തിരുവനന്തപുരം: സംസ്ഥാനത്തിന് കൂടുതല്‍ വാക്‌സിന്‍ ഡോസുകള്‍ നല്‍കി കേന്ദ്രസര്‍ക്കാര്‍. 9,72,590 ഡോസ് വാക്‌സിന്‍ കൂടി ലഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 8,97,870 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 74,720 ഡോസ് കോവാക്‌സിനുമാണ് ലഭ്യമായത്.

5 ലക്ഷം കോവീഷീല്‍ഡ് വാക്‌സിന്‍ എറണാകുളത്ത് എത്തിയിട്ടുണ്ട്. ഇതുകൂടാതെ എറണാകുളത്ത് കോവീഷില്‍ഡ് വാക്‌സിന്റെ 1,72,380 ഡോസും കോഴിക്കോട് 77,220 ഡോസും എത്തിയിരുന്നു. തിരുവനന്തപുരത്ത് 25,500, എറണാകുളത്ത് 28,740, കോഴിക്കോട് 20,480 എന്നിങ്ങനെ ഡോസ് കോവാക്‌സിനും എത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് 1,48,270 ഡോസ് കോവീഷീല്‍ഡ് വാക്‌സിന്‍ രാത്രിയോടെ എത്തും. ലഭ്യമായ വാക്‌സിന്‍ എത്രയും വേഗം വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെത്തിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്ന് വീണാ ജോര്‍ജ് അറിയിച്ചു.

സംസ്ഥാനത്ത് ഇപ്പോള്‍ ലഭിച്ച വാക്‌സിന്‍ മൂന്ന് നാല് ദിവസത്തേക്ക് മാത്രമേയുള്ളൂവെന്നും അതിനാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ വാക്‌സിന്‍ ആവശ്യമുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 1,90,02,710 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. അതില്‍ 1,32,86,462 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 57,16,248 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്.