ബംഗളുരു: മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ കര്‍ണ്ണാടകയില്‍ നിര്‍ണ്ണായക കരുനീക്കവുമായി ബി എസ് യെദിയൂരപ്പ. മകന്‍ ബി വെെ വിജയേന്ദ്രയെ ബസവരാജ് ബൊമ്മെ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയാക്കാന്‍ നീക്കം നടത്തുന്നതായാണ് സൂചന.

അതേസമയം, യെദിയൂരപ്പ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായിരുന്ന കെ എസ് ഈശ്വരപ്പയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കിയില്ലെങ്കില്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന പിന്നോക്ക സമുദായ നേതാക്കളുടെ മുന്നറിയിപ്പും നിലനില്‍ക്കുന്നുണ്ട്.

കര്‍ണാടകയില്‍ പാര്‍ട്ടിയെ വളര്‍ത്തിയ നേതാവാണ് ഈശ്വരപ്പ. അദ്ദേഹമായിരുന്നു മുഖ്യമന്ത്രിയാകേണ്ടതായിരുന്നത്. എന്നാല്‍ കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം മറ്റൊന്നായിരുന്നു. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കണമെന്നും അല്ലാത്ത പക്ഷം ബിജെപി സംസ്ഥാനത്ത് വലിയ തിരിച്ചടികള്‍ നേരിടുമെന്നാണ് മുന്നറിയിപ്പ്.

എന്നാല്‍ കേന്ദ്ര നിരീക്ഷക സംഘത്തിന്റെ നിര്‍ദ്ദേശമെന്ന നിലയില്‍ വിജയേന്ദ്രയുടെ പേര് മുന്നോട്ടുവയ്ക്കാനാണ് യെദിയൂരപ്പയുടെ നീക്കം. അതേസമയം, പാര്‍ട്ടിയില്‍ യെദിയൂരപ്പയോട് വിയോജിച്ചു നില്‍ക്കുന്ന എംഎല്‍എമാരും ശക്തമായ എതി‍ര്‍പ്പ് ഉയര്‍ത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

യെദിയൂരപ്പയുടെ രണ്ടാമത്തെ മകനായ ബി വൈ വിജയേന്ദ്ര യെദിയൂരപ്പയുടെ രാഷ്ട്രീയ പിന്‍ഗാമിയായാണ് നിരീക്ഷിക്കപ്പെടുന്നത്. കര്‍ണ്ണാടക ബിജെപി വൈസ് പ്രസിഡന്‍്റായ വിജയേന്ദ്ര അഭിഭാഷകനുമാണ്.