ലണ്ടന്‍: വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിന് നല്‍കിയ പൗരത്വം ഇക്വഡോര്‍ കോടതി പിന്‍വലിച്ചു. ബ്രിട്ടീഷ്​ തടവറയില്‍ കഴിയുന്ന അസാന്‍ജ്​ യഥാര്‍ത്ഥ രേഖകള്‍ മറച്ചുവച്ച്‌​ വ്യാജ തെളിവുകള്‍ നല്‍കിയെന്ന്​ ആരോപിച്ചാണ്​ നടപടി. ഒന്നിലേറെ ഒപ്പുകളും രേഖകളിലുണ്ടെന്നാണ് ഇക്വഡോര്‍ സര്‍ക്കാരിന്റെ ഭാഷ്യം. എന്നാല്‍, വിശദീകരണം നല്‍കാന്‍ അവസരം നല്‍കാതെയാണ്​ നടപടിയെന്ന്​ അസാന്‍ജിന്റെ അഭിഭാഷകന്‍ കാര്‍ലോസ്​ പൊവീദ പറഞ്ഞു.

ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അഭയം തേടിയ അസാന്‍ജിന് 2018ലാണ്​ പൗരത്വം നല്‍കിയത്​.

അമേരിക്കയില്‍ അസാന്‍ജിനെതിരെ 17 ചാരവൃത്തി കേസുകളുണ്ട്​. സൈനിക, നയതന്ത്ര രഹസ്യങ്ങള്‍ ചോര്‍ത്താന്‍ കമ്ബ്യൂട്ടര്‍ ദുരുപയോഗം ചെയ്​തതിന്​ വേറെയും കേസുണ്ട്​. 175 വര്‍ഷം വരെ തടവു ശിക്ഷ ലഭിച്ചേക്കാം​.

പൗരത്വം റദ്ദാക്കപ്പെട്ടതോടെ അസാന്‍ജിനെ അമേരിക്കയ്ക്ക്​ വിചാരണക്കായി കൈമാറിയേക്കും.