കെതിരെ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നുവെന്ന് ആരോപിച്ച്‌ ഭാര്യ ശില്‍പ ഷെട്ടി ഹൈക്കോടതിയില്‍. മാദ്ധ്യമങ്ങള്‍ തനിക്കെതിരെ തെറ്റായ പ്രചാരണങ്ങള്‍ നടത്തുവെന്ന് ആരോപിച്ചാണ് ശില്‍പ്പ ഷെട്ടിയുടെ ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. 29 മാദ്ധ്യമപ്രവര്‍ത്തകര്‍ക്കും ചില മാദ്ധ്യമങ്ങള്‍ക്കും എതിരെ താരം മാനനഷ്ടക്കേസ് നല്‍കി.

വായനക്കാരുടേയും കാഴ്ചക്കാരുടേയും എണ്ണം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാദ്ധ്യമങ്ങള്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. ഇത്തരം പ്രചാരണങ്ങള്‍ തന്റെ ബ്രാന്റിംഗിനെയും ആരാധകരേയും പ്രതികൂലമായി ബാധിച്ചുവെന്ന് താരം ഹര്‍ജിയില്‍ പറയുന്നു. മാദ്ധ്യമങ്ങളായ ഇന്ത്യന്‍ എക്‌സ്പ്രസ്, ഇന്ത്യ ടിവി, പ്രസ് ജേണല്‍, എന്‍ഡിടിവി എന്നിവയ്‌ക്കെതിരെയാണ് ശില്‍പ ഷെട്ടി മാനനഷ്ടക്കേസ് നല്‍കിയത്.

ഇത്തരം തെറ്റായ വാര്‍ത്തകള്‍ നല്‍കുന്ന മാദ്ധ്യമങ്ങള്‍ നഷ്ടപരിഹാരം നല്‍കണമെന്നും വാര്‍ത്തകള്‍ അവരുടെ പേജില്‍ നിന്നും നീക്കം ചെയ്യണമെന്നും ശില്‍പ ഷെട്ടി പറഞ്ഞു. 25 കോടി രൂപയാണ് താരം നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. കേസ് കോടതി ഇന്ന് പരിഗണിക്കും.

അശ്ലീല ചിത്രം നിര്‍മ്മിച്ച കേസില്‍ വ്യവസായിയും ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്രയെ ഈ മാസം 19 നാണ് മുംബൈ പോലീസ് ക്രൈം ബ്രഞ്ച് സംഘം അറസ്റ്റ് ചെയ്തത്. നിലവില്‍ കുന്ദ്ര 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.