കാബൂള്‍: താലിബാന്‍ ഭീകരരുടെ മുന്നേറ്റത്തെ തടുക്കാന്‍ ശക്തമായ പോരാട്ടത്തിന് ഒരുങ്ങി അഫ്ഗാന്‍ ഭരണകൂടം. രാജ്യമൊട്ടാകെ ഒരു മാസത്തെ കര്‍ഫ്യൂവാണ് ഇന്നുമുതല്‍ അഫ്ഗാനില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അഫ്ഗാനിലെ പകുതിയിലേറെ ജില്ലകള്‍ പടിച്ചെടുത്തുവെന്ന ഭീകര രുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഭരണകൂടം കര്‍ഫ്യൂ പ്രഖ്യാപിച്ചത്.

അമേരിക്കന്‍ സേനാ പിന്മാറ്റം ആഗസ്റ്റ് മാസത്തില്‍ പൂര്‍ത്തീകരിക്കുമെന്നാണ് ബൈഡന്‍ പ്രഖ്യാപിച്ചത്. ഇത് കണക്കുകൂട്ടിയാണ് താലിബാന്‍ വിവിധ പ്രവിശ്യകളിലെ ജില്ലകള്‍ പിടിച്ചെടുത്തുകൊണ്ട് മുന്നേറുന്നത്. പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന പ്രവിശ്യകളില്‍ ഭരണംപിടിക്കാന്‍ താലിബാന്‍ ഭീകരരെ പാക് സൈന്യം സഹായിക്കുന്നുവെന്ന ആരോപണം അഫ്ഗാന്‍ ഭരണകൂടം ഉന്നയിച്ചിരിക്കുന്നു.

അഫ്ഗാന്‍ ഭരണകൂടം നടത്തുന്ന പ്രതിരോധങ്ങളില്‍ എല്ലാ സൈനിക പിന്തുണയും നല്‍കു മെന്നാണ് അമേരിക്ക അറിയിച്ചിട്ടുള്ളത്. കഴിഞ്ഞ ആഴ്ചകളില്‍ താലിബാന്‍ മേഖലകളില്‍ അഫ്ഗാന്‍ സൈന്യം നടത്തിയ മുന്നേറ്റത്തില്‍ അമേരിക്കന്‍ വ്യോമസേനയും പങ്കെടുത്തിരുന്നു.