എഡിജിപി വിജയ് സാഖറെയുടെ പേരിൽ വ്യാജ അക്കൗണ്ട് നിർമിച്ച് തട്ടിപ്പ് നടത്തിയവർ പിടിയിൽ. ഉത്തർപ്രദേശ് സ്വദേശികളായ മുഷ്താഖ് ഖാൻ (32), നിസാർ (22) എന്നിവരെയാണ് മഥുര പൊലീസിൻ്റെ സഹായത്തോടെ കൊച്ചി സിറ്റി സൈബർ ക്രൈം പൊലീസ് പിടികൂടിയത്. മഥുര ചൗക്കി ബംഗാറിലെ മാക് പബ്ലിക് സ്‌കൂൾ പ്രിൻസിപ്പലും ഉടമയും പൊതുമേഖലാ ബാങ്കിന്റെ ബാങ്ക് മിത്ര ജീവനക്കാരനുമാണ് മുഷ്താഖ് ഖാൻ.

ഉത്തർപ്രദേശിൽ 11 ദിവസം തങ്ങി തട്ടിപ്പുകാരെ നിരീക്ഷിച്ചതിനു ശേഷമാണ് കൊച്ചി സിറ്റി സൈബർ ക്രൈം പൊലീസ് പ്രതികളെ പിടികൂടിയത്. കൊച്ചി സൈബർ സെല്ലിൽ നിന്ന് അന്വേഷണ സംഘത്തിന് പ്രതികളുടെ ലൊക്കേഷൻ സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചിരുന്നു. ആദ്യ ഘട്ടത്തിൽ മഥുരയിലെ ചൗക്കി ബംഗാർ ഗ്രാമത്തിലെത്തി അന്വേഷണങ്ങൾ നടത്തിയെങ്കിലും പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിരുന്നില്ല. എന്നാൽ, അന്വേഷണം കൂടുതൽ ശക്തമാക്കിയ പൊലീസ് ഇവരുടെ താവളം കണ്ടെത്തി. 11ആം നാൾ പുലർച്ചെ പ്രതികളുടെ താവളത്തിലെത്തിയ പൊലീസ് അവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

സൈബർ കുറ്റകൃത്യങ്ങൾക്ക് കുപ്രസിദ്ധമായ സ്ഥലമാണ് ചൗക്കി ബംഗാർ. 18 വയസ്സിൽ താഴെയുള്ള നിരവധി പേർ തട്ടിപ്പു സംഘത്തിൽ ഉണ്ട്. കേസായാലും അറസ്റ്റ് ചെയ്യില്ലെന്ന് ഇവരെ പറഞ്ഞുവിശ്വസിപ്പിച്ചിരിക്കുകയാണ്. ഈ കുട്ടികൾക്ക് സംഘത്തലവൻ കമ്മീഷൻ നൽകും. കുട്ടികളുടെ പക്കൽ നിരവധി സിമ്മുകൾ ഉണ്ട്. തട്ടിപ്പ് സംഘങ്ങളുടെ പക്കൽ നാടൻ തോക്ക് അടക്കമുള്ള ആയുധങ്ങളും ഉണ്ട്. അതുകൊണ്ട് തന്നെ പൊലീസുകാർക്ക് നിരായുധരായി ഗ്രാമത്തിലേക്ക് പോവാനാവില്ല.

ഗ്രാമത്തിലെ നിരക്ഷരരായ ഒട്ടേറെയാളുകളുടെ പേരിൽ ബാങ്കിൽ അക്കൗണ്ട് ആരംഭിക്കുകയും അതിൽ സ്വന്തം ഫോൺ നമ്പറുകൾ മുഷ്താഖ് ലിങ്ക് ചെയ്യുകയും ചെയ്തിരുന്നു. ഈ അക്കൗണ്ടുകൾ വഴി യുപിഐ അക്കൗണ്ടുകൾ തുറന്നായിരുന്നു തട്ടിപ്പ്. പണം ആവശ്യപ്പെട്ട് മെസേജ് അയച്ച ഫേസ്ബുക്ക് അക്കൗണ്ട് വിവരങ്ങളും പണം അയക്കാൻ ആവശ്യപ്പെട്ട യുപിഐ നമ്പരും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളിലേക്കെത്തിയത്.

ഇൻസ്പെക്ടർ കെ.എസ്. അരുൺ, സീനിയർ സി.പി.ഒ. എസ്. രമേശ്, ഇ.കെ. ഷിഹാബ്, സി.പി.ഒ. പി. അജിത് രാജ്, ആർ. അരുൺ എന്നിവരടങ്ങിയ സംഘമാണ് പ്രതികളുടെ ഡിവൈസ് ലൊക്കേഷൻ കേന്ദ്രീകരിച്ച് ഉത്തർപ്രദേശിലെത്തിയത്.