കുവൈത്ത്​ സിറ്റി: ആഗസ്​റ്റ്​ ഒന്നുമുതല്‍ വിദേശികള്‍ക്ക്​ പ്രവേശന വിലക്ക്​ ഉണ്ടാകില്ലെന്ന്​ മന്ത്രിസഭ വ്യക്​തമാക്കി. ഇത്​ നേരത്തെ പ്രഖ്യാപിച്ചതാണെങ്കിലും അവസാന ഘട്ടത്തില്‍ അനിശ്ചിതത്വമോ മാറ്റമോ ഉണ്ടാകുമോ എന്ന ആശങ്കയിലായിരുന്ന പ്രവാസികള്‍ക്ക്​ തിങ്കളാഴ്​ചത്തെ മ​ന്ത്രിസഭ പ്രഖ്യാപനം ആശ്വാസമായി. മന്ത്രിസഭ പ്രഖ്യാപനത്തിന്​ ശേഷം ടിക്കറ്റ്​ എടുത്താല്‍ മതിയെന്ന്​ നേരത്തെ ഇന്ത്യന്‍ എംബസി നിര്‍ദേശം നല്‍കിയിരുന്നു. അംഗീകൃത വാക്​സിന്‍ രണ്ട്​ ഡോസ്​ എടുത്തിരിക്കണമെന്നും കുവൈത്തില്‍ ഇഖാമയുണ്ടായിരിക്കണമെന്നുമാണ്​ നിബന്ധ​ന വെച്ചിട്ടുള്ളത്​. യാത്രക്ക്​ 72 മണിക്കൂര്‍ മുമ്ബ്​ സമയപരിധിയില്‍ പി.സി.ആര്‍ പരിശോധന നടത്തി കോവിഡ്​ മുക്​തി തെളിയിക്കണം. ഫൈസര്‍, മോഡേണ, ആസ്​ട്രസെനക, ജോണ്‍സന്‍ ആന്‍ഡ്​ ജോണ്‍സന്‍ എന്നീ വാക്​സിനുകളാണ്​ കുവൈത്ത്​ അംഗീകരിച്ചിട്ടുള്ളത്​. ജോണ്‍സന്‍ ആന്‍ഡ്​ ജോണ്‍സന്‍ വാക്​സിന്‍ ഒറ്റ ഡോസ്​ ആണ്​. ഇന്ത്യയില്‍ വിതരണം ചെയ്യുന്ന കോവിഷീല്‍ഡ്​ വാക്​സിന്‍ ആസ്​ട്രസെനകയാണ്​.