ലോകത്തെയാകെ പ്രതിസന്ധിയിലാക്കിയ കോവിഡ് മഹാമാരിക്കെതിരെ പ്രതീക്ഷയേകുന്ന കണ്ടെത്തലുമായി ജര്‍മ്മനിയിലെ മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട്. ഇവിടുത്തെ ഗവേഷകര്‍ വികസിപ്പിച്ചെടുത്ത ആന്‍റിബോഡിക്ക് ആയിരം ഇരട്ടിയില്‍ നോവെല്‍ കൊറോണ വൈറസിനെ നിര്‍വീര്യമാക്കാനാകുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. തെക്കേ അമേരിക്കയില്‍ കാണപ്പെടുന്ന സസ്തനികളായ അല്‍പാകസിന്റെ രക്തത്തില്‍ നിന്നാണ് ആന്റിബോഡികള്‍ വികസിപ്പിച്ചത്. അവ ‘വളരെ ശക്തവും സുസ്ഥിരവുമാണ്’ ഗവേഷകര്‍ അഭിപ്രായപ്പെട്ടു.

പഠനത്തിനായി, കൊറോണ വൈറസ് സ്പൈക്ക് പ്രോട്ടീന്‍ മൂന്ന് അല്‍പാക്കകളില്‍ കുത്തിവെച്ചു. വളരെ വേഗം ഈ മൂന്നു മൃഗങ്ങളും ആന്റിബോഡികള്‍ ഉത്പാദിപ്പിച്ചു. അതിനുശേഷം ശാസ്ത്രജ്ഞര്‍ അവയില്‍ നിന്ന് രക്തത്തിന്റെ ഒരു ചെറിയ സാമ്ബിള്‍ പുറത്തെടുത്തു. പിന്നീട് അതില്‍നിന്ന് ആന്‍റിബോഡികള്‍ വേര്‍തിരിച്ചെടുക്കാന്‍ ബാക്ടീരിയോഫേഗസുകള്‍ (ബാക്ടീരിയയെ ബാധിക്കുന്ന വൈറസുകള്‍) ഉപയോഗിച്ചു. ഇവ പിന്നീട് നോവെല്‍ കൊറോണ വൈറസിനെതിരെയുള്ള പരീക്ഷിച്ചു. തുടര്‍ച്ചയായി നിരീക്ഷിച്ചതില്‍നിന്നാണ് ഈ ആന്‍റിബോഡിക്ക് ആയിരം ഇരട്ടിയില്‍ കോവിഡിനെ പ്രതിരോധിക്കാനാകുമെന്ന് വ്യക്തമായത്. ‘ഈ ആന്റിബോഡികള്‍ കൊറോണയുടെ ആല്‍ഫ, ബീറ്റ, ഡെല്‍റ്റ, ഗാമ എന്നിവയുള്‍പ്പെടെയുള്ള അതിന്റെ എല്ലാ വകഭേദങ്ങള്‍ക്കുമെതിരെ അങ്ങേയറ്റം സ്ഥിരതയോടെയും മികച്ച ഫലപ്രാപ്തിയോടെയും പ്രവര്‍ത്തിക്കുന്നു,’ എം‌പി‌ഐ ഫോര്‍ ബയോഫിസിക്കല്‍ കെമിസ്ട്രി ഡയറക്ടര്‍ ഡിര്‍ക്ക് ഗോര്‍ലിച്ച്‌ പറഞ്ഞു. നാനോബോഡികള്‍ എന്നും അറിയപ്പെടുന്ന ഈ മിനി ആന്റിബോഡികള്‍ നിലവില്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കായി തയ്യാറാക്കുന്നുണ്ടെന്ന് ഗവേഷകര്‍ പറഞ്ഞു.

വൈറസിനെ നിര്‍വീര്യമാക്കുന്നതിന് മുമ്ബ് വികസിപ്പിച്ച ആന്റിബോഡികളേക്കാള്‍ 1000 മടങ്ങ് മികച്ചതാണ് ഈ നാനോബോഡികള്‍ എന്ന് ഇഎം‌ബി‌ഒ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ഈ നാനോബോഡികള്‍ കുറഞ്ഞ ചെലവില്‍ ഉത്പാദിപ്പിക്കാമെന്നും വലിയ അളവില്‍ കോവിഡ് -19 ചികിത്സയ്ക്കുള്ള ആഗോള ആവശ്യത്തിന് പരിഹാരമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എം‌പി‌ഐ പോലെ ഒരു ജര്‍മ്മന്‍ ഇന്‍സ്റ്റിറ്റ്യൂട്ടായ യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്റര്‍ ഗോയിറ്റിംഗെന്‍ (യു‌എം‌ജി) യിലെ ശാസ്ത്രജ്ഞരുടെ പങ്കാളിത്തവും ഗവേഷണത്തിന് നിര്‍ണായകമായി. നാനോബോഡികള്‍ക്ക് അവയുടെ പ്രവര്‍ത്തനങ്ങളോ സംയോജനങ്ങളോ നഷ്ടപ്പെടാതെ 95 ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയെ അതിജീവിക്കാന്‍ കഴിയും. ഫലപ്രദമായി അവ മനുഷ്യ ശരീരത്തില്‍ വളരെക്കാലം സജീവമായി തുടരാം, ‘യു‌എം‌ജിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മോളിക്യുലര്‍ ഓങ്കോളജി ഡയറക്ടര്‍ മത്തിയാസ് ഡോബ്ലെസ്റ്റൈന്‍ പറഞ്ഞു.

രോഗകാരികള്‍ക്കെതിരെ പോരാടുന്നതിന് ആന്റിബോഡികള്‍ രോഗപ്രതിരോധ സംവിധാനത്തെ സഹായിക്കുന്നു. ഇവ വ്യാവസായികമായി ഉല്‍‌പാദിപ്പിക്കുകയും ഗുരുതരമായ രോഗികള്‍ക്ക് ചികിത്സയുടെ ഭാഗമായി നല്‍കുകയും ചെയ്യും. ആന്റിബോഡികള്‍ ഒരു മരുന്ന് പോലെ പ്രവര്‍ത്തിക്കുന്നു, ലക്ഷണങ്ങളെ ലഘൂകരിക്കുന്നു, രോഗമുക്തി നേടാനുള്ള കാലയളവ് ഗണ്യമായി കുറയ്ക്കുന്നു.