കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ രാജിവച്ചു. ഉടൻ ഗവർണറെ കാണും. സർക്കാരിന്റെ രണ്ടാം വർഷം പൂർത്തിയാകുന്ന ചടങ്ങിലാണ് രാജി പ്രഖ്യാപനം. വിതുമ്പി കരഞ്ഞുകൊണ്ടായിരുന്നു രാജി പ്രഖ്യാപനം.

അതേസമയം, മക്കളായ ബി വൈ വിജയേന്ദ്രയെയും ,ബി വൈ രാഘവേന്ദ്രയെയും പാർട്ടിയിലും മന്ത്രിസഭയിലും പരിഗണിക്കണമെന്ന് യെദ്യൂരപ്പ മുന്നോട്ടുവച്ച പ്രധാന ആവശ്യത്തോട് കേന്ദ്ര നേതൃത്വം അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് വിവരം. ലിംഗായത്ത് സമുദായത്തിൽ നിന്ന് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനെതിരെ ബിഎസ് യെദ്യൂരപ്പ രംഗത്തുണ്ട്.

ബസവരാജെ ബോമേ,സി ടി രവി ,പ്രഹ്ലാദ് ജോഷി എന്നിവരുടെ പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നത് . എന്നാൽ കർണാടക മുഖ്യമന്ത്രി ആയേക്കുമെന്ന വാർത്തകൾ പ്രഹ്ലാദ് ജോഷി തള്ളി. സംസ്ഥാനത്ത് നിന്നുള്ള മന്ത്രി മുരുകേഷ് നിരാനി ഡൽഹിയിൽ തുടരുകയാണ്. നിരാനിക്ക് തന്നെയാണ് സാധ്യത കൂടുതലും.

യെദ്യൂരപ്പയെ മാറ്റിനിർത്തി 2023 നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള സംസ്ഥാനത്തെ ഒരു വിഭാഗം ബിജെപി നേതാക്കളുടെ നീക്കമാണ് കർണാടകയിലെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായത്.