ഗസാ സിറ്റി: ഇസ്രായേലിനെതിരെ മുന്നറിയിപ്പുമായി ഹമാസ്. ഗസ മുനമ്ബില്‍ അന്യായ ഉപരോധം ശക്തിപ്പെടുത്താനുള്ള ഇസ്രായേല്‍ നീക്കത്തിനെതിരേ ശക്തമായ മുന്നറിയിപ്പുമായാണ് ഫലസ്തീന്‍ വിമോചന പ്രസ്ഥാനമായ ഹമാസ് രംഗത്ത് എത്തിയത്. ഉപരോധം കടുപ്പിക്കുന്നത് ഫലസ്തീനികളെ ഇസ്രായേല്‍ അധിനിവേശത്തിനെതിരായ പോരാട്ടത്തിലേക്ക് നയിക്കുമെന്ന് ഹമാസ് നേതൃത്വം മുന്നറിയിപ്പ് നല്‍കി.

‘അടുത്തിടെ ഗസയില്‍ നടന്ന പോരാട്ടത്തിന്റെ ഫലം ഇസ്രായേല്‍ മറക്കരുത്. മുനമ്ബിനെ പുനര്‍നിര്‍മിക്കുന്നതിനും ഗസാ ഉപരോധം എടുത്തുകളയുന്നതില്‍ ഇസ്രായേല്‍ കാണിക്കുന്ന വിമുഖത ഫലസ്തീനികള്‍ സഹിക്കില്ല’- അബ്ദുല്ലത്വീഫ് അല്‍ ഖാനൂ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു

ഈജിപ്ഷ്യന്‍ മധ്യസ്ഥതയില്‍ ഹമാസും ഇസ്രായേല്‍ അധിനിവേശ അധികാരികളും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന പരോക്ഷമായ ചര്‍ച്ചകളില്‍ ഇപ്പോഴും വലിയ അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ചര്‍ച്ചകളില്‍ തടവുകാരുടെ കൈമാറ്റത്തിനുള്ള നിബന്ധനകളും മെയിലെ ഇസ്രായേല്‍ ബോംബാക്രമണത്തില്‍ തകര്‍ന്ന ഗസയുടെ പുനര്‍നിര്‍മാണത്തിന് ഗസയിലേക്ക് ഫണ്ട് എത്തിക്കുന്നതുമുള്‍പ്പെടെയുള്ള കാര്യങ്ങളാണ് പ്രധാനമായും ഉയരുന്നത്.