ദേശിയ രാഷ്ട്രീയത്തിൽ ചുവട് ഉറപ്പിയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായുള്ള മമതാ ബാനർജിയുടെ ഡൽഹി സന്ദർശനം ഇന്ന് ആരംഭിക്കും. ഈ മാസം 30 വരെയാണ് മമതാ ബാനർജി ഡൽഹിയിൽ ഉണ്ടാകുക. സോണിയാ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന അവർ കർഷക സമര വേദികളിലും സന്ദർശനത്തിന് എത്തും.

2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് മമതാ ബാനർജി ഡൽഹിയിൽ എത്തുന്നത്. പ്രതിപക്ഷ പാർട്ടികളുടെ ഐക്യം ശക്തമാക്കുക എന്ന വിഷയത്തിൽ കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാർട്ടിയുടെ നേതാക്കളുമായും മമത ചർച്ചകൾ നടത്തും. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ മമതാ ബാനർജി 10 ജൻപഥിലെ വസതിയിൽ കാണും.

നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി വിരുദ്ധ സഖ്യം എന്ന സന്ദേശവുമായി മമത എഴുതിയ കത്തിനെ കോൺഗ്രസ് സ്വാഗതം ചെയ്തിരുന്നു. മമതാ ബാനർജിയുമായി സോണിയാ ഗാന്ധി ചർച്ചകൾ നടത്തുമെങ്കിലും പ്രതിപക്ഷ പാർട്ടികളുടെ നേതൃസ്ഥാനം മമതയ്ക്ക് വിട്ടുനൽകാൻ പാർട്ടി തയാറാകില്ല. പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത കൂട്ടായ്മയ്ക്ക് മറ്റൊരു പാർട്ടിക്കും ഫലപ്രദമായി നേത്യത്വം നൽകാൻ സാധിക്കില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി.

പശ്ചിമ ബംഗാൾ ഹൗസിൽ വച്ചാകും മമത പ്രതിപക്ഷ രാഷ്ട്രിയ പാർട്ടി നേതാക്കളെ കാണുന്നത്. രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും ഡൽഹി സന്ദർശനത്തിന്റെ ഭാഗമായി മമത കാണും.