ന്യൂയോര്‍ക്ക് സിറ്റിയുടെ കീഴിലുള്ള വാക്സിനേഷന്‍ സൈറ്റില്‍ നിന്ന് കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിക്കുന്നവര്‍ക്ക് 100 ഡോളര്‍ നല്‍കുമെന്ന് മേയര്‍ ബില്‍ ഡി ബ്ലാസിയോ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച മുതല്‍ വാക്സിന്‍ നേടുന്നവര്‍ക്ക് ഈ ആനുകൂല്യം ലഭിച്ചുതുടങ്ങും.

സിറ്റിയിലെ 5 ബോറോകളില്‍ ഡെല്‍റ്റ വകഭേദം മൂലം കോവിഡ് വ്യാപനം ഉയര്‍ന്നിട്ടുണ്ടെങ്കിലും, ഇന്‍ഡോര്‍ മാസ്ക് മാന്‍ഡേറ്റ് വീണ്ടും ഏര്‍പ്പെടുത്താനുള്ള സിഡിസിയുടെ ശുപാര്‍ശയില്‍ വിശദമായി പഠിച്ച ശേഷമേ തീരുമാനം എടുക്കൂ എന്ന നിലപാടിലാണ് മേയര്‍. മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നത് മാത്രമാണ് സിഡിസിയുടെ ചുമതലയെന്നും, ഓരോ പ്രദേശത്തിനും സാഹചര്യം മുന്‍നിര്‍ത്തി ഉചിതമായ തീരുമാനം കൈക്കൊള്ളാന്‍ അധികാരമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മാസ്ക് മാന്‍ഡേറ്റ് പുനഃസ്ഥാപിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ടെങ്കിലും എടുത്തുചാടി തീരുമാനിക്കില്ലെന്ന് ആന്‍ഡ്രൂ കോമോയും പറഞ്ഞു. വാക്സിനേഷന്‍ നിരക്ക് വര്‍ദ്ധിപ്പിക്കുന്നത് വ്യാപനം കുറയ്ക്കുമെന്നതു കൊണ്ടാണ്, അതിനുള്ള മാര്‍ഗമെന്ന നിലയ്ക്ക് വാക്സിന്‍ സ്വീകരിക്കുന്നവര്‍ക്ക് 100 ഡോളര്‍ നല്‍കുമെന്ന പ്രഖ്യാപനം മേയര്‍ നടത്തിയിരിക്കുന്നത്. സിറ്റിയില്‍ 40 ശതമാനം ആളുകള്‍ വാക്സിന്‍ നേടാന്‍ ബാക്കിയുണ്ട്.