തൃക്കാക്കര നഗരസഭയിൽ തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന സംഭവത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നായകളെ കൊല്ലാൻ തീരുമാനമെടുത്തത് നഗരസഭാ അധ്യക്ഷ സെക്രട്ടറി, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൻ എന്നിവരാണെന്ന് ഹർജിയിൽ പറയുന്നു. അറസ്റ്റിലായവർ നഗരസഭ അധ്യക്ഷയെയും മറ്റുള്ളവരെയും സഹായിക്കാനാണ് തനിക്കെതിരെ മൊഴി നൽകിയതെന്നും ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായ തനിക്ക് അത്തരമൊരു തീരുമാനമെടുക്കാനാകില്ലെന്നും സജി കുമാറിന്റെ ഹർജിയിലുണ്ട്.

കഴിഞ്ഞ ദിവസം തെരുവ് നായയെ കൊന്ന സംഭവത്തിൽ കർശന നിർദേശവുമായി ഹൈക്കോടതി രംഗത്തെത്തിയിരുന്നു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത്. തെരുവ് നായ്ക്കളെ കൊന്നതിന് പിന്നിൽ മറ്റ് ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കും. അമിക്കസ് ക്യൂറിയുടെ സാന്നിധ്യത്തിൽ പ്രതികളുടെ മൊഴിയെടുക്കണമെന്നും ഹൈക്കോടതിയുടെ നിർദേശം.

തെരുവ് നായ്ക്കളെ കൊന്ന സംഭവത്തിൽ പങ്കില്ലെന്ന് തൃക്കാക്കര നഗരസഭ വ്യക്തമാക്കിയിരുന്നു. പങ്കുണ്ടെന്ന് തെളിഞ്ഞാൽ കർശന നടപടിയുണ്ടാകുമെന്ന് ഹൈക്കോടതി അറിയിച്ചു. നായയെ അടിച്ചുകൊന്നത് ഹോട്ടലുകളിൽ ഇറച്ചിക്കുവേണ്ടി എന്ന പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. മൂന്നു തമിഴ്നാട് സ്വദേശികളാണ് നായ അടിച്ചുകൊന്ന പിക്കപ്പ് വാനിൽ കയറ്റി കൊണ്ടുപോയത്.

നായയുടെ പിറകെ ഇവർ വടിയുമായി പോകുന്ന ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചിരുന്നു. പട്ടിയെ വലിച്ചുകൊണ്ടുപോയി ഇടുന്ന ദൃശ്യങ്ങളും കാണാം. മറ്റ് പട്ടികൾ ഓടി അകലുന്നുമുണ്ട്. പിന്നീടുള്ള ദൃശ്യങ്ങളിൽ പിക്കപ് വാൻ വരുന്നതും അതിലേക്ക് പട്ടിയെ വലിച്ചെറിയുന്നതും കാണാം.