ബിജെപിക്കെതിരായ വിശാല സഖ്യത്തില്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ പ്രാദേശിക പാര്‍ടികളുടെ പ്രാതിനിധ്യം ഉറപ്പിക്കാന്‍ ഒരുങ്ങി മമത ബാനര്‍ജി. വര്‍ഷകാല സമ്മേളനത്തിന് ശേഷം ഇക്കാര്യത്തില്‍ ചര്‍ചകള്‍ നടത്തുമെന്നാണ് റിപോര്‍ട്. അതിനിടെ പെഗാസെസിലെ മമതയുടെ ഇടപെടലിനെ പുകഴ്ത്തി ശിവേസന രംഗത്തെത്തിയിരുന്നു.

വിശാലസഖ്യ രൂപീകരണത്തിനുള്ള മമതയുടെ നീക്കത്തില്‍ നിര്‍ണായകമായിരുന്നു സോണിയ ഗാന്ധിയും രാഹുല്‍ഗാന്ധിയുമായുള്ള കൂടിക്കാഴ്ച. പ്രാദേശിക തലത്തിലും ബിജെപിക്കെതിരായി സഖ്യം വേണമെന്ന ചര്‍ചയിലെ തീരുമാനമനുസരിച്ചാണ് മമതയുടെ പുതിയ നീക്കങ്ങള്‍. കനിമൊഴിയുമായി ചര്‍ച നടത്തുന്ന മമത ബാനര്‍ജി സഖ്യത്തിലേക്ക് ഡിഎംകെയുടെ പിന്തുണ കൂടി ഉറപ്പിക്കുകയാണ്. തുടര്‍ഘട്ടങ്ങളില്‍ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനടക്കമുള്ള നേതാക്കളെയും കാണാന്‍ പദ്ധതിയുണ്ട്.

ന്യൂഡെല്‍ഹിക്ക് പിന്നാലെ കേരളവും മമതയുടെ പരിഗണന പട്ടികയിലുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. സഖ്യ നീക്കങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച നടത്താനുള്ള സാധ്യതയുണ്ട്.

പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തിന് പിന്നാലെ ചര്‍ചകള്‍ സജീവമാക്കുന്ന മമത നവീന്‍ പട്നായിക്കിനേയും ജഗന്‍മോഹന്‍ റെഡിയയും സഖ്യത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.