പത്തനംതിട്ട | മല്ലപ്പള്ളി താലൂക്കിലെ കൊറ്റനാട് സര്‍വീസ് സഹകരണ ബേങ്കിനു കോടികളുടെ ബാധ്യത. ഭരണസമിതിക്ക് കോറം നഷ്ടമായതോടെ ബേങ്ക് അഡ്മിനിസ്ട്രേറ്റര്‍ ഭരണത്തിലായി. 13 അംംഗ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് പ്രസിഡന്റും വൈസ് പ്രസിഡന്റും രണ്ട് അംഗങ്ങളും ഒഴികെ രാജിവച്ചു. ഇടതുഭരണത്തിലായിരുന്നു ഭരണസമിതി.

കഴിഞ്ഞ 30 വര്‍ഷത്തോളം തുടര്‍ച്ചയായി ഇടത് മുന്നണി ഭരിക്കുന്ന വൃന്ദാവനം ആസ്ഥാനമാക്കിയുള്ള എ 153 നമ്ബര്‍ കൊറ്റനാട് സര്‍വീസ് സഹകരണ ബേങ്ക് മല്ലപ്പള്ളി താലൂക്കിലെ ഏറ്റവും പഴയ ബേങ്കാണ്. ഏഴ് പതിറ്റാണ്ടോളം പ്രവര്‍ത്തന പാരമ്ബര്യം ബാങ്കിനുണ്ട്. ഹെഡ് ഓഫീസ് കൂടാതെ പെരുമ്ബെട്ടിയില്‍ ഒരു ശാഖയും പ്രവര്‍ത്തിക്കുന്നുണ്ട്. 12 കോടിയിലധികം നിക്ഷേപ ധനമുള്ള ബേങ്ക് 2018-19 മുതല്‍ 8.5 കോടി രൂപയോളം കടത്തിലാണ്.

3.5 കോടിയിലധികം രൂപ മാത്രമാണ് വായ്പ തിരിച്ചടവിനത്തില്‍ ലഭിക്കാനുള്ളത്. ഇതാകട്ടെ സമീപകാലത്തു തിരികെ വരാന്‍ സാധ്യതയില്ലാത്തതുമാണ്. വായ്പാത്തുക തിരികെപിടിക്കുന്നതില്‍ കാലാകാലങ്ങളില്‍ അധികാരത്തിലിരുന്നവരും ജീവനക്കാരും താത്പര്യം കാട്ടാതെ വന്നതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.