മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍ എന്ന സിനിമയില്‍ നടന്‍ ബാബു ആന്റണി പ്രധാന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ഷൂട്ടിംഗിന് പോയപ്പോള്‍ മണിരത്‌നം, കാര്‍ത്തി, വിക്രം എന്നിവരെ കണ്ടപ്പോഴുണ്ടായ സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം.

‘പൊന്നിയിന്‍ സെല്‍വന്റെ സെറ്റില്‍വച്ച്‌ ഇന്നലെ മണി സര്‍, വിക്രം, കാര്‍ത്തി എന്നിവരെ കണ്ടുമുട്ടിയത് വളരെ സന്തോഷമുള്ള കാര്യമായിരുന്നു. കാര്‍ത്തി കുട്ടിക്കാലം മുതല്‍ ഞാന്‍ നിങ്ങളുടെ വലിയ ആരാധകനായിരുന്നെന്ന് പറഞ്ഞു. അത് എന്നെ സംബന്ധിച്ച്‌ വലിയ അഭിനന്ദനമായിരുന്നു. വിക്രമും കുറേ സംസാരിച്ചു. വളരെക്കാലത്തിനുശേഷമാണ് ഞങ്ങള്‍ കണ്ടുമുട്ടുന്നത്.

‘അഞ്ജലി’യുടെ ചിത്രീകരണത്തിന് ശേഷം ഇപ്പോഴാണ് മണിസാറിനെ കണ്ടുമുട്ടുന്നത്, ഈ കൂടിക്കാഴ്ച വളരെ ഭാഗ്യം തന്നെയാണ്. ഇവരെല്ലാം പരസ്പര ബഹുമാനം കാത്തുസൂക്ഷിക്കുന്നവരാണ്. സാര്‍ ഞങ്ങള്‍ നിങ്ങളുടെ സിനിമകള്‍ കണ്ടാണ് വളര്‍ന്നതെന്ന് ടീമില്‍ നിന്നുള്ള പലരും പറഞ്ഞതില്‍ ഒത്തിരി സന്തോഷമുണ്ട്’ എന്നാണ് അദ്ദേഹം താരങ്ങളുടെ ചിത്രം പങ്കുവച്ചുകൊണ്ട് ഫേസ്ബുക്കില്‍ കുറിച്ചത്.