കോട്ടയം: റേസിങ് നടത്തുകയായിരുന്ന ബൈക്ക് മറ്റൊരു ബൈക്കിലേക്ക് ഇടിച്ചുകയറി മൂന്നുപേര്‍ മരിച്ചു. പോത്തോട് അമൃതശ്രീ വീട്ടില്‍ മുരുകന്‍ ആചാരി(67), ചങ്ങനാശ്ശേരി ടി ബി റോഡില്‍ കാര്‍ത്തിക ജൂവലറി ഉടമ പുഴവാത് കാര്‍ത്തികഭവനില്‍ സേതുനാഥ് നടേശന്‍ (41), പുതുപ്പള്ളി തച്ചുകുന്ന് പാലച്ചുവട്ടില്‍ പി എസ് ശരത് (18) എന്നിവരാണ് മരിച്ചത്. ബൈപ്പാസ് റോഡില്‍ ബുധനാഴ്ച രാത്രി ആറരയോടെയായിരുന്നു അപകടം.

മുരുകന്‍ ആചാരി പുഴവാതിലെ വീട്ടിലെത്തി സേതുനാഥിനെയുംകൂട്ടി കോട്ടയത്തേക്കുപോകുന്ന വഴിയാണ് അപകടമുണ്ടായത്. ഇവര്‍ കച്ചവടാവശ്യത്തിനായാണ് പോയത്. സേതുനാഥ് ഓടിച്ചിരുന്ന ബൈക്കിലേക്ക്, റേസിങ് നടത്തുകയായിരുന്ന ശരത്തിന്റെ ബൈക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മൂന്നുപേരും റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റു.