ബീജിംഗ് : വീട്ടുജോലിയില്‍ തന്നെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട പിതാവിനെതിരെ 14 കാരന്‍ പൊലീസില്‍ പരാതി നല്‍കി. ബാല വേല ചെയ്യിക്കുന്നുവെന്ന് ആരോപിച്ചാണ് കുട്ടി സ്വന്തം പിതാവിനെതിരെ പരാതി നല്‍കിയത്. ചൈനയിലെ അന്‍ഹുയ് പ്രവിശ്യയിലാണ് സംഭവം. അച്ഛനെതിരെ 14 വയസ്സുകാരനായ മകനാണ് പൊലീസില്‍ പരാതി നല്‍കുകയും, തന്റെ അച്ഛനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തത്.

മകന്റെ സ്മാര്‍ട്ട്ഫോണ്‍ അടിമത്തത്തില്‍ സഹികെട്ട അച്ഛന്‍ മകനെ നേര്‍ വഴിക്ക് നടത്താന്‍ ശ്രമിച്ചതാണ് പ്രശ്നമായത്. മകന്‍ ഏത്‌സമയും സ്മാര്‍ട്ട്‌ഫോണും പിടിച്ച്‌ കണ്ണ് ഫോണിന്റെ സ്‌ക്രീനില്‍ തന്നെ പതിപ്പിച്ചാണ് ഇരിക്കുന്നത് എന്ന് അച്ഛന്‍ പറയുന്നു. ഈ സ്വഭാവം കാരണം ഇവന്‍ പഠിക്കാന്‍ അശ്രദ്ധനാകുകയും ഗൃഹപാഠങ്ങളില്‍ അലംഭാവം പ്രകടിപ്പിക്കുകയും ആണ് ഇപ്പോള്‍ ചെയ്യുന്നത്.

മകന്റെ ഈ സ്വഭാവത്തില്‍ ആശങ്ക തോന്നിയ അച്ഛന്‍, അവന്റെ കൈയില്‍ നിന്ന് ഫോണ്‍ വാങ്ങി മാറ്റുകയും വീട്ടുപണിയില്‍ സഹായിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതില്‍ കോപിഷ്ഠനായ മകന്‍ അച്ഛന്‍ ശ്രദ്ധിക്കാതിരുന്ന സമയത്ത് വീടിന് പുറത്ത് കടക്കുകയും പ്രാദേശിക പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയും ആണ് ചെയ്തത്. തന്റെ അച്ഛന്‍ തന്നെ ‘നിയമ വിരുദ്ധമായ ബാലവേലയ്ക്ക്’ ബലം ഉപയോഗിച്ച്‌ പ്രേരിപ്പിക്കുന്നു എന്നാണ് കുട്ടി പോലിസിനെ ധരിപ്പിച്ചത്.

കുട്ടിയുടെ പരാതി കേട്ട പോലീസ് ഉദ്യോഗസ്ഥര്‍ സംഭവത്തെ കുറിച്ച്‌ കൂടുതല്‍ അറിയുന്നതിനായി കുട്ടിയോടൊപ്പം അവന്റെ വീട്ടിലെത്തി. വീട്ടിലെത്തിയ പോലീസ് കുട്ടിയുടെ പരാതിയെ കുറിച്ച്‌ അച്ഛനെ ധരിപ്പിച്ചു. കുട്ടിയുടെ കൃത്യത്തെ കുറിച്ചറിഞ്ഞ പിതാവ് ഞെട്ടിയെന്നാണ് പറയുന്നത്. തുടര്‍ന്ന്, നടന്ന സംഭവങ്ങള്‍ പിതാവ് പോലീനെ ധരിപ്പിക്കുകയായിരുന്നു.