സംഘർഷം നിലനിൽക്കുന്ന അസം-മിസോറാം അതിർത്തിയിൽ വീണ്ടും ഏറ്റുമുട്ടൽ നടന്നതായി റിപ്പോർട്ട്. അസമിലെ ചാച്ചാർ ജില്ലയും മിസോറാമിലെ കോലാസിബ് ജില്ലയും അതിർത്തി പങ്കിടുന്ന പ്രദേശത്താണ് സംഘർഷമെന്നാണ് വിവരം. വെടിവയ്പ് നടന്നതായും സർക്കാർ വാഹനങ്ങൾ അഗ്നിക്കിരയാക്കിയതായും വാർത്തയുണ്ട്. അക്രമം അവസാനിപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇടപെട്ടതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

അസം, മിസോറാം സംസ്ഥാനങ്ങൾ തമ്മിൽ വർഷങ്ങളായി അതിർത്തി തർക്കവും അതിന്റെ ഭാഗമായുള്ള സംഘർഷങ്ങളും നിലനിൽക്കുന്നുണ്ട്. അതിർത്തി കടന്നുള്ള കൈയേറ്റം തടയാനെത്തിയ അസം സർക്കാർ ഉദ്യോഗസ്ഥർക്ക് നേരെ മിസോറാമിൽ നിന്നുള്ളവരുടെ ആക്രമണമുണ്ടായെന്നാണ് ആരോപണം. സംഭവത്തിൽ പ്രതികരണവുമായി ഇരു സംസ്ഥാനങ്ങളിൽ നിന്നുമുള്ള മുഖ്യമന്ത്രിമാരും രംഗത്തെത്തി.

മിസോറാമിലേക്ക് വരികയായിരുന്ന ദമ്പതിമാരെ ചാച്ചാറിൽവച്ച് ഒരു സംഘം കൈയേറ്റം ചെയ്‌തെന്ന് മിസോറാം മുഖ്യമന്ത്രി സോറംതംഗ ട്വീറ്റ് ചെയ്തു. പ്രശ്‌ന പരിഹാരത്തിന് ഇടപെടണമെന്നാവശ്യപ്പെട്ട് അമിത് ഷായെ ടാഗ് ചെയ്താണ് സോറംതംഗ ട്വീറ്റ് ചെയ്തത്. ജനങ്ങൾ അക്രമം തുടരുമ്പോൾ തങ്ങൾ സ്ഥാപിച്ച പൊലീസ് പോസ്റ്റുകൾ എടുത്തുമാറ്റാനാണ് കോലാസിബ് എസ്പി ആവശ്യപ്പെട്ടതെന്നായിരുന്നു അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയുടെ ട്വീറ്റ്. മുഖ്യമന്ത്രിമാരുടെ ട്വീറ്റിന് പിന്നാലെ അമിത് ഷാ വിഷയത്തിൽ ഇടപെട്ടതായാണ് റിപ്പോർട്ടുകൾ.