ലണ്ടന്‍: വിജയ് മല്യയെ യു.കെ ഹൈക്കോടതി പാപ്പരായി പ്രഖ്യാപിച്ചു. സാമ്പത്തിക കുറ്റവാളിയായ മല്യയുടെ കിട്ടാക്കടം തിരിച്ചുപിടിക്കാന്‍ എസ്.ബി.ഐ ഉള്‍പ്പെടുന്ന ബാങ്കുകളുടെ കണ്‍സോര്‍ഷ്യം നീക്കം ഊര്‍ജിതമാക്കിയ സാഹചര്യത്തില്‍ ലോകമെമ്പാടുമുളള ആസ്തി മരവിപ്പിക്കലിന് ഈ ഉത്തരവ് സഹായകമാകുമെന്നാണ് നിഗമനം. ഇതോടൊപ്പം വിജയ് മല്യയെ ഇന്ത്യയിലേക്ക് വിട്ടുകിട്ടാനുള്ള നിയമ നടപടികളും പുരോഗമിക്കുകയാണ്.

ഇന്ത്യന്‍ ബാങ്കുകള്‍ക്ക് അനുകൂലമായി പാപ്പര്‍ ഉത്തരവ് ലഭിക്കണമെന്ന് ബാങ്കുകള്‍ക്ക് വേണ്ടി ഹാജരായ നിയമ സ്ഥാപനം ടിഎല്‍പി എല്‍എല്‍പിയും ബാരിസ്റ്റര്‍ മാര്‍സിയ ഷെകെര്‍ഡിമിയനും കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം, ഇന്ത്യന്‍ കോടതികളില്‍ കേസ് നടക്കുന്ന സാഹചര്യത്തില്‍ വിജയ് മല്യയ്‌ക്കെതിരായ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഫിലിപ് മാര്‍ഷല്‍ ആവശ്യപ്പെട്ടു.
എന്നാല്‍ മല്യ പരാതിക്കാര്‍ക്ക് നിശ്ചിത സമയത്തിനുള്ളില്‍ പണം പൂര്‍ണ്ണമായും കൊടുത്തുതീര്‍ക്കും എന്നതിന് മതിയായ തെളിവുകളില്ലെന്ന് വ്യക്തമാക്കിയ കോടതി അഭിഭാഷകന്റെ ആവശ്യം തള്ളി. പാപ്പരാക്കി ഉത്തരവിറാക്കിയതിനെതിരെ അപ്പീല്‍ നല്‍കുന്നതിന് അനുമതി തേടിയെങ്കിലും അതും കോടതി നിരസിച്ചു.