മെക്​സികോ സിറ്റി: ഇസ്രായേലിന്‍റെ ചാര സോഫ്​റ്റ്​വെയറായ പെഗസസ്​ വാങ്ങാന്‍ മെക്​സികോ മുടക്കിയത്​ 453 കോടി രൂപയെന്ന്​ റിപ്പോര്‍ട്ട്​. മുന്‍ സര്‍ക്കാറിന്‍റെ ഭരണകാലത്ത്​ നടന്ന ഇടപാട്​ മെക്​സികോ ഭരണമുന്നണിയാണ്​ പുറത്ത്​ വിട്ടത്​. പ്രതിപഷ നേതാക്കളേയും മാധ്യമപ്രവര്‍ത്തകരേയും നിരീക്ഷിക്കുന്നതിനായാണ്​ സോഫ്​റ്റ്​വെയര്‍ വാങ്ങിയത്​.

ഇതിനായി 32 കരാറുകളാണ്​ ഒപ്പിട്ടിരിക്കുന്നത്​. 2006 മുതല്‍ 2012 വരെ ഫെലിപ്പെ കാഡ്രോണ്‍ പ്രസിഡന്‍റായപ്പോഴും 2012 മുതല്‍ 2018 എന്‍റിക്വേ പെന നിയേറ്റോ പ്രസിഡന്‍റായിരിക്കു​േമ്ബാഴും ഇടപാട്​ നടന്നുവെന്നാണ്​ റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം കള്ളപ്പണവുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്ന മെക്​സികോയിലെ ഏജന്‍സി ചാരസോഫ്​റ്റ്​വെയര്‍ വാങ്ങാന്‍ സര്‍ക്കാര്‍ പണം മുടക്കിയെന്ന്​ കണ്ടെത്തിയിരുന്നു.

പെഗസസ്​ സോഫ്​റ്റ്​വെയര്‍ ഉപയോഗിച്ചുള്ള ഫോണ്‍ചോര്‍ത്തല്‍ കഴിഞ്ഞ ദിവസങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക്​ വഴിവെച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ മെക്​സികോ സോഫ്​റ്റ്​വെയറിനായി മുടക്കിയ വലിയ തുകയുടെ കണക്കുകള്‍ പുറത്ത്​ വന്നത്​.