തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം അതിരൂക്ഷം. മൂന്ന് ജില്ലകളില്‍ ഇന്ന് കുത്തിവയ്പ് ഇല്ല. തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍ ജില്ലകളിലാണ് വാക്‌സിന്‍ സ്‌റ്റോക്ക് തീര്‍ന്നത്.പത്തനംതിട്ട, കോട്ടയം, തൃശൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ കോവാക്‌സിന്‍ മാത്രമാണുള്ളത്.

നിലവില്‍ കോഴിക്കോട് 1000 ഡോസ് വാക്സിന്‍ മാത്രമേയുള്ളൂ. മറ്റ് ജില്ലകളിലും വാക്‌സിന്‍ സ്റ്റോക്ക് കുറവാണ്.നിലവിലെ സാഹചര്യത്തില്‍ നാളെ കുത്തിവയ്പ് പൂര്‍ണമായും മുടങ്ങും. വ്യാഴാഴ്ച കൂടുതല്‍ വാക്സിന്‍ എത്തിക്കുമെന്നാണ് കേന്ദ്രം നേരത്തെ അറിയിച്ചിരുന്നത്. അടുത്തമാസം 60 ലക്ഷം ഡോസ് വാക്‌സിന്‍ വേണ്ടി വരുമെന്നാണ് അരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍.

കഴിഞ്ഞ ശനിയാഴ്ച 1522 വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ നിന്നായി നാല് ലക്ഷത്തി അമ്ബത്തി മൂവായിരത്തി മുന്നൂറ്റി മുപ്പത്തി ഒമ്ബത് പേര്‍ക്ക് വാക്സിന്‍ നല്‍കിയിരുന്നു. അതേസമയം സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ ഇന്ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ അവലോകന യോഗം ചേരും.