ഓസ്റ്റിന്‍: അമേരിക്കന്‍ ശാസ്ത്ര ഇതിഹാസം സ്റ്റീവന്‍ വെയ്ന്‍ബെര്‍ഗ് ഇനി ഓര്‍മ. 88 ാം വയസ്സിലാണ് അന്തരിച്ചത്. നൊബേല്‍ പുരസ്ക്കാര ജേതാവാണ്. ഭൗതിക ശാസ്ത്രത്തിലെ പ്രസിദ്ധമായ ഏകീകൃത ഫീല്‍ഡ് സിദ്ധാന്തത്തിന്റെ ഉപജ്ഞാതാക്കളിലൊരാളാണ്.

1979 – ലെ ഫിസിക്സ് നൊബേല്‍ പുരസ്കാരം അബ്ദസ് സലാം ഷെല്‍ഡന്‍ ഗ്ലാഷോ എന്നിവരുമായി പങ്കുവെച്ചു. വിദ്യുത്കാന്തിക ബലം ദുര്‍ബ്ബല ന്യൂക്ലിയര്‍ ഫോഴ്സ് എന്നിവയെ സംബന്ധിച്ച സിദ്ധാന്തങ്ങള്‍ ഏകീകരിച്ച്‌ ഒരൊറ്റ സിദ്ധാന്തം അവതരിപ്പിച്ചതിനായിരുന്നു പുരസ്കാരം ലഭിച്ചത്.

1957ല്‍ പ്രിന്‍സ്റ്റന്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് ഭൗതികശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. ക്വാണ്ടം ഫീല്‍ഡ് സിദ്ധാന്തം, ആപേക്ഷികതാ സിദ്ധാന്തം, കോസ്മോളജി എന്നിവയെ സംബന്ധിച്ച്‌ അദ്ദേഹം എഴുതിയ പുസ്തകങ്ങള്‍ ലോകമെമ്ബാടുമുള്ള വിദ്യാര്‍ത്ഥികള്‍ ഏറെ വിലമതിക്കുന്നു.

വിദഗ്ധര്‍ക്കു മാത്രം മനസ്സിലാകുന്ന സങ്കീര്‍ണ സമവാക്യങ്ങള്‍ നിറഞ്ഞ ഗവേഷണസൃഷ്ടികള്‍ മാത്രമല്ല, ജനപ്രിയ ശാസ്ത്രരചനകളും അദ്ദേഹം ലോകത്തിന് സംഭാവന ചെയ്തു. പ്രപഞ്ചോല്‍പത്തിയെക്കുറിച്ചുള്ള ദ് ഫസ്റ്റ് ത്രീ മിനിറ്റ്സ് (1977) എന്ന പുസ്തകം ശാസ്ത്രവിശാരദന്മാര്‍ക്കു മാത്രമല്ല, സാധാരണക്കാര്‍ക്കും പ്രിയങ്കരമായി മാറി.

ഇന്ത്യ ഉള്‍പ്പടെയുള്ള വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും ശാസ്ത്ര പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. തികഞ്ഞ ശാസ്ത്ര ബോധം പുലര്‍ത്തുകയും അതു പ്രചരിപ്പിക്കുകയും ചെയ്ത അദ്ദേഹത്തിന്‍്റെ മരണം ശാസ്ത്ര ലോകത്തിന് ഒരു വലിയ നഷ്ടമാണ്.