നമ്മുടെ വ്യവസ്ഥകളിലും, ധര്‍മ്മശാസ്ത്രങ്ങളിലും അപൂര്‍ണ്ണതയുടെ ചാപ്പകുത്തി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടു പോയവരുടെ അസ്തിത്വ വ്യഥകളുടെയും ജീവിത പോരാട്ടങ്ങളുടെയും കഥ ചലച്ചിത്രമാക്കുകയാണ് സംവിധായകന്‍ പ്രദീപ് ചൊക്ലി.

പ്രദക്ഷിണം, ഇംഗ്ലിഷ് മീഡിയം, പേടി തൊണ്ടന്‍ തുടങ്ങിയ തന്‍്റെ മുന്‍ സിനിമകളിലെ പോലെ തന്നെ പുതിയ ചിത്രത്തിലും മറ്റൊരു സാമുഹ്യ വിഷയമാണ് പ്രദീപ് പറയുന്നത്. തന്‍്റെ അസ്തിത്വ പൂര്‍ണതക്ക് വേണ്ടി ട്രാന്‍സ്ജന്‍ഡറായ അനന്യ കുമാരി അലക്സ് നടത്തിയ ജീവിത സമരങ്ങളാണ് തന്റെ പുതിയ ചിത്രത്തിന് ആധാരം എന്ന് സംവിധായകന്‍. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ലിംഗമാറ്റ ശസ്ത്രക്രീയയ്ക്ക് വിധേയയായ അനന്യ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് നേരിട്ടിരുന്നത്. ഏറെ നേരം എഴുന്നേറ്റ് നിന്ന് ജോലി ചെയ്യുന്നതിന് പോലും അനന്യയ്ക്ക് സാധിച്ചിരുന്നില്ല. ശസ്ത്രക്രിയയിലെ പിഴവാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് അനന്യ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അവരെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

2020 ലാണ് അനന്യയുടെ ലിംഗ മാറ്റ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ എന്ന പേരില്‍ തന്റെ ലിംഗഭാഗത്തെ വെട്ടിക്കീറുകയാണ് ഡോക്ടര്‍ ചെയ്തതെന്ന് അനന്യ തുറന്നു പറഞ്ഞിരുന്നു. അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ ഈ പിഴവ് തന്റെ എത്രമാത്രം ഗുരുതരമായി ബാധിച്ചു എന്ന് അനന്യ വ്യക്തമാക്കിയിരുന്നു. തെറ്റായി ചെയ്ത ലിംഗ മാറ്റ ശസ്ത്രക്രിയ മൂലം ശാരീരികമായ കടുത്ത ബുദ്ധിമുട്ടുകളാണ് ഒരു വര്‍ഷത്തിലേറെയായി അനന്യ നേരിട്ടിരുന്നത്.

കഴിഞ്ഞ ആഴ്ച രാത്രിയാണ് അനന്യയെ ഫ്ളാറ്റില്‍ തൂങ്ങമരിച്ച നിലയില്‍ കണ്ടെത്തിയത്. അനന്യയ്‌ക്കൊപ്പം ഒരു സുഹ്യത്തും ഫ്ലാറ്റില്‍ ഉണ്ടായിരുന്നു. ഇവര്‍ ഭക്ഷണം വാങ്ങാന്‍ പുറത്ത് പോയപ്പോഴാണ് ആത്മഹത്യ ചെയ്തത്. ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തില്‍ നിന്ന് ആദ്യമായി നിമയസഭ തെരെഞ്ഞെടുപ്പില്‍ മത്സരരംഗത്ത് എത്തിയത് അനന്യയാണ്. വേങ്ങര മണ്ഡലത്തില്‍ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി പ്രചരണം ആരംഭിച്ചെങ്കിലും പിന്നീട് മത്സരരംഗത്ത് നിന്ന് പിന്‍മാറുകയായിരുന്നു. കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്റര്‍ റേഡിയോ ജോക്കികൂടിയായിരുന്നു അനന്യ. കൊല്ലം പെരുമണ്‍ സ്വദേശിയാണ്.

അനന്യയുടേത് ആത്മഹത്യയാണെന്നാണ് പോസ്റ്റ്മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. കഴുത്തില്‍ കയര്‍ മുറുകിയുണ്ടായതല്ലാതെ ദേഹത്ത് മറ്റ് പരിക്കുകള്‍ ഉണ്ടായിരുന്നില്ല.

സിനിമയില്‍ അനന്യയായി ഒരു ട്രാന്‍സ്ജെഡര്‍ തന്നെ വേഷമിടുന്നു. ഒപ്പം, മലയാളത്തിലെ പ്രമുഖ താരങ്ങളും അഭിനയിക്കുന്ന ഈ സിനിമയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. വാര്‍ത്താ പ്രചരണം- എ.എസ്. ദിനേശ്.