സംസ്ഥാനത്തെ എം.ബി.ബി.എസ് അവസാന വർഷ പരീക്ഷ പൂർത്തിയാകാതെ ഹൗസ് സർജൻസി ആരംഭിക്കാൻ സർക്കാർ അടിയന്തര ഉത്തരവ് ഇറക്കി. നിലവിൽ ഹൗസ് സർജൻസി ചെയ്യുന്ന വിദ്യാർത്ഥികൾ സേവന കാലാവധി ദീർഘിപ്പിക്കുന്നതിനെതിരെ രംഗത്തെത്തിയതോടെയാണ് സർക്കാർ ഇടപെടൽ.

എംബിബിഎസുകാരുടെ ഹൗസ് സർജൻസി കാലാവധി മൂന്ന് മാസത്തേക്ക് കൂടി സർക്കാർ നീട്ടിയിരുന്നു. എന്നാൽ പി.ജി എൻട്രൻസ് പരീക്ഷയെ ബാധിക്കുമെന്ന കാരണം കാണിച്ച് നിലവിലെ ഹൗസ് സർജൻസിക്കാർ സേവന കാലാവധി ദീർഘിപ്പിക്കാനുള്ള തീരുമാനം അംഗീകരിച്ചില്ല. ഹൗസ് സർജൻസിക്കാർ സേവനം നിർത്തിയതോടെ സർക്കാർ മെഡിക്കൽ കോളജുകളുടെ പ്രവർത്തനം താളം തെറ്റി, അമിത ജോലിഭാരം വന്നതോടെ പി.ജി വിദ്യാർത്ഥികൾ സമരം തുടങ്ങി. ഇതോടെയാണ് ഹൗസ് സർജൻസി നീട്ടിയ തീരുമാനം പിൻവലിക്കാനും പുതിയ ബാച്ചിനെ അടിയന്തരമായി പ്രവേശിപ്പിക്കാനും തീരുമാനിച്ചത്.

2016 ബാച്ചിന്റെ അവസാന വർഷ പരീക്ഷയ്ക്ക് മുൻപുതന്നെ ഹൗസ് സർജൻസി തുടങ്ങാനാണ് പ്രത്യേക ഉത്തരവിൽ പറയുന്നത്. നാളെ പ്രാക്ടിക്കൽ പരീക്ഷ അവസാനിക്കുന്ന അവസാന വർഷ വിദ്യാർത്ഥികൾ തീയറി പരീക്ഷയ്ക്ക് മുമ്പ് ഓഗസ്റ്റ് ഒന്ന് മുതൽ തന്നെ ഹൗസ് സർജൻസിക്ക് കയറേണ്ടിവരും. കൊവിഡ് മൂലം 2016 ബാച്ചിന്റെ ക്ലാസ്സും പരീക്ഷയുമെല്ലാം നീണ്ടു പോവുകയായിരുന്നു.