ടുനിസ്: കൊവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയും സമ്ബദി വ്യവസ്ഥയിലെ തകര്‍ച്ചയും ചൂണ്ടിക്കാട്ടി ടുണീഷ്യയില്‍ ജനകീയ പ്രതിഷേധം തുടരുന്നതിനിടെ രാജ്യത്തെ പ്രധാനമന്ത്രി ഹിഷൈം മിഷൈഷിയെ പുറത്താക്കി, പാര്‍ലമെന്റിനെ പിരിച്ചുവിട്ട് പ്രസിഡന്റ് കൈസ് സഈദിന്റെ അപ്രതീക്ഷിത നീക്കം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹിഷൈം മിഷൈഷി സര്‍ക്കാരിനെതിരെയുള്ള പ്രക്ഷോഭം ശക്തമാകുകയും കഴിഞ്ഞ ദിവസങ്ങളില്‍ പലയിടങ്ങളിലുമായി പൊലീസും ജനങ്ങളുമായി ഏറ്റുമുട്ടലുകള്‍ ഉണ്ടായതിന് പിന്നാലെയാണ് തന്റെ പ്രത്യേക അധികാരം ഉപയോഗിച്ച്‌ അടുത്ത 30 ദിവസത്തേക്ക് പാര്‍ലമെന്‍റ് റദ്ദാക്കാന്‍ പ്രസിഡന്‍റ് കൈസ് സഈദ് ഉത്തരവിട്ടത്. എന്നാല്‍ പാര്‍ലമെന്റിലെ ഏറ്റവും വലിയ കക്ഷിയായ അന്നഹ്ദ, പ്രസിഡന്റിന്റെ നടപടിക്കെതിരെ ശക്തമായി രംഗത്തെത്തി. ഇത് ഭരണ അട്ടിമറിയാണെന്ന് ഭരണകക്ഷി അന്നഹ്ദ ആരോപിച്ചു. തിങ്കളാഴ്ച പാര്‍ലമെന്‍റ് സ്പീക്കറും അന്നഹ്ദ പാര്‍ട്ടി നേതാവുമായ റാച്ചദ് ഘന്നൂച്ചി പാര്‍ലമെന്‍റില്‍ എത്തുകയും സഭ കൂടുമെന്ന് അറിക്കുകയും ചെയ്തു. എന്നാല്‍ പാര്‍ലമെന്റ് പിരിച്ച്‌ വിട്ടതിന് പിന്നാലെ കെട്ടിടത്തിന് പുറത്ത് നിലയുറപ്പിച്ചിരുന്ന സൈന്യം അദ്ദേഹത്തെ പാര്‍ലമെന്റ് കെട്ടിടത്തിനുള്ളില്‍ പ്രവേശിപ്പിച്ചില്ല. ഇതിനെ തുടര്‍ന്ന് സെഇദ് അനുയായികള്‍ക്കെതിരെ അന്നഹ്ദ പാര്‍ട്ടിയുടെ അനുയായികളും ഏറ്റുമുട്ടി.

പ്രസിഡന്‍റ് കൈസ് സഈദിന്റെ അട്ടിമറി നീക്കത്തില്‍ പ്രതിഷേധിച്ച്‌ പാര്‍ലമെന്‍റിലെ മറ്റു രണ്ട് പ്രധാന പാര്‍ട്ടികളായ ഹാര്‍ട്ട് ഓഫ് ടുണീഷ്യയും കരാമയും അന്നഹ്ദയില്‍ ചേര്‍ന്നു.

പ്രസിഡന്റിന്റെ പുതിയ പ്രഖ്യാപനത്തിന് ശേഷം ജനം തെരുവുകളില്‍ ആഹ്ലാദ പ്രകടനം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പ്രതിഷേധവും തുടര്‍ ആഹ്ലാദ പ്രകടനങ്ങളും പ്രസിഡന്റിന്റെ അധികാരം പിടിച്ചെടുക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമാണെന്ന് അന്നഹ്ദ പാര്‍ട്ടി നേതാക്കള്‍ ആരോപിച്ചു. രാജ്യത്തിനിറെ പരമാധികാരം പ്രസിഡന്റിനും പ്രധാനമന്ത്രിക്കും പാര്‍ലമെന്റിനുമിടയില്‍ വിഭജിച്ചുനല്‍കുന്നതാണ് ടുണീഷ്യന്‍ ഭരണഘടന. പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ ചേര്‍ന്ന അടിയന്തര യോഗത്തിന് ശേഷമാണ് പാര്‍ലമെന്റ് പിരിച്ചുവിടുകയാണെന്ന പ്രസിഡന്റിന്റെ പ്രഖ്യാപനം. ഇതോടൊപ്പം പാര്‍ലമന്റ് അംഗങ്ങള്‍ക്ക് നല്‍കിയ സംരക്ഷയും അറസ്റ്റ് ചെയ്യപ്പെടാതിരിക്കാനുള്ള നിയമപരിരക്ഷയും പിന്‍വലിച്ചിട്ടുണ്ട്.

പാര്‍ലമെന്റും പ്രസിഡന്റും 2019ലെ രണ്ട് വ്യത്യസ്ത തെരഞ്ഞെടുപ്പുകളിലാണ് തെരഞ്ഞെടുക്കപ്പെട്ടത്. ചുരുങ്ങിയ കാലം മാത്രം ഭരണം നടത്തിയ ആദ്യ മന്ത്രിസഭ അധികാരമൊഴിഞ്ഞ ശേഷം കഴിഞ്ഞ വര്‍ഷമാണ് ഹിഷൈം മിഷൈഷിയുടെ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭ അധികാരമേറ്റത്. ഈ സര്‍ക്കാറിനെ പിരിച്ചുവിടുമെന്ന് പ്രസിഡന്റ് നേരത്തെ പലവട്ടം മുന്നറിയിപ്പ് നല്‍കിയിരുന്നു.

1.2 കോടി ജനസംഖ്യയുള്ള ടുണീഷ്യയില്‍ കൊവിഡ് സാഹചര്യംകൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ വന്‍ പരാ‌ജയമെന്ന് ആരോപിച്ച്‌ പതിനായിരങ്ങളാണ് കഴിഞ്ഞ ദിവസം തെരുവിലിറങ്ങിയത്. ‘ജൂലൈ 25 പ്രസ്ഥാനം’ എന്ന പേരില്‍ പുതുതായി രൂപംനല്‍കിയ സംഘടനയാണ് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നത്. രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 64ാം വാര്‍ഷികദിനത്തില്‍ ആരംഭിച്ച പ്രതിഷേധം രാജ്യവ്യാപകമായ വിപ്ലവമാകാനുള്ള സാദ്ധ്യത ശക്തമാകുന്നതിനിടെയാണ് പ്രസിഡന്റിന്റെ പുതിയ നീക്കം.
” ഭരണഘടന അനുസരിച്ച്‌ പാര്‍ലമെന്‍റ് പിരിച്ചുവിടാന്‍ അനുവാദമില്ലെങ്കിലും അടിയന്തിര ഘട്ടത്തില്‍ താല്‍ക്കാലികമായി പാര്‍ലമെന്‍റ് നിര്‍ത്തിവെക്കാന്‍ ആര്‍ട്ടിക്കിള്‍ 80 പ്രകാരം കഴിയും. ടുണീഷ്യന്‍ ഭരണകൂടത്തെയും ടുണീഷ്യന്‍ ജനതയെയും രക്ഷിക്കാന്‍ ഈ തീരുമാനം അത്യാവശ്യമായിരുന്നു. ആരെങ്കിലും രാജ്യത്ത് ആയുധമെടുത്ത് വെടിയുതിര്‍ത്താല്‍ ,സായുധസേനയുടെ വെടിയുണ്ടകള്‍ നിങ്ങളോട് പ്രതികരിക്കും ”

ടുണീഷ്യന്‍ പ്രസിഡന്റ് കെയ്സ് സെഇദ്